വിശാഖപട്ടണം: സിപിഐ(എം). കേന്ദ്ര കമ്മിറ്റിയിൽനിന്നു മുതിർന്ന നേതാവ് വി എസ്. അച്യുതാനന്ദൻ പുറത്താകുമെന്നു സൂചന. ഇതോടെ സിപിഐ(എം) രൂപീകരണത്തിന് നേതൃത്വം നൽകിയ ആരുമില്ലാത്ത കേന്ദ്ര കമ്മറ്റിയാകും ഇത്തവണ നിലവിൽ വരുമെന്നും ഉറപ്പായി. അതിനിടെ പ്രത്യേക ക്ഷണിതാവായി വിഎസിനെ കേന്ദ്ര കമ്മറ്റിയിലെത്തിക്കാനും നീക്കമുണ്ട്. എന്നാൽ നേതൃത്വവുമായി സഹകരിക്കുമെന്ന വി എസ് ഉറപ്പ് നൽകിയാൽ മാത്രമേ ഇതുണ്ടാകൂ. സംസ്ഥാന സമിതിയിൽ നിലനിർത്താനും വിഎസിന് മുന്നിൽ ഉപാധി വയ്ക്കും. അച്ചടക്ക ലംഘനത്തിന് മാപ്പ് എഴുതി നൽകണമെന്നാണ് ആവശ്യം. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ സാഹചര്യത്തിലാണ് ഇത്.

കേന്ദ്ര കമ്മറ്റിയിലെ പ്രായപരിധി മാനദണ്ഡത്തിൽ ആർക്കും ഇളവു നൽകേണ്ടതില്ലെന്നു തീരുമാനിച്ചതോടെയാണ് വിഎസിന് പുറത്തേക്കുള്ള വഴി ഒരുങ്ങിയത്. എൺപതുവയസു കഴിഞ്ഞ ആരെയും പാർട്ടിച്ചുമതലകളിൽ ഉൾപ്പെടുത്തേണ്ടെന്നു കഴിഞ്ഞ പാർട്ടികോൺഗ്രസിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ, പാർട്ടിരൂപീകരണസമയത്തുണ്ടായിരുന്ന നേതാവെന്ന നിലയിലും മുതിർന്ന നേതാവെന്ന നിലയിലും വി.എസിന് ഇളവുനൽകുകയായിരുന്നു. ഇത്തവണ ഇളവുകൾ നൽകേണ്ടന്നാണു തീരുമാനം. അതോടെ വി എസ്. കേന്ദ്ര കമ്മിറ്റിക്കു പുറത്താകും. എന്നാൽ, പ്രത്യേകക്ഷണിതാവെന്ന നിലയിൽ വി.എസിനെ പരിഗണിക്കുമെന്നു സൂചനയുണ്ട്. പ്രത്യേക ക്ഷണിതാകൾക്കു സമ്മേളനങ്ങളിൽ പങ്കെടുക്കാമെങ്കിലും കമ്മിറ്റിയിൽ തീരുമാനരൂപീകരണത്തിന്റെ ഭാഗമായി നടക്കുന്ന വോട്ടെടുപ്പകളിൽ ഉൾപ്പെടെ പങ്കെടുക്കാൻ കഴിയില്ല.

അതിനിടെ കേന്ദ്ര കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവിന് സംസ്ഥാന സമിതിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. മറിച്ചു വാദമുണ്ട്. സംസ്ഥാന സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയതോടെ വി.എസിനെ സംസ്ഥാനകമ്മിറ്റിയിൽ ഉൾപ്പെടുത്തിരുന്നില്ല. കേന്ദ്രകമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടാൽ സംസ്ഥാന സമിതിയിൽ ഒഴിച്ചിട്ടിരിക്കുന്ന സീറ്റിലേക്കു പരിഗണിച്ചാൽമാത്രമേ വി.എസിന് ഇനി സംസ്ഥാനകമ്മിറ്റിയിൽ നിലനിൽക്കാനാകൂ എന്നതാണ് യാഥാർത്ഥ്യം. അതിനിടെ വി.എസിനെ കേന്ദ്രകമ്മിറ്റിയിൽ നിലനിർത്തണമെന്ന ആവശ്യവുമായി മുതിർന്ന ചില പി.ബി. അംഗങ്ങൾ രംഗത്തുണ്ട്. പാർട്ടി രൂപീകരണനേതാവെന്ന പരിഗണന വി.എസിനു നൽകണമെന്നാണ് ഇവരുടെ ആവശ്യം. വി.എസിനു പുറമെ കേരളത്തിൽനിന്നുള്ള പാലൊളി മുഹമ്മദ് കുട്ടിയെയും കേന്ദ്രകമ്മിറ്റിയിൽനിന്നു മാറ്റും. പികെ ഗുരുദാസനെ മാറ്റുന്നതും പരിഗണനയിലുണ്ട്്.

