- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൂങ്കോഴി അമ്മാവന്മാരായ കവികളേ; ഞാൻ കൃഷ്ണപക്ഷക്കാരായ ആണുങ്ങളുടെ കൈകളിലേക്ക് കുഴഞ്ഞു വീഴുന്ന രാധികയല്ല'; ഒറ്റപ്പെടുന്ന സ്ത്രീകളെ സ്നേഹ വാത്സല്യങ്ങളാൽ ചേർത്തു പിടിച്ച് വിശ്വാസം നേടി പീഡനം; കോഴിക്കോട്ട് ഒരു എഴുത്തുകാരനു നേരെ കൂടി മീ ടൂ; വി ആർ സുധീഷ് വിവാദം പടരുമ്പോൾ
കോഴിക്കോട്: സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും, സമത്വത്തെക്കുറിച്ചുമൊക്കെ വാചലരാവുന്ന നമ്മുടെ എഴുത്തുകാർ, സ്വകാര്യ ഇടങ്ങളിൽ സ്ത്രീകളോട് പെരുമാറുന്നത് എങ്ങനെയാണ്. എഴുത്തുകാരൻ വി ആർ സുധീഷിനെതിരായ ആരോപണങ്ങളുടെ ചുവടുപിടിച്ച് തുടങ്ങിയ ചർച്ച സാംസ്കാരിക നായകർ എന്ന് വിളിക്കുന്ന ഒരു വിഭാഗത്തിന്റെ തിനി നിറം പുറത്തുകൊണ്ടുവരുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വ്യക്തിപരമായും തൊഴിൽപരമായും വി.ആർ. സുധീഷ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കോഴിക്കോട്ടെ പ്രസാധക ഷഹനാസ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
ഇതേ തുടർന്നാണ് സാംസ്കാരിക നായകർ നടത്തുന്ന സ്ത്രീ പീഡനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായത്. നിരവധി സ്ത്രീകൾക്കെതിരെ സുധീഷ് ലൈംഗികാതിക്രമം നടത്തിയതിന്റെ വിവരങ്ങൾ ഷഹനാസ് തന്റെ ഫേസ്‌ബുക്കിലുടെ പുറത്തുവിട്ടിരുന്നു. എന്നാൽ സുധീഷ് ശ്രീകൃ്ഷ്ണനെപ്പോലെയാണെന്ന് പറഞ്ഞ് അതിക്രമത്തെ ന്യായീരിക്കാൻ ശ്രമിക്കയാണ് കവി വി ടി ജയദേവനെപ്പോലുള്ളവർ ചെയ്തത്.
അപ്പോൾ ജയദേവൻ മോശമായി ഫോണിലൂടെ പെരുമാറിയതും, ലൈംഗികച്ചുവയോടെ സംസാരിച്ചതും ചൂണ്ടിക്കാട്ടി ഒരു വനിതാ ആക്റ്റീവിസ്റ്റ് ജയദേവന് എതിരെയും മീ ടു ആരോപണം ഉന്നയിച്ചു. ഇതേതുടർന്നുണ്ടായ ചർച്ചകളുടെയൊക്കെ ഭാഗമായി മറ്റൊരു പ്രമുഖനായ കവിയും, നാടകകൃത്തും, സാമൂഹിക പ്രവർത്തകനും, മൂൻ നക്സലൈറ്റുമായ കോഴിക്കോട്ടെ ഒരു സാംസ്കാരിക നായകനുനേരയെും ഇപ്പോൾ മീ ടു ആരോപണം ഉയർന്നിരക്കയാണ്.
'ലൈംഗിക ബന്ധത്തിനായി നിർബന്ധിച്ചു'
ഒറ്റപ്പെടുന്ന സ്ത്രീകളെ സ്നേഹ വാത്സല്യങ്ങളാൽ ചേർത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിർബന്ധിച്ച ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയാണ് ഇത്തരക്കാരുടെ രീതി എന്നാണ് വിമർശനം. കവിയും നാടകകൃത്തും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ഇയാൾ അഡ്‌മിനായ 'നിലാനടത്തം' വാട്ട്സ്ആപ്പ് ഗൂപ്പിൽ അംഗമായിരുന്ന കവയത്രി കൂടിയായ യുവതിയാണ് ആരോപണം ഉന്നയിക്കുന്നത്.
സാംസ്കാരിക നായകൻ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികബന്ധത്തിനായി പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.
