- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസ് അച്യൂതാനന്ദൻ വോട്ട് ചെയ്യാത്ത ആദ്യ തെരഞ്ഞെടുപ്പ്; അൻസാരിയ കോപ്ലകസിൽ കൈപ്പത്തി വോട്ട് കുത്തിയാൽ നേട്ടം താമര ചിഹ്നത്തിന്! സാദിഖലി ശിഹാബ് തങ്ങൾ വോട്ട് ചെയ്തത് ഒരു മണിക്കൂർ കാത്തിരുന്ന്; കോട്ടയത്തും വള്ളംകുളത്തും വോട്ട് ചെയ്യാനെത്തിയവർ കുഴഞ്ഞു വീണ് മരിച്ചു; വിധിയെഴുത്തിൽ ആവേശം പ്രകടം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വോട്ട് ചെയ്യാനായില്ല. വി എസ് അച്യുതാനന്ദനും ഭാര്യ വസുമതിയും ഇത്തവണ വോട്ട് രേഖപ്പെടുത്താൻ അമ്പലപ്പുഴ മണ്ഡലത്തിലെ ബൂത്തിലേക്ക് എത്തിയില്ല. പ്രായാധിക്യത്തെ തുടർന്നുള്ള അവശതകൾ കാരണം തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് വി എസ് അച്യുതാനന്ദൻ. യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് വോട്ട് ഒഴിവാക്കേണ്ടിവന്നത്. സ്വതന്ത്ര കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് വി എസ് വോട്ട് ചെയ്യാത്തതെന്നാണ് വിലയിരുത്തൽ. ഭരണ തുടർച്ചയുണ്ടായാൽ അതിൽ വിഎസിന്റെ വോട്ടുണ്ടാകില്ലെന്ന് സാരം.
പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 86 എ ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്. അതേസമയം മകൻ വിഎ അരുൺ കുമാറും കുടുംബവും രാവിലെ സ്‌കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. കൊച്ചുമകൻ അർജ്ജുന് ഇത്തവണ കന്നി വോട്ടും ആയിരുന്നു. എൺപത് വയസ്സ് പിന്നിട്ടവർക്ക് പോസ്റ്റൽ വോട്ട് സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരുന്നെങ്കിലും അതും ഉപയോഗപ്പെടുത്താനാകാത്ത അവസ്ഥയാണ് വിഎസിന് ഇത്തവണ ഉണ്ടായത്. എൺപത് വയസ്സിന് മുകളിലുള്ള വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം കിട്ടണമെങ്കിൽ അതാത് മണ്ഡലത്തിൽ തന്നെ താമസിക്കണമെന്ന നിബന്ധന ഉണ്ട്.
മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് പട്ടികയിൽ വിഎസിന്റെയും ഭാര്യയുടേയും പേര് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ എത്താനാകില്ലെന്ന് പിന്നീട് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തെ പിഎംജിയിൽ മകന്റെ വീട്ടിലാണ് വി എസ് താമസിക്കുന്നത്. അതുകൊണ്ടാണ് വോട്ടു ചെയ്യാൻ കഴിയാത്തത്. മാധ്യമങ്ങൾക്ക് വിഎസിന്റെ പ്രതികരണവും ഇത്തവണ ഇല്ലെന്നും ശ്രദ്ധേയമാണ്.
കൽപറ്റ മണ്ഡലം കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തായ അൻസാരിയ കോംപ്ലക്‌സിൽ കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി പരാതി. ഇവിടെ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു. 3 പേർ വോട്ട് കൈപ്പത്തിക്കു വോട്ട് ചെയ്തതിൽ 2 പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റിൽ കാണിച്ചത്. ആർക്കാണ് ഓരോരുത്തരും വോട്ട് ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള സംവിധാനമാണ് വിവിപാറ്റ്.
പോളിങ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയ ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. 86, 87, 88 ബൂത്തുകളുടെ വോട്ടെടുപ്പ് നടക്കുന്ന കരുമല എസ്എംഎംഎയുപി സ്‌കൂളിൽ വച്ചാണ് സംഭവം. കുറച്ചു സമയം നീണ്ട തർക്കത്തിനു ശേഷം സ്ഥാനാർത്ഥി പോളിങ് സ്റ്റേഷൻ സന്ദർശിച്ചു. സ്ഥാനാർത്ഥിയെ ആക്രമിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് യുഡിഎഫ് ആരോപിച്ചു.
കോട്ടയം എസ്എച്ച് മൗണ്ട് സെന്റ് മർസെൽനാസ് സ്‌കൂളിൽ വോട്ടു ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം കൊട്ടാരപ്പറമ്പിൽ അന്നമ്മ ദേവസ്യയാണ് (73) കുഴഞ്ഞു വീണു മരിച്ചത്. സ്‌കൂളിന്റെ പടിക്കെട്ടു കയറുന്നതിനിടെയാണ് മരണം. ആറന്മുളയിലെ വള്ളംകുളത്തും വോട്ടർ കുഴഞ്ഞു വീണ് മരിച്ചു. 65കാരനായ ഗോപിനാഥ കുറുപ്പാണ് മരിച്ചത്. കുഴഞ്ഞു വീണയുടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
യന്ത്രതകരാറു മൂലം കോട്ടയം ചിറക്കടവിൽ നാൽപതിലേറെപ്പേർ പേർ വോട്ടുചെയ്യാതെ മടങ്ങി. മലപ്പുറം പാണക്കാട് ബൂത്തിലുണ്ടായ യന്ത്രത്തകരാർ മൂലം സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ളവർ വോട്ടുചെയ്യാൻ ഒന്നരമണിക്കൂർ കാത്തിരിക്കേണ്ടിവന്നു. ഏതാനും ബൂത്തുകളിൽ രാവിലെ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയത് ഒഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർത്ഥികളാണ് ഇക്കുറി വിധിതേടുന്നത്. 1.32 കോടി പുരുഷന്മാരും 1.41 കോടി വനിതകളും 290 ട്രാൻസ്ജൻഡറും ഉൾപ്പടെ 2.74 കോടി (2,74,46,039) വോട്ടർമാരാണ് ഇക്കുറി വിധിയെഴുതുന്നത്.
40,771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. നക്‌സൽ ഭീഷണിയുള്ള ഒമ്പത് മണ്ഡലങ്ങളിൽ വൈകുന്നേരം ആറിന് അവസാനിക്കും. കർശന സുരക്ഷയിലാണ് വോട്ടെടുപ്പ്. 59,292 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഉൾപ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണവുമുണ്ട്. കേന്ദ്രസേനകളുടെ 140 കമ്പനിയും രംഗത്തുണ്ട്. പ്രശ്‌നസാധ്യതാ ബൂത്തുകളിൽ കനത്ത സുരക്ഷയുണ്ടാകും. വെബ്കാസ്റ്റിങ് അടക്കം സംവിധാനങ്ങളും ഏർപ്പെടുത്തി. അതിർത്തികളിൽ കർശന പരിശോധനയുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