തിരുവനന്തപുരം: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സിനും ഉടമ ബോബി ചെമ്മണ്ണൂരിനും എതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദൻ. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച് സെബിയുടെ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയിരിക്കുന്നത്.

ചിട്ടി ഫണ്ടുകളുടെയും സ്വർണ നിക്ഷേപങ്ങളുടെയും പേരിൽ ഉള്ള തട്ടിപ്പുകൾ സംസ്ഥാനത്ത് പെരുകിവരികയാണ്. സെന്റ് ജോസഫ് സാധുജനസംഘം, ചാലക്കുടി കേന്ദ്രമായ ഫിനോമിനൽ ഗ്രൂപ്പ്, നിർമ്മൽ ചിട്ടിഫണ്ട് മുതലായ തട്ടിപ്പ് സംഘങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്. ഇതുമൂലം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് വഴിമുട്ടി നിൽക്കുന്നത്. എന്നാൽ, ഇതിനേക്കാളെല്ലാം ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലറിയുടെ പേരിൽ നടക്കുന്നതെന്ന് വി എസ് ആരോപിക്കുന്നു.

സി.ഡി. ബോബി എന്ന ആളാണ് ഇതിന്റെ പ്രമോട്ടർ. ഇതു സംബന്ധിച്ച് ഞാൻ കഴിഞ്ഞ യുഡിഎഫ് സർക്കാരിനും കേന്ദ്ര ധനകാര്യ ഏജൻസികൾക്കും പരാതി നൽകുകയും ചെയ്തിരുന്നു. പ്രതീക്ഷിച്ചതുപോലെ, യുഡിഎഫ് സർക്കാർ ഇതിന്മേൽ ഒരു നടപടിയും സ്വീകരിച്ചില്ല. ഈ കാലയളവിലും ലക്ഷക്കണക്കിന് ആളുകൾ തട്ടിപ്പിന് വിധേയരായിക്കൊണ്ടിരുന്നു.

2017 ജൂൺ 30ന് കൂടിയ എസ്എൽസിസി യോഗത്തിൽ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സ് എന്ന അൺ ഇൻകോർപ്പറേറ്റഡ് സ്ഥാപനം സ്വർണ നിക്ഷേപങ്ങൾക്കുള്ള അഡ്വാൻസ് തുകയുടെ മറവിൽ ഡിപ്പോസിറ്റ് സ്‌കീമുകൾ നടത്തുന്നതായി എസ്ഇബിഐ റിപ്പോർട്ട് ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പല സംസ്ഥാനങ്ങളിലായി ഈ സ്ഥാപനം ആയിരം കോടിയിലധികം രൂപ ഇങ്ങനെ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും എസ്ഇബിഐക അറിയിച്ചു. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ 998.4 കോടി രൂപ പൊതുജനങ്ങളിൽനിന്ന് ഈ സ്ഥാപനം സ്വർണ നിക്ഷേപത്തിനുള്ള അഡ്വാൻസായി പിരിച്ചെടുത്തിട്ടുണ്ടെന്ന് വി എസ് ആരോപിക്കുന്നു.

എന്നാൽ ഇതേ കാലയളവിലെ ഈ സ്ഥാപനത്തിന്റെ വിറ്റുവരവ് വെറും 66.3 കോടിയാണ്. വിൽക്കാനായി സൂക്ഷിച്ചിരുന്ന സ്വർണം വെറും 35.26 കോടിയുടേതുമായിരുന്നു. കണക്കിലെ ഈ വലിയ അന്തരവും അതുമൂലം നിക്ഷേപകർക്ക് ഉണ്ടാകാവുന്ന ഭീമമായ നഷ്ടവും എസ്ഇബിഐ ചൂണ്ടിക്കാണിച്ചിരുന്നു. 1934ലെ ആർബിഐ ആക്റ്റിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ നിയമവിരുദ്ധ സ്ഥാപനം ഇപ്പോഴും പരസ്യങ്ങളിലൂടെ പൊതുജനങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയാണ്.