'നിലാനടത്തം' വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തന്നെയാണ്, ഇതു സംബന്ധിച്ച് യുവതി കുറിപ്പിട്ടത്. ഇതോടെ ഈ ഗ്രൂപ്പ് പിരിച്ചുവിടുകയാണ് അഡ്‌മിന്മാർ ചെയ്തത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിലാഴ്‌ത്തിയെന്നും യുവതി പറയുന്നു. പരസ്പര സമ്മതമില്ലാതെ താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്ന് യുവതി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഒറ്റപ്പെടുന്ന സ്ത്രീകളെ സ്നേഹ വാത്സല്യങ്ങളാൽ ചേർത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിർബന്ധിച്ച് കാര്യം നേടുക, ആവശ്യപ്പെടാതെ തന്നെ സ്ഥാനമാനങ്ങളും സഹായങ്ങളും ചെയ്തു വില പേശുക, മറ്റെന്തൊക്കെയാണെങ്കിലും ഒരു സ്ത്രീയെ അവളുടെ ശരീരം എന്ന സാധ്യതയായി മാത്രം കാണുക, തനിക്ക് അനുകൂലമാകുന്ന സാഹചര്യത്തിൽ കൂട്ടത്തിൽ ഏറ്റവും ദുർബലരെന്ന് തോന്നുന്നവരോട് എന്ത് തോന്ന്യാസവും കാണിക്കുക, അനുഭവസ്ഥർ അവരുടെ സങ്കടങ്ങൾ വളരെ പ്രയാസത്തോടെ പറയാൻ ശ്രമിക്കുമ്പോൾ മറ്റ് ഉന്നത കുടുംബങ്ങളിൽ നിന്നും ഇത്തരം പരിപാടികൾക്ക് വന്ന സ്ത്രീകൾക്കുണ്ടാവുന്ന അപമാനത്തെക്കുറിച്ച് യാതൊരുവിധ ഔചിത്യവുമില്ലാതെ സവർണ ബോധത്തോടെ സംസാരിക്കാൻ കഴിയുക ഇങ്ങനെയുള്ളവരോടുള്ള, ഇത്തരം ഏർപ്പാടുകളോടും നിലപാടുകളോടുമുള്ള തന്റെ വിയോജിപ്പുകൾ അറിയിക്കുന്നതായും യുവതി കുറിപ്പിൽ പറയുന്നു.
സ്ത്രീയുടെ ശരീരത്തിൽ ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുന്ന പുരുഷന്മാരോട്, സ്വതന്ത്ര ചിന്തയുള്ള സ്തീകളെ മോശമായ രീതിയിൽ സമീപിക്കുന്ന പുരുഷന്മാരോട് യാതൊരു പ്രിവിലേജുമില്ലാത്ത ഒരു സ്ത്രീ നടത്തുന്ന കലഹമാണിത്. ഒരു പുരുഷന് ഒരു സ്ത്രീയെ ഏതു സാഹചര്യത്തിലും 'ട്രൈ' ചെയ്യാമത്രെ. സ്വന്തം കുടുംബത്തിലെ അമ്മയെയും മകളെയും പെങ്ങളെയുമൊക്കെ നിങ്ങൾ ചെയ്യുമോ എന്നും യുവതി ചോദിക്കുന്നു. നിലാനടത്തത്തിലെ പൂങ്കോഴി അമ്മാവന്മാരായ കവികളേ, താൻ കൃഷ്ണപക്ഷക്കാരായ ആണുങ്ങളുടെ കൈകളിലേക്ക് കുഴഞ്ഞു വീഴുന്ന രാധികയല്ല- എന്നും യുവതി വ്യക്തമാക്കുന്നു.
വക്കീൽ നോട്ടീസ് അയച്ച് വി ആർ സുധീഷ്
അതിനിടെ തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപവാദപ്രചചരണം നടത്തിയയെന്ന് ആരോപിച്ച് യുവ പ്രസാധക ഷഹനാസിനെതിരെ വി ആർ സുധീഷ് വക്കീൽ നോട്ടീസ് അയച്ചു. തെറ്റായ ആരോപണങ്ങൾ പിൻവലിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ 15 ദിവസത്തിനുള്ളിൽ മാപ്പുപറയണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. 25 ലക്ഷം രൂപ മാനനഷ്ടമായി നൽകണമെന്നും അഡ്വക്കേറ്റ് പി രാജേഷ് കുമാർ മുഖേന നൽകിയ വക്കീൽ നോട്ടീസിൽ വി ആർ സുധീഷ് ആവശ്യപ്പെടുന്നു. ഇരു ആവശ്യങ്ങളും അംഗീകരിച്ചില്ലെങ്കിൽ ഷഹനാസിന് എതിരെ സിവിൽ ആയും ക്രിമിനലായും നിയമനടപടികൾ സ്വീകരിക്കുമെന്ന് വി ആർ സുധീഷ് അറിയിച്ചു .
നാലു പതിറ്റാണ്ടായി സാംസ്‌കാരിക സാഹിത്യ സാമൂഹിക മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് താൻ. അല്ലിയാമ്പൽ കടവ് എന്ന തന്റെ പുസ്തകത്തിന്റെ റോയൽറ്റി എഗ്രിമെന്റ് വേണമെന്ന് യുവ പ്രസാധകയോട് ആവശ്യപ്പെട്ടതാണ് അപവാദ പ്രചാരണത്തിന് കാരണം. പ്രസാധകയുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണങ്ങൾ കണ്ട് മുതിർന്ന എഴുത്തുകാർ ഉൾപ്പെടെയുള്ള നിരവധിപ്പേർ തന്നെ വിളിച്ചിരുന്നു. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കിയതായി നോട്ടീസിൽ വി ആർ സുധീഷ് പറയുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