- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Tamil Nadu
ഒന്നുകിൽ സമ്മേളനത്തിന് വരിക; അല്ലെങ്കിൽ പുറത്തു പോകാം; വേദിയിൽ നിന്ന് ഇറങ്ങിപ്പോയത് മുതിർന്ന സഖാവ് ചെയ്ത തെറ്റ്; മടങ്ങി വന്നാൽ മാത്രം ബാക്കിയുള്ളവ ചർച്ച ചെയ്യും; വിഎസിന് അന്ത്യശാസനവുമായി ജനറൽ സെക്രട്ടറി കാരാട്ട്; പ്രതിപക്ഷ നേതൃസ്ഥാനമൊഴിയുമെന്ന സൂചനയുമായി വിഎസും; സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം
ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയ വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ശ്രമങ്ങൾ എങ്ങുമെത്തുന്നില്ല. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം പിൻവലിക്കണമെന്ന വി എസ് അച്യുതാനന്ദന്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. വി എസ് കടുത്ത അച്ചടക്കലംഘനമാണ് നടത്തുന്നതെന്ന് സിപിഐ(എം) ജനറ
ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയ വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ശ്രമങ്ങൾ എങ്ങുമെത്തുന്നില്ല. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം പിൻവലിക്കണമെന്ന വി എസ് അച്യുതാനന്ദന്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. വി എസ് കടുത്ത അച്ചടക്കലംഘനമാണ് നടത്തുന്നതെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ(എം) സമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടെ പ്രതിപക്ഷ നേതൃസ്ഥാനം നാളെ വി എസ് രാജിവയ്ക്കുമെന്ന് സൂചനയുണ്ട്. തന്റെ നിലപാട് പാർട്ടി തള്ളിയതിൽ പ്രതിഷേധിച്ചാണ് ഇത്.
നാളെ സിപിഐ(എം) സമ്മേളനം സമാപിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കാനാണ് നീക്കം. വിഎസിനെതിരായ പ്രമേയം കേന്ദ്ര നേതൃത്വം ഇടപെട്ട് പിൻവലിക്കുമെന്ന പ്രതീക്ഷ അവസാനിച്ചതോടെയാണ് ഇത്. പാർട്ടി വിരുദ്ധ മാനസികാവസ്ഥയിലാണ് വി എസ് എന്ന പരാമർശം പോലും പിൻവലിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. കർശനമായി നിലപാടാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗിക പക്ഷം എടുത്തത്. ഇതിനൊപ്പം സമ്മേളനത്തിൽ ഇന്നും വിഎസിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. അതിനാൽ ഇനിയും പ്രതിപക്ഷ നേതാവായി തുടരുന്നതിൽ അർത്ഥമില്ലെന്നാണ് വിഎസിന്റെ നിലപാട്. ഇക്കാര്യം അടുത്ത പ്രവർത്തകരോട് വി എസ് വ്യക്തമാക്കി കഴിഞ്ഞു.
അതിനിടെ വിലപേശലിന് ആരേയും അനുവദിക്കില്ലെന്ന് വി എസ് വിഷയത്തെ ഉയർത്തി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനത്തിൽ വ്യക്തമാക്കി. സമ്മേളനത്തിൽ വി എസ് തിരിച്ചെത്തിയാൽ ബാക്കി കാര്യങ്ങൾ പരിശോധിക്കാം. അല്ലാത്ത പക്ഷം കടുത്ത നടപടികൾ എടുക്കേണ്ടിവരുമെന്നും കാരാട്ട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സമ്മേളന തീരുമാനം വിശദീകരിക്കവേ കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വ്യക്തമാക്കി. വിഎസുമായി പ്രകാശ് കാരാട്ട് ഫോണിൽ സംസാരിച്ചിട്ടുണ്ട്. വിഎസിനെ പോലൊരു സഖാവ് സമ്മേളനത്തിൽ നിന്ന് വിട്ട് നിൽക്കുന്നത് ശരിയല്ല. വിഎസിനെ പാർട്ടിയുമായി സഹകരിപ്പിക്കാൻ പരമാവധി വിട്ടുവീഴ്ചകൾ ചെയ്യുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. ഇനി തീരുമാനം എടുക്കേണ്ടത് വിഎസാണെന്നും കോടിയേരി വ്യക്തമാക്കി.
വി എസ് സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ശരിയല്ല. സിപിഎമ്മിൽ ഒരാളും പാർട്ടിക്ക് അതീതനല്ല. വിഎസിന്റെ നടപടി തെറ്റാണ്. സമ്മേളനത്തിൽ തിരിച്ചെത്തിയാൽ വി എസ് ഉന്നയിച്ച എല്ലാ പ്രശ്‌നവും പരിഗണിക്കും. അല്ലാതെ വിലപേശൽ നടത്തി കാര്യങ്ങൾ നേടാൻ ആരേയും അനുവദിക്കില്ലെന്നാണ് പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്. ഇന്നലെ വിഎസുമായി ഫോണിൽ സംസാരിച്ചെന്നും സമ്മേളനവുമായി സഹകരിക്കണമെന്ന് നിർദ്ദേശിച്ചതായും കാരാട്ട് വെളിപ്പെടുത്തി. അത് മറികടന്നാണ് തിരുവനന്തപുരത്തേക്ക് പോയത്. ആ സാഹചര്യത്തിലാണ് കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുക എന്നാണ് നൽകിയ സൂചന.
