തിരുവനന്തപുരം: തന്നെ ആക്രമിച്ച കേസിലെ പൊലീസ് അന്വേഷണത്തിൽ നടി പൂർണ്ണ തൃപ്തയാണ്. കേസിൽ നീതി കിട്ടുമെന്ന തന്നെയാണ് പ്രതീക്ഷ. ഇതിനിടെയിൽ കേസ് സിബിഐയെ ഏൽപ്പിക്കാൻ കള്ളകളികൾ നടക്കുന്നു. ദിലീപിനെ അനുകലിച്ച ഒരു വിഭാഗം നടന്മാർ രംഗത്ത്. ഹൈക്കോടതിയിലെ പരാമർശവും പെട്ടെന്ന് പ്രതികളാകാൻ സാധ്യതയുള്ളവർക്ക് അനുകൂലമായി മാറുന്നു. മഞ്ജു വാര്യരാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയതെന്ന് പിസി ജോർജ് തുറന്നു പറയുന്നു. അങ്ങനെ ദിലീപിനെ ന്യായീകരിച്ച് ദിനംപ്രതി ആളുകളെത്തുന്നു. സിനിമാ അവാർഡ് വേദിയിലെ ഇരയ്‌ക്കൊപ്പം കാമ്പൈന് വേണ്ടത്ര ശ്രദ്ധയും കിട്ടിയില്ല. ഈ സാഹചര്യത്തിൽ ഇരയ്‌ക്കൊപ്പമാണ് കേരളമെന്ന സന്ദേശം നൽകാൻ വിമൻ ഇൻ സിനിമാ കളക്ടീവ് പുതുനീക്കവുമായെത്തുന്നു. ദിലീപിന് അനുകൂലമായ പിസി ജോർജിന്റെ പ്രസ്താവനാ പോരിനെ നേരിടാൻ സാക്ഷാൽ വി എസ് അച്യുതാനന്ദനെ മഞ്ജുവാര്യരും കൂട്ടരും രംഗത്തിറക്കും.

അതിക്രൂരമായ അക്രമത്തെ അതിജീവിച്ച നടിക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് മാധ്യമ സിനിമാ രംഗത്തെ സ്ത്രീകൾ തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ നാളെ ഒത്തു ചേരും. വി എസ് അച്യുതാനന്ദൻ ഈ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തും. ഫലത്തിൽ ദിലീപിനെതിരായ പ്രതിഷേധത്തിന് പുതിയൊരുതലം നൽകുകയാണ് മഞ്ജു വാര്യരുടെ വിമൻ ഇൻ കളക്ടീവ് എന്ന സംഘടന. സുഗതകുമാരി, വി എം സുധീരൻ , പന്ന്യൻ രവീന്ദ്രൻ എന്നീ പ്രമുഖരുമെത്തും. ' ഞങ്ങൾക്കും പറയാനുണ്ട് - അവൾക്കൊപ്പം ' എന്ന പേരിലാണ് പരിപാടി. ഒപ്പുശേഖരണവും ഇതോടനുബന്ധിച്ചു നടക്കും. ഇത്തരം പരിപാടികൾ എല്ലാ ജില്ലയിലും നടത്താനും നടിക്ക് അനുകൂലമായ വികാരം ചർച്ചകളിൽ നിറയ്ക്കാനുമാണ് നീക്കം. രാഷ്ട്രീയ-സാംസ്‌കാരി കേരളത്തിന്റെ മനസ്സ് ദിലീപിനൊപ്പമെല്ലെന്നും നടിക്കൊപ്പമാണെന്നും വരുത്താനാണ് നീക്കം. നാളെ വി എസ് അച്യൂതാനന്ദൻ നടിയെ ആക്ഷേപിക്കുന്നവർക്കെതിരെ കടന്നാക്രമണം നടത്തുമെന്നാണ് സൂചന. പിസി ജോർജിന് മറുപടി പറയാൻ അച്യുതാനന്ദനെ പോലൊരു ജനകീയ മുഖത്തെ മുന്നിൽ നിർത്താനാണ് മഞ്ജുവാര്യരുടെ തീരുമാനം.

