കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണ് മാണി പോകുന്നതെന്ന് വി എസ്; പ്രതിപക്ഷ നേതാവ് അന്തിക്രിസ്തുവെന്ന് തിരിച്ചടിച്ച് ധനമന്ത്രിയും; ബാർകോഴയിൽ നിയമസഭയിൽ വാക്പോര്; മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം; അന്വേഷണം ശരിയായ ദിശയിലെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: ബാർ കോഴ ആരോപണങ്ങളിൽ ധനമന്ത്രി മാണിയെ കണക്കിന് പരിഹസിച്ച് വി എസ് അച്യുതാനന്ദൻ. തക്ക മറുപടിയുമായി മാണിയും വിഎസിനെ കടന്നാക്രമിച്ചു. നിയമസഭാ സമ്മേളനം സജീവമായതോടെ മാണിയെ പ്രതിപക്ഷം എങ്ങനെ നേരിടുമെന്നും വ്യക്തമായി. ചോദ്യോത്തരവേളയിൽ മാണിയോട് പ്രതിപക്ഷം ചോദ്യമുയർത്തിയില്ല. അതിന് ശേഷം നടന്ന അടിയന്തര പ്രമേയ ചർച്ചയിലാണ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ബാർ കോഴ ആരോപണങ്ങളിൽ ധനമന്ത്രി മാണിയെ കണക്കിന് പരിഹസിച്ച് വി എസ് അച്യുതാനന്ദൻ. തക്ക മറുപടിയുമായി മാണിയും വിഎസിനെ കടന്നാക്രമിച്ചു. നിയമസഭാ സമ്മേളനം സജീവമായതോടെ മാണിയെ പ്രതിപക്ഷം എങ്ങനെ നേരിടുമെന്നും വ്യക്തമായി. ചോദ്യോത്തരവേളയിൽ മാണിയോട് പ്രതിപക്ഷം ചോദ്യമുയർത്തിയില്ല. അതിന് ശേഷം നടന്ന അടിയന്തര പ്രമേയ ചർച്ചയിലാണ് വിഎസും മാണിയും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയത്.
കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണ് കെ.എം മാണി പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ്. കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വി എസ് ബൈബിൾ വാക്യങ്ങളുമായി നിയമസഭയിലെത്തിയത്. എന്നാൽ വി എസ് അന്തിക്രിസ്തുവാണെന്ന ചുട്ടമറുപടിയാണ് കെ.എം മാണി നൽകിയത്. വി.എസിന്റെ പ്രസംഗം ചെകുത്താൻ വേദമോതുന്നതുപോലെയാണെന്നും മാണി പറഞ്ഞു. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേസ് മുഴുവൻ കേരളത്തിനാണെന്നും വി എസ് ആരോപിച്ചു.
കോഴ ആരോപണത്തിൽ മന്ത്രി മാണിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന്റെ അവതരണാനുമതി നിഷേധിച്ചതോടെയാണ് ചരിത്രത്തിൽ ഇതേവരെ കാണാത്ത വാക്പോരിന് നിയമസഭ വേദിയായത്. സിപിഐ(എം) അംഗം എസ്.ശർമ്മയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ബാർ കോഴക്കേസിൽ പ്രതിയായ മാണിയെ അറസ്റ്റു ചെയ്യണമെന്ന് ശർമ്മ ആവശ്യപ്പെട്ടു. ജെയിംസ് മാത്യൂ എംഎൽഎയെ അറസ്റ്റു ചെയ്ത സർക്കാർ എന്തുകൊണ്ടാണ് മാണിയെ അറസ്റ്റു ചെയ്യാൻ മണിക്കുന്നത്. പ്രതിപക്ഷ എംഎൽഎയ്ക്ക് ഒരു നീതിയും ഭരണപക്ഷ മന്ത്രിക്ക് മറ്റൊരു നീതിയുമാണ് സർക്കാർ പാലിക്കുന്നത്.
