തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളുടെ എല്ലാവരുടെയും കൺകണ്ട ദൈവമാണ് ബോബി ചെമ്മണ്ണൂർ. മാധ്യമങ്ങൾക്ക് വാരിക്കോരി പരസ്യം നൽകുന്ന ബോബിക്കെതിരെ വാർത്തകൾ വന്നാൽ മുക്കുന്നത് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പതിവാണ്. ഇങ്ങനെയുള്ള ബോബി ചെമ്മണ്ണൂരിനെതിരെ ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ ആഞ്ഞടിച്ചിരുന്നു. ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തിയാണ് വി എസ് ആഞ്ഞടിച്ചത്. വി എസ് എന്തു പറഞ്ഞാലും ബ്രേക്കിങ് ന്യൂസാക്കുന്ന പല ചാനലുകളും ബോബി ചെമ്മണ്ണൂർ വിഷയം വന്നപ്പോൾ മൗനം പാലിക്കുകയോ ബ്രേക്കിങ് ന്യൂസ് ആക്കാതെ ഫ്‌ലാഷ് ന്യൂസിൽ ഒതുക്കുകയും ചെയ്തു.

നേരത്തെ സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനം കേൾക്കേണ്ടി വന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഇത്തവണ നിലപാട് മാറ്റി. വിഎസിന്റെ പത്രപ്രസ്താവനന്ന വന്നതിന് പിന്നാലെ ബ്രേക്കിങ് ന്യൂസായി ഇത് റിപ്പോർട്ട് ചെയ്യുകയും കിട്ടിയ അവസരത്തിൽ ലേഖകനെ നിർത്തി ലൈവ് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതോടൊപ്പം ഏഷ്യാനെറ്റിന്റെ ഓൺലൈൻ വിഭാഗവും ഈ വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ ആഞ്ഞടിച്ചു. വിഎസിന്റെ പ്രസ്താവന അടങ്ങിയ വാർത്ത വളരെ വേഗത്തിൽ കൊടുക്കുകയും ചെയ്തു.

നേരത്തെ ബോബി ചെമ്മണ്ണൂരിനെതിരെ മറുനാടൻ മലയാളി തെളിവുകൾ സഹിതം വാർത്തകൾ നൽകിയെങ്കിലും അതൊക്കം കണ്ടില്ലെന്ന് നടിച്ചിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. എന്നാൽ, പിന്നീട് സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനം ഇതിന് ഉയരുകയും ചെയ്തു, ഇതോടെ മതിയായ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് ചാനൽ ചർച്ച ചെയ്യാൻ തയ്യാറായിരുന്നില്ല. അന്ന് സോഷ്യൽ മീഡിയയിൽ നിന്നും ഉയർന്ന വിമർശനങ്ങൾ പേടിച്ചു കൂടിയാണ് ഏഷ്യാനെറ്റ് വിഷയം കൈകാര്യം ചെയ്തത്.

അതിനിടെ ഈ വിഷയത്തിൽ മനോരമയും മാതൃഭൂമിയും ഫ്‌ലാഷ് ന്യൂസിൽ ഒതുക്കുകയാണ് ചെയ്തത്. മറ്റ് മാധ്യമങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. അധികം പ്രാധാന്യം നൽകാതെ കൊടുത്തുവെന്ന് വരുത്തിയപ്പോൾ ചിലരാകട്ടെ ഇങ്ങനെയൊരു പ്രസ്താവന വി എസ് ഇറക്കിയിട്ടില്ലെന്ന് പോലും പറഞ്ഞു കൊണ്ടാണ് രംഗത്തെത്തിയത്. അടുത്തിടെ കർണാടകയിലെ ചിലർ ചെമ്മണ്ണൂർ ജൂവലറിയുടെ പേര് പറഞ്ഞ് തട്ടിപ്പിന് ഇറങ്ങിയിട്ടുണ്ടെന്നാണ് കാണിച്ച് മാധ്യമങ്ങളിലൂടെ പരസ്യം നൽകിയിരുന്നു. ഇതിനായി കോടികളാണ് ചിലവഴിച്ചതും. വിഎസിന്റെ പ്രസ്ഥാവന കൊടുത്ത വിവാദമാകേണ്ടെന്ന് കരുതി വീണ്ടും പരസ്യത്തിനുള്ള സാധ്യത തുറന്നിടുകയാണ് മറ്റ് മാധ്യമങ്ങൾ ചെയ്തത്.

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ് എന്ന സ്ഥാപനം നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച് സെബിയുടെ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടത്. 2017 ജൂൺ 30ന് കൂടിയ എസ്എൽസിസി യോഗത്തിൽ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ് എന്ന അൺ ഇൻകോർപ്പറേറ്റഡ് സ്ഥാപനം സ്വർണ നിക്ഷേപങ്ങൾക്കുള്ള അഡ്വാൻസ് തുകയുടെ മറവിൽ ഡിപ്പോസിറ്റ് സ്‌കീമുകൾ നടത്തുന്നതായി എസ്ഇബിഐ റിപ്പോർട്ട് ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പല സംസ്ഥാനങ്ങളിലായി ഈ സ്ഥാപനം ആയിരം കോടിയിലധികം രൂപ ഇങ്ങനെ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും എസ്ഇബിഐക അറിയിച്ചു. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ 998.4 കോടി രൂപ പൊതുജനങ്ങളിൽനിന്ന് ഈ സ്ഥാപനം സ്വർണ നിക്ഷേപത്തിനുള്ള അഡ്വാൻസായി പിരിച്ചെടുത്തിട്ടുണ്ടെന്ന് വി എസ് ആരോപിക്കുന്നു.

എന്നാൽ ഇതേ കാലയളവിലെ ഈ സ്ഥാപനത്തിന്റെ വിറ്റുവരവ് വെറും 66.3 കോടിയാണ്. വിൽക്കാനായി സൂക്ഷിച്ചിരുന്ന സ്വർണം വെറും 35.26 കോടിയുടേതുമായിരുന്നു. കണക്കിലെ ഈ വലിയ അന്തരവും അതുമൂലം നിക്ഷേപകർക്ക് ഉണ്ടാകാവുന്ന ഭീമമായ നഷ്ടവും എസ്ഇബിഐ ചൂണ്ടിക്കാണിച്ചിരുന്നു. 1934ലെ ആർബിഐ ആക്റ്റിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ നിയമവിരുദ്ധ സ്ഥാപനം ഇപ്പോഴും പരസ്യങ്ങളിലൂടെ പൊതുജനങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയാണ്.

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ യോഗം തുടർ നടപടി സ്വീകരിക്കാനുള്ള ചുമതല റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും സംസ്ഥാന പൊലീസ് വകുപ്പിനെയും ഏൽപ്പിച്ചു. ഇതു സംബന്ധിച്ച് ആധികാരികമായ വിവരം ഉത്തരവാദിത്വപ്പെട്ടവരിൽനിന്നുതന്നെ ലഭിച്ചിട്ടും ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കുന്ന പൊലീസ് നടപടി തീരെ ശരിയല്ല. സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടുകയും നിയമവിരുദ്ധമായ ഈ സ്ഥാപനം അടച്ചുപൂട്ടാൻ വേണ്ട നടപടി സ്വീകരിക്കുകയും വേണമെന്ന് വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും ബോബി ചെമ്മണ്ണൂരിനെതിരെ ആരോപണവുമായി വി എസ് രംഗത്തെത്തിയിരുന്നു.