നടിക്ക് പിന്തുണ നൽകാൻ വിമൻ ഇൻ കളക്ടീവ് ഏത് അറ്റം വരേയും പോകും. കേസ് അട്ടിമറിക്കാൻ സിനിമയിലെ പ്രമുഖർ തന്നെ രംഗത്ത് വരുന്നു. ദിലീപിന്റെ രാമലീലയെ വിജയിപ്പിക്കാനാണ് സിനിമക്കാരുടെ നീക്കം. സിനിമ കാണാൻ എല്ലാ സൂപ്പർതാരങ്ങളും ഫാൻസുകൾക്ക് നിർദ്ദേശം നൽകുന്നു. ഇതിലൂടെ രാമലീലയെ വമ്പൻ ഹിറ്റാക്കി ദിലീപിന് താരപരിവേഷം നൽകാനാണ് ശ്രമമെന്ന് വനിതാ കൂട്ടായ്മ കരുതുന്നു. പ്രമുഖ പാർട്ടി നേതാവും മകനും ദിലീപിന്റെ മുൻഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും ചേർന്നുള്ള ഗൂഢാലോചനയുടെ ഫലമാണ് ദിലീപിനെ കുടുക്കിയതിന്റെ പിന്നിലെന്ന് പിസി ജോർജ് ആരോപിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ സംഘം മുഴിവൻ കളിപ്പീരാണ്. കൂറെ വട്ടിളകിയ ആളുകളാണ് കേസ് അന്വേഷിക്കുന്നത്. എറ്റവും മാന്യമായ പൊലീസ് സേനയുള്ള കേരളത്തിൽ ഒരുകൂട്ടം വട്ടിളകിയ പൊലീസ് ഉദ്യോഗസ്ഥർ ഇറങ്ങി തിരിച്ചിട്ടുണ്ട്. പി.സി. ജോർജ് കൂട്ടിച്ചേർക്കുന്നു.

ദിലീപിനെ പിന്തുണയ്ക്കാൻ സിനിമയിലെ പലരേയും പിസി ജോർജ് കൂട്ടുപിടിക്കുന്നുമുണ്ട്. സിനിമയിൽ ദിലീപിനുണ്ടായ വളർച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. സാമ്പത്തികമായി ഒന്നുമില്ലാതിരുന്ന വ്യക്തിയായിരുന്നു ദിലീപ്. എന്നാൽ, കഠിനാധ്വാനം കൊണ്ട് വളർന്നു വരികയും മലയാള സിനിമാ ലോകം തന്നെ പിടിച്ചടക്കുകയും ചെയ്ത വ്യക്തിയാണ് ദിലീപ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്കു പോലും പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ ദിലീപ് എത്തിയിട്ടുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു. ഇത്തരത്തിൽ ദിലീപിനെ ഉയർത്തിക്കാട്ടുന്ന തരത്തിലാണ് പ്രചരണം. ഇതിനെ നേരിടാൻ അതിശക്തനെ തന്നെ വേണമെന്ന് മഞ്ജുവാര്യർ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് വി എസ് അച്യുതാനന്ദനെ മാനവീയം വീഥിയിലെ പരിപാടിക്ക് കൊണ്ടുവരുന്നത്. നടിയെ പിന്തുണയ്‌ക്കേണ്ട സാഹചര്യം വിഎസിലൂടെ പൊതു സമൂഹത്തിലെത്തുമെന്നാണ് ഈ കൂട്ടായ്മയുടെ പ്രതീക്ഷ. ഇതിനിടെ സിനിമാക്കാർ ഈ പരിപാടിയെ സംശയത്തോടെ കാണുന്നുണ്ട്.

