തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊണ്ടിരിക്കെ ഇടതുപക്ഷത്തെ വി എസ്. അനുകൂലികൾക്ക് സന്തോഷവാർത്ത. വി എസ്. പൂർണ ആരോഗ്യത്തിലേക്കും സജീവ രാഷ്ട്രീയത്തിലേക്കും തിരിച്ചു വരുന്നു. വി എസ്. അച്യുതാനന്ദൻെ്റ ആരോഗ്യം പൂർവ സ്ഥിതിലേക്ക് എത്തി എന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേരിട്ടെത്തി കോവിഡ് വാക്സിൻ സ്വീകരിച്ച വി.എസിന്റെ ചിത്രങ്ങൾ വി എസ്. അനുകൂലികൾ പ്രചരിപ്പിക്കുകയാണ്. വി എസ്. കിടന്നുപോയെന്ന് പ്രചരിപ്പിച്ചവർക്ക് മറുപടി നൽകി വി എസ് നടന്നാണ് ആശുപത്രിയിൽ എത്തിയത്.

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരിക്കെ ആരോഗ്യ പരമായ കാരണങ്ങളാൽ വി എസ്.തത്സ്ഥാനം ഒഴിഞ്ഞിരുന്നു. സജീവ രാഷ്ട്രീയം വിടുകയാണന്നും തിരുവനന്തപുരത്തെ തിരക്കുകളിൽ നിന്ന് വിട്ട് ആലപ്പുഴയിലെ വീട്ടിലേക്ക് മാറുകയാണന്നും അഭ്യൂഹം പടർന്നിരുന്നു. ആലപ്പുഴയിലെ വീട്ടിലെ നവീകരണ പ്രവർത്തനങ്ങളും നടന്നിരുന്നു. എന്നാൽ വി എസ്. തിരുവനന്തപുരത്ത് തുടരുക തന്നെയാണ് ചെയ്തതത്. ചികിത്സ തിരുവനന്തപുരത്ത് ആയതിനാലായിരുന്നു ഇത്. തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന ഘട്ടത്തിൽ വി.എസിൻെ്റ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് വി.എസിൻെ്റ തിരിച്ചു വരവ് പ്രഖ്യാപനം പോലെ കോവിഡ് വാക്സിൻ എടുക്കാൻ വി എസ്. ജനറൽ ആശുപത്രിയിലേക്ക് എത്തിയത്.

നേരത്തെ രജിസ്റ്റർ ചെയ്തിന്റെ അടിസ്ഥാനത്തിൽ എത്തിയ വി.എസിന് ഡോക്ടർമാർ നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്തതിനെ തുടർന്ന് മുപ്പ്ത് മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു. വാക്സിനെടുത്ത ശേഷം പതിവു ശൈലിയിൽ തലയുയർത്തി പിടിച്ച് പുറത്തേക്ക്. രാവിലത്തെ പതിവു നടത്തമൊഴികെ ബാക്കിയെല്ലാം ശീലങ്ങളും ഇപ്പോൾ പതിവു പോലെ.വലതു കാലിനു ചെറിയ വേദനയുള്ളതിനാലാണ് നടപ്പ് താത്കാലികമായി മാറ്റി വച്ചത്. അതിരാവിലെ എണീറ്റാൽ പത്രങ്ങളെല്ലാം അരിച്ചു പെറുക്കി വായന. പിന്നീട് ടി.വിയിലെ വാർത്താ ചാനലുകൾക്കു മുൻപിലേക്ക്. ഇപ്പോൾ കേരളാ രാഷ്ട്രീയത്തിലെ മാറ്റങ്ങളും ചർച്ചകളുമെല്ലാം ചാനലുകളിലൂടെയാണ് അറിയുന്നത്.

കോവിഡ് വാക്‌സിൻ എടുത്ത് വൈറസ് ഭീതി ഒഴിവാക്കും. അതിന് ഒരു ഡോസ് വാക്‌സിനും കൂടെ എടുത്താൽ മതി. 28 ദിവസം കഴിയുമ്പോൾ വി എസ് അതും എടുക്കും. അതോടെ പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനാവുന്ന അവസ്ഥ വരും. കോവിഡ് പ്രോട്ടോകോൾ പ്രശ്‌നങ്ങൾ മാറിയാൽ പുന്നപ്ര സമര നായകൻ വീണ്ടും സജീവമാകും. രാഷ്ട്രീയ ഇടപെടലുകളും നടത്തും. പാർട്ടിയിലെ ശൈലി മാറ്റത്തിലും പ്രതികരണങ്ങൾ നടത്തും. വീണ്ടും തിരുത്തൽ ശക്തിയാകാൻ എകെജി സെന്ററിന്റെ പടി കയറി വി എസ് എത്തുമെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പ്രതീക്ഷ.