മാണിക്ക് കോഴ നൽകിയെന്ന് ബാർ ഉടമകൾ വ്യക്തമാക്കിയിട്ട്. മാണിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും അറസ്റ്റു ചെയ്യാൻ പൊലീസ് മടിക്കുകയാണ്. മാണി ധനകാര്യമന്ത്രിയായിരിക്കേ എങ്ങനെ നിഷ്പക്ഷമായ അന്വേഷണം നടക്കും. മാണിയെ രക്ഷിക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോവുകയാണെന്ന് നോട്ടീസിൽ മറുപടി നൽകിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഹൈക്കോടതിയും വിജിലൻസ് കോടതിയും ലോകായുക്തയും കേസന്വേഷണത്തിൽ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയിട്ടണ്ട്. അന്വേഷണം നീതിയുക്തവും നിഷ്പക്ഷവുമായിരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഇതേതുടർന്ന് ഡെപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ അടിയന്തര പ്രമേയത്തിന് അവതരണനുമതി നിഷേധിച്ചു.
സർക്കാർ വീഴുമെന്ന് ഭയംകൊണ്ടാണ് മാണിയെ സർക്കാർ സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആരോപിച്ചു. മാലാഖയിരിക്കേണ്ട സ്ഥലത്ത് ചെകുത്താനെ പോലെ മാണി കയറിയിരിക്കുന്നു. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിനാണെന്നും വി എസ് കുറ്റപ്പെടുത്തി. തുടർന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
നിയമസഭയിൽ വി എസ് ഇന്ന് മാണിക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
സർ,
ബാർ കോഴ, ബാർ കോഴ; കോഴ മാണി, കോഴ മാണി; അഴിമതി മന്ത്രിസഭ, അഴിമതി മന്ത്രിസഭ എന്നൊക്കെ കേട്ടു തുടങ്ങിയിട്ട് എത്ര നാളായി സാർ? നാലര മാസമായി.
കോഴ വാങ്ങിയതും, സ്വന്തം കീശ വീർപ്പിച്ചതും മാണിയാണെങ്കിലും ഇതിന്റെ നാണക്കേട് കേരളത്തിന് ഒന്നടങ്കമാണ്. മാണിക്ക് ഇതിൽ വലിയ നാണമൊന്നും തോന്നുന്നുണ്ടാവില്ല. കാരണം മാണി കഴിഞ്ഞ അമ്പതുകൊല്ലമായി നടത്തിക്കൊണ്ടിരുന്ന കാര്യം ഇത്തവണയും ആഘോഷപൂർവ്വം നടത്തുകയായിരുന്നു.
പണ്ടൊന്നും ഇത് ആരും അറിഞ്ഞിരുന്നില്ല എന്നേയുള്ളൂ. ഇപ്പോഴാകട്ടെ ജനങ്ങൾ ഇത് അറിയുകയും മാണിയുടെ കള്ളി വെളിച്ചത്താവുകയും ചെയ്തു. അത്രയേ ഉള്ളൂ. പക്ഷെ മാണി ഇങ്ങനെ സമാധാനിച്ചാലും ഈ സാക്ഷര സുന്ദര കേരളമാണ് തെരുവിൽ വിവസ്ത്രമാക്കപ്പെട്ട അവസ്ഥയിലായിരിക്കുന്നത്. ആരാണ് സാർ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ മൂക്കത്ത് വിരൽ വയ്ക്കാതിരിക്കുക?