രാമലീലയെ പൊളിക്കാനാണ് ഈ നീക്കമെന്നും സംശയിക്കുന്നു. ഈ 28നാണ് രാമലീല പുറത്തിറങ്ങുന്നത്. ഈ ദിവസം തന്നെ മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും തിയേറ്ററിലെത്തും. നേരത്തെ ദിലീപിന്റെ ജോർജേട്ടൻസ് പൂരം ഇറങ്ങിയപ്പോൾ കെയർ ഓഫ് സൈറാ ബാനും തിയേറ്ററിലെത്തി. ജോർജേട്ടൻസ് പൂരം പൊളിയുകയും സൈറാ ബാനു വിജയിക്കുകയും ചെയ്തു. ഇതോടെ ലേഡി സൂപ്പർ പദവിയും മഞ്ജുവിന് കിട്ടി. ഇതുറപ്പിക്കാനാണ് ഉദാഹരണം സുജാതയുമായി മഞ്ജു എത്തുന്നത്. ഇത് ദിലീപിന് വലിയ തിരിച്ചടിയാണ്. കുടുംബ പ്രേക്ഷകർ വിഷുക്കാലത്ത് മഞ്ജുവിനൊപ്പം പോകാൻ സാധ്യതയുണ്ട്. ഇതിന് ആക്കം കൂട്ടാനാണ് വി എസ് അച്യുതാനന്ദനെ പോലെ ജനകീയരായ വ്യക്തികളെ പങ്കെടുപ്പിച്ച് വിമൻ ഇൻ കളക്ടീവ് ഇരയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനും ദിലീപിനെ പ്രതിക്കൂട്ടിൽ നിർത്താനും നീക്കം സജീവമാക്കുന്നത്.

ദിലീപിനെ സമൂഹത്തിലെ അശരണരുടെ തോവായി ചിത്രീകരിക്കാൻ പിസി ജോർജ് ശ്രമിച്ചിരുന്നു. നിരവധി ജീവകാരണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയാണ് ദിലീപ്. 80ഓളം വീടുകളാണ് ദിലീപ് പാവങ്ങൾക്കു വെച്ച് നൽകിയിട്ടുള്ളത്. എട്ട് ലക്ഷം രൂപയിൽ അധികം ചെലവ് വരുന്ന വീടുകളാണ് ഇവയെല്ലാം. എന്നാൽ, ഇതൊന്നും ആരും പുറത്ത് പറയുന്നില്ലെന്നും പി.സി. അഭിപ്രായപ്പെട്ടു. ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടെന്ന് പറയാൻ പൊലീസ് നാദിർഷായെ നിർബന്ധിക്കുകയാണ്. എന്നാൽ, അത് നടക്കാതെ വന്നതിനെ തുടർന്ന് ഇപ്പോൾ പൊലീസ് നാദിർഷയെയും ഭീഷണിപെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കോടതി ദിലീപിന് ജാമ്യം അനുവദിക്കണം. അല്ലെങ്കിൽ ജാമ്യം നിഷേധിക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. ഈ കേസിന്റെ സത്യം തെളിയണമെങ്കിൽ ദിലീപ് പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ദിലീപ് കോൺഗ്രസ് പ്രവർത്തകനാണ്. ആലുവയിലെ വിജയത്തിന് ദിലീപ് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് സിപിഎമ്മിന് വിരോധമുണ്ടാക്കിയിട്ടുണ്ടെന്നും പി.സി. ജോർജ് ആരോപിച്ചിരുന്നു. ഇതെല്ലാം വ്യക്തമായ ലക്ഷ്യത്തോടെയാണെന്ന് വിമൻ ഇൻ സിനിമാ കളക്ടീവ് നിലപാട് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഇടപെടൽ.

