വിക്ടോറിയക്കും വെസ്റ്റേൺ ഓസ്ട്രേലിയക്കും പിന്നാലെ ടാസ്‌മേനിയയിലും ദയാവധം നിയമവിധേയമാക്കാനുള്ള ബിൽ പാസായി. ബിൽ ടാസ്മേനിയൻ പാർലമെന്റിൽ പാസായി. ദയാവധം നിയമവിധേയമാകുന്ന ഓസ്ട്രേലിയയിലെ മൂന്നാമത്തെ പ്രദേശമാണ് ടാസ്‌മേനിയ.നിയമം പാസായ ടാസ്‌മേനിയയിൽ പതിനെട്ട് മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.

ആറിനെതിരെ പതിനാറ് വോട്ടുകൾക്ക് പാസായ ഈ ബില്ലിനെ പിന്തുണച്ച ചുരുക്കം ലിബറൽ പാർട്ടി നേതാക്കളിൽ സംസ്ഥാന പ്രീമിയർ പീറ്റർ ഗട്ട് വെയ്നും ഉൾപ്പെടുന്നു. ദയാവധം നിയമവിധേയമാക്കുന്നതിനുള്ള ബിൽ ടാസ്‌മേനിയൻ പാർലമെന്റിന്റെ അധോസഭയിൽ മാർച്ച് അഞ്ചിന് പാസായിരുന്നു.

സംസ്ഥാന പാർലമെന്റിൽ നാല് തവണ ഈ ബിൽ അവതരിപ്പിച്ചതിന് ശേഷമാണ് ബില്ല് പാസായിരിക്കുന്നത്. നിയമനിർമ്മാണ സമിതിയായ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ ദയാവധം നിയമവിധേയമാക്കുന്നതിനുള്ള ബില്ലിനെ പിന്തുണക്കുന്നതായി അറിയിച്ച ശേഷമാണ് ബിൽ പാസായത്.

ദയാവധത്തിന് നിയമപരമായ അനുമതിക്ക് ശ്രമിക്കുന്ന ഓസ്ട്രേലിയയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഒന്നാണ് ക്വീൻസ്ലാന്റ്. ദയാവധം നിയമവിധേയമാക്കാനുള്ള ബിൽ ക്വീൻസ്ലാന്റ് പാർലമെന്റിൽ 2021 മെയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 2017 നവംബറിലാണ് വിക്ടോറിയൻ സർക്കാർ ദയാവധം നിയമവിധേയമാക്കിയത്. 2019 ഡിസംബറിലാണ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിയമം പാസായത്.