ഒഴിവാക്കാനാവാതെ ചില ഫോൺകോളുകൾക്കു മാത്രം മറുപടി. മരുന്നുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. കൊറോണ കഴിഞ്ഞാൽ മാത്രമെ സന്ദർശകരെ അനുവദിച്ച് തുടങ്ങുകയുള്ളു. കൊറോണ വാക്‌സിൻ രണ്ടാം ഡോസ് എടുത്താലും സന്ദർശകരെ കാണാനാകും. സന്ദർശകരെ കാണണമെന്നും വി.എസിനു ആഗ്രഹം ഉണ്ടെങ്കിലും കൊറോണ ഭീതി നില നിൽക്കുന്നതിനെക്കാൾ ബന്ധുക്കളും മറ്റും അനുവദിക്കുന്നില്ല. വാക്‌സിന്റെ ഡോസ് പൂർത്തിയാക്കിയാൽ ഈ പ്രശ്‌നവും തീരും.

വി എസ്. കൊറോണയെടുക്കാൻ നേരിട്ടെത്തിയതിനു തന്നെ വൻ പ്രചരണം നൽകാനുള്ള ഒരുക്കത്തിലാണ് വി എസ്. അനുകൂലികൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിനു വി എസ് ഇറങ്ങുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് അവർ. വാക്സിൻ എടുത്തതിനാൽ അദേഹം ചിലയിടങ്ങളിൽ പ്രചരണ രംഗത്ത്് എത്തുമെന്നും സൂചനയുണ്ട്. അങ്ങനെയുണ്ടെങ്കിൽ അത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സമയത്തുള്ളതിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ്. മാറി വന്ന കാലത്ത് ചില നയങ്ങളെ ചോദ്യം ചെയ്തതിൻെ്റ പേരിൽ പാർട്ടിക്കുള്ളിൽ വി എസ്. എതിർപ്പുകൾ ഉയർത്തിയപ്പോൾ. മറ്റു നേതാകൾക്ക് അനഭിമതനായി. തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിക്കപ്പെടുന്ന അവസ്ഥ വരെ ഉണ്ടായി.

പിന്നിടുണ്ടായത് ചരിത്രം. സിപിഎമ്മിൻെ്റ ചരിത്രത്തിനിടെ പ്രവർത്തകർ ഒരു നേതാവിനു വേണ്ടി തെരുവിലിറങ്ങി. ഒടുവിൽ ജനരോക്ഷത്തിനു മുൻപിൽ പാർട്ടിക്കു കീഴടങ്ങേണ്ടി വന്നു. വി എസ്. മലമ്പുഴയിൽ മത്സരിച്ച് മുഖ്യമന്ത്രിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വി എസ്.മത്സര രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്നു. മലമ്പുഴയിൽ നിന്നു വീണ്ടും വിജയിച്ച് സഭയിലെത്തിയ വി എസ്. ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാനായി. വി.എസിൻെ്റ വ്യക്തി പ്രഭാവവും ജനപിന്തുണയുമൊക്കെ മനസിലാക്കി മറ്റു നേതാക്കളും ഇതിനു പിന്നാലെ നീങ്ങുമെന്നു മനസിലാക്കിയ പാർട്ടി. വ്യക്തിപൂജ വിലക്കി നിർദ്ദേശം നൽകേണ്ട ഗതികേടിലുമെത്തി. കണ്ണൂരിൽ പി.ജയരാനെ പ്രകീർത്തിച്ചിറങ്ങിയ ഗാനത്തിൻെ്റ പേരിൽ അദേഹത്തിനു നേരെ അച്ചടക്ക വാൾ ഓങ്ങി. പി.ജെ. ആർമി എന്ന ഗ്രൂപ്പും നേതാക്കൾക്ക് അനിഷ്ടമുണ്ടാക്കി.

ഇതിനിടയിലാണ് വി എസ്. ആരോഗ്യ പരമായ കാരണങ്ങളാൽ കമ്മീഷൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. എന്നാൽ ആശയപരമായ ചില ഭിന്നതകളും ഇതിനു പിന്നിലുണ്ടായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന വി എസ്. വീണ്ടുമൊരു കുതിപ്പിനു തയ്യാറെടുക്കുകയാണ്. മറ്റൊരു തെരഞ്ഞെടുപ്പ് കാലത്ത് വി എസ്. വീണ്ടും പ്രതീക്ഷകൾ നൽകി രംഗത്തു വന്നു കഴിഞ്ഞു. അണികൾ ആവേശത്തോടെയുള്ള കാത്തിരിപ്പു. മുത്തേ, മുത്തേ മണിമുത്തേ, ഞങ്ങടെ നെഞ്ചിലെ മണിമുത്തേ എന്ന മുദ്രാവാക്യം മുഴക്കാൻ.