ആലപ്പുഴ: സിപിഐ.എമ്മിനെ പോലൊരു പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ സംസ്ഥാന സമ്മേളനത്തിൽ നിന്ന് അൽപനേരം വിട്ടു നിന്നത് അച്ചടക്ക ലംഘനമായി കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഎസിനെ പുറത്താക്കില്ലെന്ന സൂചന നൽകിയാണ് കോടിയേരി വാർത്താ സമ്മേളനം നടത്തിയത്. വിഎസിനെതിരായ സെക്രട്ടറിയേറ്റ് പ്രമേയത്തിൽ അപാകതയുണ്ടെങ്കിൽ അത് പിബിക്ക് പരിശോധിക്കാം. തെറ്റ് ചൂണ്ടിക്കാണിക്കൂകയും ചെയ്യാം. വി എസ് തലമുതിർന്ന നേതാവാണ്. നാളെ സെക്രട്ടറിയേറ്റ് യോഗമുണ്ട്. പോളിറ്റ് ബ്യൂറോ അംഗങ്ങളും പങ്കെടുക്കുമെന്നും കോടിയേരി പറഞ്ഞു. അതായത് വി എസ് ഉന്നയിച്ച പ്രശ്‌നങ്ങൾ പിബി പരിശോധിക്കുന്നതിൽ തെറ്റില്ലെന്ന് സംസ്ഥാന നേതൃത്വവും സമ്മതിക്കുന്നു. ഈ ഉറപ്പ് വിഎസിന് നൽകി പ്രശ്‌നം പരിഹരിക്കുമെന്ന സൂചനയാണ് കോടിയേരി നൽകുന്നത്. സമ്മേളനത്തിനിടെ വി എസ് ഒരു അച്ചടക്ക ലംഘനവും നൽകിയില്ലെന്നും കോടിയേരി വിശദീകരിക്കുമ്പോൾ കാര്യങ്ങൾ തെളിയുകയാണ്.

കേരളത്തിൽ പാർട്ടി രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സമാരാധ്യനായ നേതാവാണു വി എസ്. എന്നും കോടിയേരി കൂട്ടിച്ചേർത്തു. തുടർന്നു വി എസ്. പാർട്ടിയിലുണ്ടാവുമോ എന്ന ചോദ്യത്തെ അസംബന്ധം എന്നാണ് കോടിയേരി വിശേഷിപ്പിച്ചത്. വി എസ്. അനുകൂല പ്രകടനങ്ങൾ നടന്നതിനെപ്പറ്റി അന്വേഷിക്കുമെന്നും കോടിയേരി പറഞ്ഞു. നാളെ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യം വി.എസിനോടു തന്നെ ചോദിക്കണമെന്നും കോടിയേരി പറഞ്ഞു. ശനിയാഴ്ച നടന്ന സമ്മേളന നടപടികളെക്കുറിച്ചു വിശദീകരിക്കവെയാണ് കോടിയേരി ഇക്കാര്യങ്ങൾ പറഞ്ഞത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമെന്നും അദ്ദേഹം പറഞ്ഞു.

വി എസ് രാവിലെ യോഗത്തിൽ പങ്കെടുത്തിരുന്നു. 11.15ഓടെ പോയി. പുറത്ത് പോയിട്ട് വരാം എന്ന് പാർട്ടിയെ അറിയിച്ചിട്ടാണ് പോയത്. തനിക്കെതിരായ വിമർശനത്തിൽ പ്രതിഷേധിച്ചാണ് പോയതെന്ന് വി എസ് പറഞ്ഞിട്ടില്ല. സമ്മേളനത്തിൽ നിന്ന് അൽപസമയം മാറി നിന്നത് അച്ചടക്ക ലംഘനമായി കാണാനാവില്ല. എന്നാൽ പാർട്ടി അംഗങ്ങൾ എല്ലാവരും അച്ചടക്കം പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. മാർക്‌സിസ്റ്റ്‌ലെനിനിസ്റ്റ് തത്വം പിന്തുടരേണ്ടത് അച്ചടക്കമുള്ള പാർട്ടിയുടെ ചുമതലയാണെന്നും കോടിയേരി പറഞ്ഞു. വിഎസിന്റെ പുറത്തുപോക്കലിൽ മറ്റെന്തെങ്കിലുമുണ്ടെങ്കിൽ സമ്മേളനത്തിന് ശേഷം പാർട്ടി പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

