ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ഗൗതമി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വൃത്തം എന്ന് പേരിട്ടു. സണ്ണി വെയ്ൻ നായകനാകുന്ന ചിത്രത്തിൽ ദുർഗാ കൃഷ്ണയാണ് നായികാവേഷം അവതരിപ്പിക്കുന്നത്.

അനൂപ് മേനോൻ, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങൾ. തിരുവനന്തപുരമാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ട്രിവാൻഡ്രം ടാക്കീസിന്റെ ബാനറിൽ ഒലിവിയ സൈറ റൈജുവാണ് ചിത്രം നിർമ്മിക്കുന്നത്. കെ.എസ്. അരവിന്ദ്, ഡാനിയേൽ സായൂജ് നായർ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്നു. ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിതെന്ന് ഗൗതമി നായർ വ്യക്തമാക്കി.

ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ 'സെക്കൻഡ് ഷോ'യിലൂടെ ഗൗതമി നായർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഗൗതമിയുടെ രണ്ടാമത്തെ ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ദുബായിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന തമിഴ്‌നാട്ടുകാരി നഴ്സ് ആയിട്ടായിരുന്നു ചിത്രത്തിൽ ഗൗതമി വേഷമിട്ടത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകൻ.

മോഹൻലാൽ, സണ്ണി വെയ്ൻ, ഭരത്, ടൊവിനോ തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കൂതറ'യിലും ഗൗതമി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ചാപ്റ്റേഴ്സ്, ക്യാമ്പസ് ഡയറി എന്നീ സിനിമകളും അവരുടേതായി പുറത്തെത്തിയിട്ടുണ്ട്.

സെക്കൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം കഴിച്ചത്. 2017ൽ ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. കൂതറ എന്ന ചിത്രത്തിന്റെ സംവിധായകനും ശ്രീനാഥ് തന്നെയായിരുന്നു