ദിലീപ് അങ്കമാലി കോടതിയിൽ ജാമ്യഹർജി നൽകിയിത് കൃത്യമായ ആസൂത്രണത്തോടെയെന്ന് സൂചന. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയിൽ വീണ്ടും ജാമ്യഹർജി സമർപ്പിക്കുന്നതിന് അവസരം ലഭിക്കും.ഇങ്ങിനെ സമർപ്പിക്കുന്ന ജാമ്യഹർജി പരിഗണിക്കുക നാദിർഷയുടെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച ജസ്റ്റീസ് ഉബൈദിന്റെ ബഞ്ചിലായിരിക്കുമെന്നാണ് ദിലീപിന്റെ അടുപ്പക്കാരുടെ കണക്കുകൂട്ടൽ. നാദിർഷയുടെ കാര്യത്തിൽ പ്രൊസിക്യൂഷനെ വിമർശിക്കുന്ന തരത്തിൽ ജസ്റ്റീസ് ഉബൈദിന്റെ ഭാഗത്തുനിന്നും പരാമർശമുണ്ടായതിൽ ദിലീപ് പക്ഷം സന്തുഷ്ടരാണ്. തങ്ങളുടെ കാര്യത്തിലും കോടതിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടാവുമെന്ന് തന്നെയാണ് ഈ വിഭാഗം കരുതുന്നത്. ദിലീപ് പക്ഷം ഉന്നതതലത്തിൽ ചില നീക്കുപോക്കുകൾ ഉണ്ടാക്കിയതായി ഊഹാഭോഗങ്ങളും പ്രചരിച്ചിട്ടുണ്ട്. വമ്പൻ സ്രാവിന്റെ ബന്ധുവിന്റെ ചില കള്ളക്കളിലും അണിയറയിൽ സജീവമാണ്. ഇതും കാര്യങ്ങൾ അനുകൂലമാക്കുമെന്ന് ദിലീപിന്റെ അടുപ്പക്കാർ പറയുന്നു.

ജാമ്യഹർജിയിൽ സ്വീകരിക്കേണ്ട 'അടവുനയം' രൂപപ്പെടുത്താൻ കൊച്ചിയിലും കോഴിക്കോട്ടും ദിലീപിന്റെ 'കാര്യക്കാർ' പലവട്ടം യോഗം ചേർന്നതായും പറയപ്പെടുന്നു. ഇതിനിടെ നാദിർഷയ്ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നുള്ള കടുത്ത നീക്കങ്ങൾക്ക് തയിടാൻ കോടിക്കോട് സ്വദേശീയായ വ്യാപാരി സംഘടന നേതാവും ശക്തമായി രംഗത്തുണ്ടെന്നുള്ള പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്യലിന് വിളിക്കുമെന്ന് വാർത്ത പ്രചരിച്ച ഉടനെ നാദിർഷ ആശുപത്രിയിലായിരുന്നു. ആശുപത്രിയിൽ കഴിയവേ നേതാവിനെ ബന്ധപ്പെട്ട് നാദിർഷ സഹായം തേടിയെന്നും ഇക്കാര്യത്തിനായി ഭരണതലത്തിലെ സ്വാധീനം പ്രയോജനപ്പെടുത്തണമെന്ന് നാദിർഷ ഇദ്ദേഹത്തോട് അഭ്യർത്ഥിച്ചുവെന്നും മറ്റുമുള്ള പ്രാചാരണങ്ങളും സിനിമവൃത്തങ്ങളിൽ വേരുന്നിയിട്ടുണ്ട്.

പൊലീസ് കുറ്റപത്രം സമർപ്പിച്ചാൽ ദിലീപിന് ജാമ്യം ലഭിക്കുന്നതിനുള്ള സാദ്ധ്യത കുറയുമെന്നാണ് നിയമവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിലാണ് സർവ്വതന്ത്രവും പയറ്റി ദിലീപിനെ പുറത്തെത്തിക്കാൻ വിവിധകോണുകളിൽ നിന്നുള്ള നീക്കം ശക്തിപ്പെട്ടിട്ടുള്ളതെന്നാണ് പൊതുവേയുള്ള നിഗമനം. ഈ സാഹചര്യത്തിലാണ് വിമൻ ഇൻ കളക്ടീവ് നിലപാട് കടുപ്പിക്കുന്നത്.