തിരുവനന്തപുരം:സിപിഐ(എം). സംസ്ഥാനനേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വി എസ്. അച്യുതാന്ദൻ വീണ്ടും പോരാട്ടത്തിന്. തന്റെ നിലപാട് വ്യക്തമാക്കി കേന്ദ്രനേതൃത്വത്തിനു വീണ്ടും കത്ത് നൽകി. പോളിറ്റ് ബ്യൂറോ യോഗത്തിനു തൊട്ടുമുമ്പ് വി.എസിന്റെ ദൂതനായി എ.കെ.ജി. സെന്ററിലെത്തിയത് മകൻ വി.എ. അരുൺകുമാറാണ്. എ.കെ.ജി. സെന്ററിലെത്തിയാണ് അരുൺകുമാർ അച്ഛന്റെ കത്ത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കൈമാറിയത്.

പാർട്ടി പ്രവർത്തനങ്ങളിൽനിന്നു തന്നെ ചിലർ അകറ്റിനിർത്തുകയാണെന്നും ഏഴുമാസത്തെ ഭരണംകൊണ്ടുതന്നെ പിണറായി സർക്കാരിന്റെ പ്രതിഛായ തകർന്നെന്നുമാണു കത്തിൽ വി.എസിന്റെ ആരോപണം. സംഘടനാതലത്തിലുള്ള തിരുത്തൽ നടപടികൾ കേന്ദ്ര കമ്മിറ്റി ചർച്ചചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവെന്ന നിലയിൽ ഇന്നത്തെ യോഗത്തിൽ വി.എസും പങ്കെടുക്കും. മികച്ച രീതിയിൽ തുടങ്ങിയ സംസ്ഥാനസർക്കാരിനു ചുരുങ്ങിയ കാലംകൊണ്ട് പ്രതിഛായ നഷ്ടപ്പെട്ടതു ഗൗരവമായി പരിശോധിക്കണമെന്നും കത്തിൽ വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് കത്ത്.

പിണറായി മുഖ്യമന്ത്രിയായതോടെ കോടിയേരിയുടെ നേതൃത്വത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നുണ്ട്. ഇതു കൂടി തിരിച്ചറിഞ്ഞാണ് വിഎസിന്റെ കത്ത്. ഭരണത്തെ വിമർശിക്കുന്നതിന് അപ്പുറം സംഘടനാ പ്രശ്‌നങ്ങളും ഉയർത്തുന്നത്. സംസ്ഥാനത്തെ പാർട്ടിയിലെ വിഭാഗീയതയ്ക്ക് ഇത് പുതിയ മാനം നൽകും. ദേശീയതലത്തിലടക്കം പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ കേന്ദ്ര കമ്മിറ്റി ചർച്ചചെയ്യണമെന്ന ആമുഖത്തോടെയാണു കത്ത് ആരംഭിക്കുന്നത്.

കൂടുതൽ ജനകീയപ്രക്ഷോഭങ്ങൾ ഏറ്റെടുക്കണം. പാർട്ടി നേതാക്കൾ ക്രിമിനൽ/അഴിമതി കേസുകളിൽ പ്രതിയാകുന്നതു ഗൗരവത്തോടെ കാണണമെന്നും കൊൽക്കത്ത പ്ലീനം തീരുമാനങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുകയാണെന്നും വി എസ്. ചൂണ്ടിക്കാട്ടി. പാർട്ടി നേതൃത്വം നിർദ്ദേശിച്ചതനുസരിച്ചാണു ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ സ്ഥാനം സ്വീകരിച്ചത്. എന്നാൽ, ആ പദവിയിൽ നോക്കുകുത്തിയാക്കാനാണു ശ്രമം. പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് തന്നെ പാർശ്വവൽക്കരിക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാത്തത് ഇതിനുദാഹരണമാണ്. ഇക്കാര്യം നേതൃത്വം പരിശോധിക്കണം.

താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ആരോപണവിധേയർക്കെതിരേ മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ട്. ചിലരുടെ താൽപര്യത്തിനു വഴങ്ങാത്തവരെ ഒറ്റപ്പെടുത്താനുള്ള നീക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ടാണു വി.എസിന്റെ കത്ത് അവസാനിക്കുന്നത്. തുടർച്ചയായി പാർട്ടി അച്ചടക്കം ലംഘിക്കുന്ന വി.എസിനെതിരേ സംഘടനാ നടപടി വേണമോയെന്നു വ്യക്തമാക്കുന്ന പി.ബി. കമ്മിഷൻ റിപ്പോർട്ട് കേന്ദ്ര കമ്മറ്റി ചർച്ചചെയ്യാനിരിക്കേയാണ് അദ്ദേഹത്തിന്റെ കത്ത്.