- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെണ്ണൽ; തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ;കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ;വിജയാഹ്ലാദ പ്രകടനങ്ങൾ നടത്തുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം
കോഴിക്കോട്/തിരുവനന്തപുരം: വോട്ടെണ്ണൽ കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദ്ദേശം.കോഴിക്കോട് അഞ്ചിടങ്ങളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് ഇന്ന് വൈകുന്നേരം ആറുമുതൽ മറ്റന്നാൾ വൈകുന്നേരം ആറുവരെ നിരോധനാജ്ഞ. വടകര, കുറ്റ്യാടി,നാദാപുരം,പേരാമ്പ്ര, വളയം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
അതേസമയം തിരുവനന്തപുരം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ നടത്തുമ്പോൾ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 50ൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും കലളക്ടർ അഭ്യർത്ഥിച്ചു.
തിനന്തപുരം നഗര പരിധിയിൽ രണ്ടു വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. കോർപ്പറേഷന്റെ വോട്ടെണ്ണൽ നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ സർവോദയ വിദ്യാലയ ഐ.സി.എസ്.ഇ. സ്കൂളിലും പോത്തൻകോട് ബ്ലോക്കിന്റെ വോട്ടെണ്ണുന്ന കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുമാണ് നഗര പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ഇവിടങ്ങളിലേക്ക് 700 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകളായാണ് സുരക്ഷാ വിന്യാസം നടത്തിയിട്ടുള്ളത്. ഇതിനു പുറമേ പ്രശ്ന സാധ്യതാ മേഖലകളിൽ പ്രത്യേക സ്ട്രൈക്കിങ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.
നഗര പരിധിക്കു പുറത്തുള്ള 14 കൗണ്ടിങ് കേന്ദ്രങ്ങളും പൊലീസിന്റെ കർശന സുരക്ഷയിലായിരിക്കും. ഓരോ കേന്ദ്രത്തിലും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകിയാണ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. വിജയാഹ്ലാദ പ്രകടനങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഓരോ പാർട്ടികൾക്കും പ്രത്യേക സമയം നൽകും. മദ്യപിച്ചു വാഹനമോടിക്കുന്നതടക്കമുള്ള സംഭവങ്ങൾ ഒഴിവാക്കാൻ കർശന പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
ജില്ലയിലെ 16 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ പൊലീസ് സന്നാഹം ഏർപ്പെടുത്തിയതായി കലക്ടർ അറിയിച്ചു. ജില്ലയിലെമ്പാടും പൊലീസിന്റെ പ്രത്യേക പട്രോളിങ് നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്