ആലപ്പുഴ: സിപിഐ(എം) സമ്മേളന വേദിയിലെ നാടകീയ സംഭവങ്ങൾ കണ്ട് സിപിഐ(എം) വിരുദ്ധരാരും സന്തോഷിക്കേണ്ട. പാർട്ടിക്ക് എതിരായി വാർത്താ സമ്മേളനം നടത്താനുള്ള തീരുമാനം വി എസ് അച്യുതാനന്ദൻ പിൻവലിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും എസ് രാമചന്ദ്രൻ പിള്ളയും നടത്തിയ നീക്കങ്ങളാണ് ഫലം കണ്ടത്. ഇതിൽ വിഎസും തൃപ്തനാണ്. ഇന്ന് എന്തായാലും വി എസ് സമ്മേളന സ്ഥലത്തേക്ക് പോകില്ല. എന്നാൽ നാളെ തീർച്ചയായും പോകുമെന്നാണ് സൂചന. ഇതോടുകൂടി സിപിഐ(എം) സമ്മേളനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുകയാണ്. വിഎസിന്റെ ഏറ്റവും അടുത്ത അനുയായിയായ ബെർലിൻ കുഞ്ഞനന്തൻ നായർ തന്നെയാണ് ഈ സൂചനകൾ മാദ്ധ്യമങ്ങൾക്ക് നൽകിയത്.

വി എസ് ക്ഷുഭിതനാണ്. പക്ഷേ പാർട്ടി പിളർത്താനോ, പാർട്ടി വിടാനോ, പുതിയ പാർട്ടിയുണ്ടാക്കാനോ, പാർട്ടിയെ തളർത്താനോ ഒന്നുമല്ല. 93 വയസ്സുള്ള ജീവിച്ചരിക്കുന്ന പാർട്ടിയുടെ ഏക സ്ഥാപകനെ സ്ഥാപിത താൽപ്പര്യവുമായി കടന്നാക്രമിച്ചു. അത് കേൾക്കാൻ വയ്യാത്തതു കൊണ്ട് മാത്രമാണ് സമ്മേളന വേദി വി എസ് വിട്ടത്. അല്ലാതെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കല്ല. പ്രകാശ് കാരാട്ടിനെ കാര്യങ്ങൾ ധരിപ്പിച്ച ശേഷമാണ് വേദി വിട്ടത്. അതിൽ മറ്റൊന്നുമില്ല. വാർത്തസമ്മേളനവും വി എസ് നടത്തില്ല. നാളെ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്-വിഎസുമായി ഫോണിൽ സംസാരിച്ച ശേഷം ബെർലിൻ കുഞ്ഞനന്തൻ നായർ വിശദീകരിച്ചു.

അഞ്ച് ആവശ്യങ്ങളാണ് പോളിറ്റ് ബ്യൂറോയ്ക്ക് മുന്നിൽ വി എസ് വച്ചിരിക്കുന്നത്. ഇത് ചർച്ച ചെയ്യാമെന്നും സമ്മതിച്ചിട്ടുണ്ട്. മുമ്പ് ചർച്ച ചെയ്തതെന്ന് പറഞ്ഞ് അതൊന്നും തള്ളിക്കളയില്ല. സിപിഐ(എം) സംസ്ഥാന സമിതിയിൽ നിന്ന് വി എസ് ഒഴിവാക്കുകയുമില്ല-ബെർലിൻ വ്യക്തമാക്കുന്നു. സീതാറാം യെച്ചൂരിയും എസ് രാമചന്ദ്രൻ പിള്ളയും നടത്തിയ നീക്കങ്ങൾ ഫലം കണ്ടിരിക്കുന്നുവെന്നാണ് ബെർലിൻ നൽകുന്ന സൂചന. ഇതോടെ അടുത്ത സംസ്ഥാന സമിതി രൂപീകരണമടക്കമുള്ള കാരണങ്ങളിൽ വിഎസിന് അഭിപ്രായം പറയാനാകും.