വിഎസിനെ മാറ്റുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം എടുക്കും. വിഎസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാകും കേന്ദ്ര കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കുക. എല്ലാ പരിഗണനയും പാർട്ടി നൽകുമെന്നും വ്യക്തമാക്കും. പിബി കമ്മീഷൻ നീതി പൂർവ്വമായി വിഎസിന്റെ വിഷയത്തിൽ തീരുമാനം എടുക്കുമെന്നാകും ഉറപ്പ് നൽകുക. ഇതോടെ പാർട്ടിക്കുള്ളിൽ പോരാടാനുള്ള അവസരമാണ് വിഎസിന് നിഷേധിക്കപ്പെടുന്നത്. കേന്ദ്ര കമ്മറ്റി അംഗമെന്ന നിലയിൽ സംസ്ഥാന നേതൃത്വത്തിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസംഗങ്ങൾ നടത്താൻ വിഎസിന് അവസരം നിഷേധിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ കേരളത്തിലെ സംഘടനാ വിഷയങ്ങളിൽ വിഎസിന്റെ ശബ്ദം തന്നെ അപ്രസക്തമാകും.

പോളിറ്റ് ബ്യൂറോയിൽനിന്നുള്ളവരും പ്രായാധിക്യത്തിന്റെ പേരിൽ ഒഴിവാക്കപ്പെടും. ബംഗാളിൽനിന്നുള്ള ബിമൻബസു, ബുദ്ധദേവ് ഭട്ടാചാര്യ, തമിഴ്‌നാട്ടിൽനിന്നുള്ള കെ. വരദരാജൻ എന്നിവരായിരിക്കും പിബിയിൽനിന്ന് ഒഴിവാകുന്നത്. ബുദ്ധദേവ് ഭട്ടാചാര്യ ഒഴിവാകാനുള്ള സന്നദ്ധത നേരത്തെ അറിയിച്ചിട്ടുണ്ട്. ഇവരെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തുമെന്ന് സൂചനയുണ്ട്. ബംഗാളിൽനിന്നു സംസ്ഥാനസെക്രട്ടറി സൂര്യകാന്ത് മിശ്ര, മുഹമദ് സലീം എന്നിവർ പി.ബിയിലെത്തും. ജമ്മു കശ്മീരിൽനിന്നുള്ള മുഹമദ് യൂസഫ് തരിഗാമിയെ പി.ബിയിൽ ഉൾപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. അങ്ങനെ വന്നാൽ മുഹമദ് സലീമിനെ ഒഴിവാക്കി ബംഗാളിൽനിന്നു ബസുദേവ് ആചാര്യയെയോ മറ്റേതെങ്കിലും മുതിർന്ന അംഗത്തെയോ ആയിരിക്കും പി.ബിയിൽ ഉൾപ്പെടുത്തുക.

കേരളത്തിൽനിന്ന് എ.കെ. ബാലൻ കേന്ദ്രകമ്മിറ്റിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. യുവാക്കൾക്കു പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായി കെ.എൻ. ബാലഗോപാലോ എം.ബി. രാജേഷോ കേന്ദ്രകമ്മിറ്റിയിലെത്തുമെന്ന് സൂചനയുണ്ട്. നിലവിൽ 89 അംഗങ്ങളാണ് കേന്ദ്ര കമ്മിറ്റിയാണുള്ളത്. കെ സുധാകരനും കേന്ദ്ര കമ്മറ്റിയിലേക്ക് പരിഗണിക്കപ്പെടുന്നവരിൽ പ്രധാന പേരുകാരനാണ്.