ജയിലിൽ കിടത്തുന്നത് പോലെ അല്ല സമ്മേളനം നടത്തുന്നത്. ഒരു പുതിയ പ്രശ്‌നവും വി എസ് ഉന്നയിച്ചിട്ടില്ല. വിവാദങ്ങളെല്ലാം മാദ്ധ്യമ സൃഷ്ടിയാണ്. നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഒന്നും നടക്കില്ല. എല്ലാ പ്രശ്‌നവും രണ്ട് ദിവസത്തിനുള്ളിൽ തീരും. ആരേയും പാർട്ടി വിട്ട് പോകാൻ അനുവദിക്കില്ല. ഏതെങ്കിലും മെമ്പർ വിട്ടുപോകുന്നത് ഒന്നും ചെയ്യില്ല. പാർട്ടിയെ ശക്തിപ്പെടുത്താനാണ് സമ്മേളനം നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. സംഘടനാ റിപ്പോർട്ട് ഒരു വ്യക്തിയെ കുറിച്ച് മാത്രമല്ല. എല്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ പ്രവർത്തനവും വിലയിരുത്തുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ തെറ്റാണെന്നും കോടിയേരി പറഞ്ഞു.

ഇതോടെ വിഎസുമായി ഒത്തു തീർപ്പിന് സംസ്ഥാന നേതൃത്വം സാധ്യത തേടുന്നുവെന്നും വ്യക്തമായി. പ്രതിപക്ഷ നേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമം തുടരുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം സംസ്ഥാന നേതൃത്വമാണ് അനുനയ ശ്രമം തുടങ്ങിയത്. വി എസ്സിനോട് അടുപ്പമുള്ള നേതാക്കളായ എസ് ശർമ, കെ ചന്ദ്രൻപിള്ള എന്നീ നേതാക്കളുമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. ശർമയും ചന്ദ്രൻപിള്ളയും വി എസ്സിനെ ഇന്ന് രാത്രിയോടെ സന്ദർശിക്കും.

പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും എസ് രാമചന്ദ്രൻ പിള്ളയും വി എസ്സിനെ കണ്ട് ചർച്ച നടത്തുമെന്നും സൂചനയുണ്ട്. വി എസ് വിട്ടുനിൽക്കുന്നത് സംസ്ഥാന സമ്മേളനത്തിന്റെ ശോഭ കെടുത്തുമെന്ന് കേന്ദ്ര നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതോടെയാണ് സംസ്ഥാന നേതൃത്വംതന്നെ അനുനയ ശ്രമങ്ങളുമായി മുന്നിട്ടിറങ്ങിയതെന്നാണ് സൂചന. പൊതു ചർച്ചയിൽ രൂക്ഷ വിമർശം ഉയർന്നതിനെത്തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് വി എസ് സമ്മേളന വേദിവിട്ട് ഇറങ്ങിപ്പോയത്. കോഴിക്കോട് ജില്ലാ സെക്രട്ടറിയും ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ നേതാവുമായ പി മോഹനന്റെ നേതൃത്വത്തിൽ ആയിരുന്നു വി എസ്സിനെതിരായ വിമർശം. കാസർകോഡ് നിന്നുള്ള എം വി ബാലകൃഷ്ണനും തൃശ്ശൂരിൽ നിന്നുള്ള ബാബു എം പാലിശ്ശേരിയും വി എസ്സിനെതിരെ രൂക്ഷ വിമർശം ഉന്നയിച്ചു. പ്രകോപിതനായ വി എസ് പാർട്ടി ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പ്രതിഷേധം അറിയിച്ചശേഷമാണ് സമ്മേളന വേദിവിട്ടത്.

ഇതിനിടെ വി എസ് വാർത്താ സമ്മേളനം നടത്തുമെന്നും സൂചന ലഭിച്ചു. ഇതിനിടെ സീതാറാം യെച്ചൂരി ഇടപെട്ടു. വാർത്താ സമ്മേളനം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. എല്ലാം പ്രശ്‌നവും പരിഹരിച്ചാൽ നാളെ സമ്മേളനത്തിന് എത്തുമെന്ന് വി എസ് വ്യക്തമാക്കിയതായാണ് സൂചന. അതിനിടെ വി എസ് പാർട്ടി വിടില്ലെന്ന് ബെർലിൻ കുഞ്ഞനന്തൻ നായർ വ്യക്തമാക്കി. വിഎസിനെ ഒപ്പം നിർത്തി സിപിഐ(എം) മുന്നോട്ട് പോകുമെന്ന് ബെർലിൻ വ്യക്തമാക്കി. വിഎസുമായി ഫോണിൽ സംസാരിച്ചെന്നും പറഞ്ഞു. അതിനിടെ വി എസ് ഇറങ്ങിപ്പോയ ശേഷവും പൊതു ചർച്ചയിൽ പ്രതിപക്ഷ നേതാവിനെതിരെ വിമർശനങ്ങൾ ഉയർന്നു. ഇതൊന്നും കോടിയേരിയും നിഷേധിച്ചില്ല.

ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന വികാരവും പൊതു ചർച്ചയിൽ ഉയർന്നു. ഇടത് മുന്നണിക്ക് അന്പത് ശതമാനം ജനപിന്തുണ നേടാൻ കഴിയുന്നില്ല. അതിനാലാണ് അഞ്ചു വർഷം ഭരണത്തിലിരുന്ന ശേഷം പിന്നെ പ്രതിപക്ഷത്തിരിക്കേണ്ടി വരുന്നത്. അന്പത് ശതമാനം പിന്തുണ ആർജ്ജിക്കണമെങ്കിൽ മുഖ്യപാർട്ടിയായ സിപിഐ(എം) ശക്തിയും സ്വാധീനവും വർദ്ധിക്കേണ്ടത് ആവശ്യമാണ്. ദേശീയ തലത്തിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായി. പശ്ചിമ ബംഗാളിലുണ്ടായ തിരിച്ചടി ഇതാണ് കാണിക്കുന്നതെന്ന് സമ്മേളന പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

കേരളത്തിലെ യു.ഡി.എഫ് സർക്കാരിനെതിരായ സമരരീതികളിൽ മാറ്റം വരണം. യു.ഡി.എഫ് സർക്കാരിന്റെ ഭരണം അവസാനിപ്പിച്ചാൽ മാത്രമെ കേരളത്തിന്റെ സ്തംഭിച്ചു കിടക്കുന്ന വികസനം സാദ്ധ്യമാവൂ. കേരള രാഷ്ട്രീയത്തിൽ ജാതിമത സംഘടനകളുടെ ഇടപെടൽ കൂടി വരികയാണ്. അത് അപകടകരമാണെന്നും കോടിയേരി പറഞ്ഞു. ഇടത് ആശയങ്ങൾക്ക് എതിരായ ശക്തമായ പ്രചരണം നടക്കുന്നു. അതിനാൽ തന്നെ ഈ മേഖലയിൽ കൂടുതൽ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു. കേരളത്തിന്റെ വികസന കാര്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാവണമെന്നും സമ്മേളനത്തിൽ നിർദ്ദേശമുയർന്നു.

സംസ്ഥാനത്തിന്റെ പൊതുവായ വികസനത്തിന് നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിന് അന്താരാഷ്ട്ര പഠനകോൺഗ്രസ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കണം. പ്രാദേശികമായ വികസന നിർദ്ദേശങ്ങളും സിപിഐ എമ്മിന്റെ മുൻകൈയോടെ ഉയരണം. പഞ്ചായത്ത്, മുനിസിപ്പൽ, നിയോജകമണ്ഡലം, ജില്ലാ അടിസ്ഥാനത്തിൽ വികസനപദ്ധതികൾ സിപിഐ എം മുൻകൈയെടുത്ത് നടപ്പാക്കണമെന്നും സമ്മേളനത്തിൽ നിർദ്ദേശമുയർന്നു. പ്രവാസികൾ അനുഭവിക്കുന്ന ബഹുമുഖമായ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ പാർട്ടിക്കാവണം. ഈ മേഖലയിൽ പാർട്ടിക്കുള്ള സ്വാധീനക്കുറവ് പരിഹരിക്കണമെന്നും നിർദ്ദേശമുയർന്നു.

ജാതി മത സംഘടനകൾ കേരളീയ സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ആശയരംഗത്ത് ശക്തമായ കടന്നാക്രമണങ്ങളാണ് നടക്കുന്നത്. ഇത് നേരിടണം. ആശയപ്രചാരണ സംവിധാനങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്നും സമ്മേളനത്തിൽ നിർദ്ദേശമുയർന്നു. 26 പേരാണ് പൊതുചർച്ചയിൽ പങ്കെടുത്തത്. പ്രവർത്തനറിപ്പോർട്ടിനോട് 14 ജില്ലാ ഘടകങ്ങളിലെ പ്രതിനിധികളും യോജിച്ചുവെന്നും കോടിയേരി പറഞ്ഞു. അധികാരവികേന്ദ്രീകരണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുക, കേരളത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്താൻ യുഡിഎഫ് ഭരണം അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.