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ യോഗം തുടർ നടപടി സ്വീകരിക്കാനുള്ള ചുമതല റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും സംസ്ഥാന പൊലീസ് വകുപ്പിനെയും ഏൽപ്പിച്ചു. ഇതു സംബന്ധിച്ച് ആധികാരികമായ വിവരം ഉത്തരവാദിത്വപ്പെട്ടവരിൽനിന്നുതന്നെ ലഭിച്ചിട്ടും ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കുന്ന പൊലീസ് നടപടി തീരെ ശരിയല്ല. സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടുകയും നിയമവിരുദ്ധമായ ഈ സ്ഥാപനം അടച്ചുപൂട്ടാൻ വേണ്ട നടപടി സ്വീകരിക്കുകയും വേണമെന്ന് വി എസ് ആവശ്യപ്പെട്ടു.

ഇത്തരത്തിൽ പതിനാറിലധികം സ്ഥാപനങ്ങൾ ഇദ്ദേഹത്തിന്റേതായി പ്രവർത്തിച്ചുവരുന്നു. അതിൽ ഒരു സ്ഥാപനത്തിന്റെ തട്ടിപ്പാണ് ഇപ്പോൾ ആയിരം കോടി എന്ന് ഒദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളത് അന്വേഷണ ഘട്ടത്തിലാണ്. 2014 മുതൽ ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കരുത് എന്ന് ഞാൻ സർക്കാരുകളോട് ആവശ്യപ്പെട്ടുവരികയാണ്. യു.ഡി.എഫ് സർക്കാരും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോൾ എസ്ഇബിഐക എന്റെ ആരോപണങ്ങൾ സ്ഥിരീകരിച്ചിരിക്കുകയാണെന്നും വി എസ് പറയുന്നു. എസ്എൽസിസി രേഖകൾ ആവശ്യപ്പെട്ട എനിക്ക് രേഖകൾ നൽകാതിരിക്കാനാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചത്. ഇത് അവരുടെ മനോഭാവം വെളിവാക്കുന്നതാണ്. അതുകൊണ്ട് സംസ്ഥാന സർക്കാർ തന്നെ ഈ വിഷയത്തിൽ മുൻകയ്യെടുക്കുകയും ഈ തട്ടിപ്പ് സ്ഥാപനം പൂട്ടിക്കുകയും ജനങ്ങൾക്കുണ്ടായ നഷ്ടം അവരിൽനിന്ന് ഈടാക്കുകയും വേണം.

ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങളിലൂടെയുള്ള പ്രലോഭനങ്ങൾക്ക് വശംവദരായി വാർത്തകൾ തമസ്‌കരിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്ന് മാധ്യമളോടും വി എസ് അഭ്യർത്ഥിച്ചിട്ടുണ്ട്. നിയമവിരുദ്ധമാണെന്ന് ബോദ്ധ്യമായ ശേഷവും ജനങ്ങളെ കബളിപ്പിക്കാനുള്ള പരസ്യം നൽകുന്നത് തട്ടിപ്പിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് എന്ന് മാധ്യമങ്ങൾ തിരിച്ചറിയണമെന്നും വി എസ് പറഞ്ഞു.

ഏതാനും ദിവസങ്ങളായി കർണാടകയിൽ ബോബി ചെമ്മണ്ണൂർ ജൂവലറിയുടെ പേരിൽ ചില തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും അതുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന തരത്തിലുള്ള ഈ ജൂവലറി ചാനലുകളിൽ വ്യാപകമായി പരസ്യം നൽകിയിരുന്നു. അതേസമയം കാർണാടകത്തിൽ ഇത്തരത്തിൽ ഒരു സ്ഥാപനവും പ്രവർത്തിക്കുന്നില്ലെന്നാണ് സൂചന.

തട്ടിപ്പു കേസിൽ പിടിക്കപ്പെടുമെന്നായപ്പോൾ കർണാടകയിലെ നിലവിലില്ലാത്ത ഏതോ ഒരു സ്ഥാപനത്തിന്റെ തലയിൽ കെട്ടിവച്ച് തടിപ്പാനുള്ള നീക്കമാണ് ഈ പരസ്യത്തിനു പിന്നിൽ. എന്നാൽ വി എസ് അച്യുതാന്ദന്റെ ഇടപെടലോടെ  സർക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.