തിരുവനന്തപുരം: നിയമസഭയിൽ 5 എംഎൽഎമാരെ സസ്‌പെന്റെ ചെയ്തതിനെ പ്രതിപക്ഷം ഒരു തരത്തിലും അംഗീകരിക്കുന്നില്ല. ധനമന്ത്രി മാണിയുടെ രാജിയോടെ മാത്രമേ സമരം അവസാനിക്കുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം. 5 എംഎൽഎമാരെ പുറത്താക്കിയ പ്രമേയാവതരണ ശേഷം സ്വതസിദ്ധമായ ശൈലിയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ കാര്യങ്ങൾ വിശദീകരിച്ചു. ബജറ്റ് ചർച്ച നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പിന്നീട് പറഞ്ഞു. അതിന് ശേഷം നികുതി ഇളവ് പിൻവലിച്ച് നടത്തിയ പ്രസംഗത്തിൽ ധനമന്ത്രിയും വിഎസിനെ കളിയാക്കി.

5 എംഎൽഎമാരെ പുറത്താക്കിയതിനെ അംഗീകരിക്കുന്നില്ല. ഇത് ഏകപക്ഷീയമാണ്. അഴിമതി വീരനായ മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിച്ചതിനെ അംഗീകരിക്കുന്നില്ല. അതിന്റെ തുടർച്ചയായുള്ള എംഎൽഎമാർക്കെതിരായ സസ്‌പെൻഷനും ഏകപക്ഷീയമായ നടപടിയാണ്. സഭയിൽ വനിത എംഎൽഎമാരെ അപമാനിച്ചവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് അദ്ദേഹം ചോദിച്ചു. ആംഗ്യം കാണിച്ചാൽ ബജറ്റാകുമോ? കെ.എം മാണിക്കും ഉമ്മൻ ചാണ്ടിക്കും കൂട്ടുപിടിക്കുകയാണ് സ്പീക്കർ ചെയ്യുന്നത്. ഈ സ്പീക്കർ സഭയ്ക്ക് തന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ശിവദാസൻ നായർ ദുശാസനനാണ്. വിഷാദരോഗം ബാധിച്ച ഞരമ്പുരോഗികളെ പോലെയാണ് ഭരണപക്ഷ എംഎ‍ൽഎമാരുടെ പെരുമാറ്റം. ഭരണപക്ഷ എംഎ‍ൽഎമാർക്ക് ചികിത്സ നൽകണം. അല്ലെങ്കിൽ വനിതാ അംഗങ്ങൾക്ക് സഭയിൽ വന്നുപോവാൻ കഴിയില്ല. കോൺഗ്രസിന്റെ ദുശ്ശാസനന്മാർ ലൈഗിക ചുവയോടെ ആക്രമിച്ച ഭരണകക്ഷി എംഎൽഎമാർക്കെതിരെ മുഖ്യമന്ത്രി ഒന്നും പറയുന്നില്ല. ജി കാർത്തികേയന്റെ ദുഃഖാചരണസമയത്ത് ഭരണപക്ഷം ലഡു വിതരണം നടത്തി. ബജറ്റിന് ശേഷം മാണിയെ ചുംബിക്കാൻ ഇതെന്താ ചുംബന സമരമാണോയെന്ന് വി എസ് സഭയിൽ ചോദിച്ചു. ഇതൊന്നും കാണാതെ പ്രതിപക്ഷ എംഎൽഎമാരെ മാത്രം സസ്‌പെന്റ് ചെയ്യുന്നത് അംഗീകരിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സസ്‌പെൻഷൻ പ്രമേയം അവതരിപ്പിച്ചത്. മലയാളികൾക്കെല്ലാം നാണക്കേടായ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ വളരെ വിഷമത്തോടെയാണ് നടപടിയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തെ ഒരു എംഎ‍ൽഎ. പോലും സ്പീക്കറുടെ വേദിയിൽ കയറിയില്ലെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. അവരുടെ സീറ്റിനടുത്തെത്തിയാണ് പ്രതിപക്ഷ എംഎ‍ൽഎ.മാർ അവരെ ഉപദ്രവിച്ചത്. എല്ലാം ലോകം മുഴുവൻ കണ്ടകാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തിന് അംഗീകാരം ലഭിച്ച ശേഷം ബജറ്റ് ചർച്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് ശേഷമാണ് ധനമന്ത്രി സംസാരിച്ചത്.

ധനമന്ത്രി കെ.എം.മാണി ബഡ്ജറ്റിൽ അരിക്കും അരിയുൽപന്നങ്ങൾക്കും ഏർപ്പെടുത്തിയ അധിക നികുതി പിൻവലിച്ചു. ഇന്ന് ചേർന്ന യു,ഡി.എഫ് കക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. അരി, ഗോതമ്പ്, വെളിച്ചെണ്ണ, പഞ്ചസാര എന്നിങ്ങനെ നിരവധി നിത്യോപയോഗ സാധനങ്ങൾക്കാണ് വില കൂട്ടിയത്. അരി, അരിയുല്പന്നങ്ങൾ, ഗോതമ്പ് എന്നിവയ്ക്ക് ഒരു ശതമാനവും മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് അഞ്ച് ശതമാനവും നികുതിയാണ് ബഡ്ജറ്റിൽ ഏർപ്പെടുത്തിയത്. ഇവയെല്ലാം പിൻവലിക്കുന്നതായി ധനമന്ത്രി അറിയിച്ചു. അതിന് ശേഷമാണ് പ്രതിപക്ഷ നേതാവിനെ വിമർശിച്ച് മാണി സംസാരിച്ചത്.

മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രമുണ്ടെന്ന് വി എസ് ബാർ ഉടമകളുടെ മൊഴി ഉദ്ദരിച്ച് പലവട്ടം പറഞ്ഞിരുന്നു. എന്നാൽ നോട്ടെണ്ണൽ യന്ത്രമുള്ളത് തനിക്കല്ലെന്നും അത് വിഎസിന്റെ മകനാണ് ഉള്ളതെന്നും മാണി തിരിച്ചടിച്ചു.