- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎൽ 2020ന്റെ കോവിഡ് പരിശോധന പങ്കാളിയായി വിപിഎസ് ഹെൽത്ത്‌കെയർ; ടൂർണ്ണമെന്റിനുള്ള സമ്പൂർണ്ണ ആരോഗ്യ സേവന പങ്കാളിയായും വിപിഎസ് പരിഗണനയിൽ
അബുദാബി: കോവിഡ് മഹാമാരിക്കിടെ നടക്കുന്ന ക്രിക്കറ്റ്‌മേളയായ ഐപിഎൽ 2020ന്റെ കോവിഡ് പരിശോധന പങ്കാളിയായി യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്‌കെയറിനെ ബിസിസിഐ തിരഞ്ഞെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ലീഗിലെ എല്ലാ മത്സരങ്ങൾക്കും മുൻപ് വ്യാപകമായി കോവിഡ് പരിശോധനകൾ നടത്തി ഫലം ലഭ്യമാക്കുന്നതിനുള്ള പൂർണ്ണ ചുമതലകൾ വിപിഎസ് ഹെൽത്ത്‌കെയറിനായിരിക്കും. കോവിഡ് സേവനങ്ങൾക്കൊപ്പം സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ നടക്കുന്ന ടൂർണ്ണമെന്റിനുള്ള മുഴുവൻ ആരോഗ്യ സേവനങ്ങളും നൽകുന്നതിനുള്ള പങ്കാളിയായും വിപിഎസ് ഹെൽത്ത് കെയറിനെയാണ് ബിസിസിഐ പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.
ഐപിഎൽ 13-ആം എഡിഷൻ വേദിയായി യുഎഇ നിശ്ചയിച്ചതിനു ശേഷം വിവിധ ഏജൻസികളുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ഇന്ത്യൻ സംരംഭകൻ ഡോ.ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത്‌കെയറിനെ ബിസിസിഐ ഔദ്യോഗിക കോവിഡ് പരിശോധന പങ്കാളിയായി തിരഞ്ഞെടുത്തത്. വിപിഎസ് ഹെൽത്ത്‌കെയറിന് ഐപിഎൽ മത്സരങ്ങൾ നടക്കുന്ന അബുദാബി, ദുബായ്, ഷാർജ എന്നീ മൂന്ന് എമിറേറ്റുകളിലും ആശുപത്രികൾ അടക്കമുള്ള വിപുലമായ സന്നാഹങ്ങളുണ്ട്. യുഎഇയിലെ വിപുലമായ ശൃംഖലയും മാനുഷിക ശേഷിയും കോവിഡ് പരിശോധന, ചികിത്സാ രംഗങ്ങളിലെ അനുഭവ സമ്പത്തുമാണ് വിപിഎസിന് ഗുണകരമായത്.
ക്രിക്കറ്റ് താരങ്ങളും ഒഫീഷ്യലുകളും യുഎഇയിൽ എത്തിത്തുടങ്ങിയത് മുതൽ കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധനകൾ നടത്താനാണ് നിലവിലെ കരാർ പ്രകാരം വിപിഎസിന് ചുമതല . കോവിഡ് പകർച്ച തടയാൻ ബിസിസിഐയുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്ററിങ് പ്രോസിജറിൽ നിർദ്ദേശിക്കുന്ന ബയോ-ബബിൾ പാലിക്കുന്നതിന് ഏറെ നിർണ്ണായകമാണ് ഈ കോവിഡ് പരിശോധനകൾ. ഇതിനു പുറമെ മത്സരങ്ങൾക്കിടെ ആവശ്യമായ മെഡിക്കൽ സേവനങ്ങൾ, കളിക്കാർക്ക് ആവശ്യമായ മെഡിക്കൽ പരിചരണം, പരിശോധനകൾ എന്നിവയ്ക്കായി വിപിഎസിനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
ഐപിഎല്ലിൽ പങ്കെടുക്കുന്നവരുടെ കോവിഡ് പരിശോധനയ്ക്കായി സമഗ്ര പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നതെന്ന് വിപിഎസ്- എൽഎൽഎച്ച്, മെഡിയോർ, ലൈഫ്‌കെയർ ആശുപത്രികളുടെ സിഇഒ സഫീർ അഹമ്മദ് പറഞ്ഞു. 'ഇതിനായി മെഡിക്കൽ വിദഗ്ദരുടെ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. കായികതാരങ്ങളുടെ ശ്രവ പരിശോധന, ലക്ഷണങ്ങൾ കണ്ടെത്തിയാൽ അതിനെ നേരിടുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയ്ക്ക് ബിസിസിഐക്ക് ആവശ്യവുമായ സേവനങ്ങൾ നൽകും. വിദഗ്ദ ഡോക്ടർമാർ അടങ്ങുന്ന വിപുലമായ സംഘത്തിന് ഇതിനായി രൂപം നൽകിയിട്ടുണ്ട്.'
ഫോർമുല-1, യുഎഫ്സി ചാമ്പ്യൻഷിപ്പ്, അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ എന്നിവയ്ക്ക് മെഡിക്കൽ പിന്തുണ നൽകിയതിന്റെ അനുഭവസമ്പത്ത് ഗ്രൂപ്പിനുണ്ട്. മാത്രമല്ല കോവിഡ് മഹാമാരി തടയാനുള്ള പ്രവർത്തനങ്ങളിൽ യുഎഇ അധികൃതർക്കൊപ്പം തുടക്കം മുതൽ വിപിഎസ് ഹെൽത്ത്‌കെയർ മുന്നണിയിലുണ്ട്.