അലപ്പുഴയിൽ ചേർന്ന അവൈലബിൾ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയും വിഎസിനെതിരെ കടുത്ത നിലപാട് എടുത്തത്. വിഷയം കേന്ദ്ര കമ്മറ്റി ചർച്ച ചെയ്യട്ടേ എന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ഇതോടെ വിഎസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാളുകയാണ്. ഏതായാലും വിഎസിനെ സംസ്ഥാന സമിതിയിൽ നിലനിർത്തി പ്രശ്‌ന പരിഹാരത്തിന് സീതാറാം യെച്ചൂരിയും വ്യന്ദാ കാരാട്ടും ശ്രമം തുടരുകയാണ്. ഇന്നത്തെ അവൈലബിൾ പോളിറ്റ് ബ്യൂറോയോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമായും അവൈലബിൾ പോളിറ്റ് ബ്യൂറോ കൂടിക്കാഴ്ച നടത്തി.
ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.രാമചന്ദ്രൻ പിള്ള, സീതാറാം യെച്ചൂരി, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവരും പങ്കെടുത്തു. വി.എസിനെതിരായ പ്രമേയത്തിലെ പാർട്ടി വിരുദ്ധൻ എന്ന പരാമർശം നീക്കണമെന്ന് യെച്ചൂരി യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും അത് മറ്റുള്ളവർ അംഗീകരിച്ചില്ല. പ്രമേയത്തിൽ റദ്ദാക്കിയാൽ വി.എസിന് മുന്പിൽ പാർട്ടി കീഴടങ്ങിയെന്ന തോന്നലുണ്ടാവും. ഇത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് പിണറായി വിജയൻ അടക്കമുള്ളവർ ചൂണ്ടിക്കാട്ടി. സംസ്ഥാന നേതൃത്വത്തിന്റെ ഈ നിലപാടിനോട് കാരാട്ടും യോജിച്ചു.
അതിനിടെ വി എസ്. അച്യുതാനന്ദനെ പിന്തുണച്ച് സിപിഐ(എം) ബംഗാൾ ഘടകം രംഗത്ത് എത്തി. വിഎസിനെതിരായ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം റദ്ദാക്കണമെന്ന് ബംഗാൾ നേതൃത്വം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. വിഎസിനായി മുതിർന്ന സിപിഐ(എം) നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സർക്കാരും കേന്ദ്ര നേതൃത്വത്തെ ബന്ധപ്പെട്ടിട്ടുണ്ട്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ടിനും സീതാറാം യച്ചൂരിക്കും വിഎസിന് അനുകൂലമായ നിലപാടാണുള്ളത്. എന്നാൽ പിബിയുടെ സമ്പൂർണയോഗം ചേരാതെ ഈ നിലപാട് പരിഗണിക്കാനാകില്ലെന്ന് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തെ അനുകൂലിക്കുന്ന നിലപാടാണ് പ്രകാശ് കാരാട്ടിനുള്ളത്.
ഇതോടെയാണ് വിഎസിന് അനുകൂലമായി തീരുമാനം എടുക്കാനുള്ള യച്ചൂരിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായത്. തുടർന്ന് തന്റെ അനുയായികളുമായി വി എസ് ചർച്ച ചെയ്തു. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നിലേക്ക് കാര്യങ്ങളെത്തി. മുൻ പ്രൈവറ്റ് സെക്രട്ടറി ശശിധരൻ അടക്കമുള്ളവർ കൺന്റോൺമെന്റ് ഹൗസിലെത്തി. രാജിവയ്ക്കാനുള്ള കത്തും തയ്യാറായി കഴിഞ്ഞുവെന്നാണ് സൂചന. നാളെ ഈ കത്ത് നിയമസഭാ സെക്രട്ടറിയേറ്റിൽ എത്തിക്കുമെന്നാണ് സൂചന. അതിന് മുമ്പ് കേന്ദ്ര നേതൃത്വം കാര്യങ്ങൾ വിശദീകരിച്ചാൽ പുനരാലോചന നടത്തും. അതുവരെ ഈ വിഷയത്തിൽ വി എസ് പരസ്യ പ്രസ്താവനകൾ നടത്തില്ല. പാർട്ടി വിടണമെന്ന ആവശ്യവും ചിലർ വിഎസിന് മുന്നിലുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞാൽ വി എസ് എംഎൽഎ സ്ഥാനവും രാജിവയ്ക്കും.
അതിനിടെ, സമ്മേളനത്തിൽ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയ വി എസ്.അച്യുതാനന്ദനെതിരെ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചർച്ചയിൽ ഇന്നും രൂക്ഷ വിമർശനം ഉണ്ടായി. എമ്പ്രാന്തിരി ആനപ്പുറത്ത് കയറിയതുപോലെയാണ് വിഎസിന്റെ സ്ഥിതിയെന്ന് വി.എൻ. വാസവൻ വിമർശിച്ചു. വിഎസിന് പാർട്ടിയിൽ വിഐപി മെംബർഷിപ്പാണോ ഉള്ളതെന്നും വാസവൻ ചോദിച്ചു. കണ്ടഹാറിൽ വിമാനം റാഞ്ചിയവരുടെ മാനസികാവസ്ഥയിലാണ് വി എസ് എന്ന് എ.എൻ.ഷംസീർ വിമർശിച്ചു. പാർട്ടിയെ ബന്ദിയാക്കി വി എസ്. മോചനദ്രവ്യം ആവശ്യപ്പെടുകയാണെന്നും ഷംസീർ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് വി എസ് കടക്കുന്നത്.