സാർ, മാണി കോഴ വാങ്ങിയതിനെപ്പറ്റി ബാർ ഉടമ ബിജു രമേശാണ് മാലോകരോട് ആദ്യം പറഞ്ഞതെങ്കിലും അതിനു മുമ്പേ ഇക്കാര്യം അറിയാവുന്ന ചിലരുണ്ട് സർ. അവർ ദാ അപ്പുറത്ത് കള്ളച്ചിരി ഉള്ളിലൊതുക്കി ഇരിക്കുകയാണ് സാർ. നമ്മുടെ മുഖ്യമന്ത്രിയുടെയും, ചീഫ് വിപ്പിന്റെയും മുഖത്തേക്ക് ഒന്നു നോക്കണം സാർ. ചീഫ് വിപ്പ് എപ്പോഴും സത്യം മാത്രം പറയുന്ന ആളല്ലേ? മുഖ്യമന്ത്രിയാണെങ്കിലോ ഒരിക്കലും സത്യം പറയരുതെന്ന് പ്രതിജ്ഞ എടുത്തിട്ടുള്ള ആളുമല്ലേ. എന്നാലും മാണിയുടെ കോഴ പ്രശ്നത്തിൽ ഇവർക്ക് രണ്ടുപേർക്കും ഒരു സംശയവും ഇല്ല സാർ. പക്ഷേ അക്കാര്യം അവർ ഇപ്പോൾ ഇവിടെ പറയില്ലെന്ന് മാത്രമേയുള്ളൂ. സർക്കാരെങ്ങാൻ താഴെ വീണാലോ എന്ന ഭയമാണ് 'ഉദര നിമിത്തം ബഹുകൃതവേഷം' എന്ന് കവി പാടിയത് എത്ര അർത്ഥവത്താണ് സാർ.
സാർ, മാണി കോഴ വാങ്ങിയ കാര്യം ഉറപ്പിച്ചു പറയുന്നത് ബിജു രമേശോ, പ്രതിപക്ഷമോ മാത്രമാണോ സാർ? മാണിയും, ഉമ്മൻ ചാണ്ടിയുമൊക്കെ നിയന്ത്രിക്കുന്ന, അവരുടെ കീഴിൽ പണിയെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ തയ്യാറാക്കിയ എഫ്.ഐ.ആർ അല്ലേ സാർ, കോഴക്കാര്യം അടിവരയിട്ട് പറയുന്നത്.
എന്താണ് സാർ, വിജിലൻസ് പൊലീസ് സൂപ്രണ്ട് സമർപ്പിച്ച എഫ്.ഐ.ആറിൽ പറയുന്നത്? 'ബാർഹോട്ടൽ അസോസിയേഷൻ അംഗങ്ങളിൽ ചിലർ പറഞ്ഞത് അംഗങ്ങളിൽ നിന്ന് പിരിക്കുന്ന തുക മാണിക്ക് നൽകാനാണ് എന്ന് അറിയാമായിരുന്നു എന്നാണ്. ഇങ്ങനെ സമാഹരിച്ച പണം മാണിക്ക് കൈമാറുമ്പോൾ തങ്ങൾ മാണിയുടെ വീടിന്റെ ചുറ്റുവട്ടത്ത് ഉണ്ടായിരുന്നതായും ബാർഹോട്ടൽ ഉടമകളിൽ ചിലർ പറഞ്ഞിട്ടുണ്ട്. എന്നുമാത്രമല്ല, 242014ൽ പണം മാണിക്ക് കൈമാറുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ഇതിന് സാക്ഷിയായ ഒരു ബാർഹോട്ടൽ ഉടമ പറഞ്ഞിട്ടുണ്ട്'.
ഇത്രയും കാര്യങ്ങൾ എഫ്.ഐ.ആറിൽ പറഞ്ഞതാണ്. ആ എഫ്.ഐ.ആറിന്റെ കോപ്പി എന്റെ കൈവശമുണ്ട് സാർ.
സാർ, മാണിയും, മാണിയുടെ ചാവേറുകളായി വരുന്നവരുമൊക്കെ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു കള്ളു കച്ചവടക്കാരൻ മാണിക്കെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നാണ്. അതിന്റെ പേരിൽ ആഴ്ചകൾ ആറ്റുനോറ്റിരുന്ന് മുഹൂർത്തമെല്ലാം നോക്കി ഒരു വക്കീൽ നോട്ടീസ് അയച്ചു. പത്തു കോടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
ആ വക്കീൽ നോട്ടീസിന് ആരോപണമുന്നയിച്ച ബിജു രമേശ് ജോർ ജോറായി ഒരു മറുപടിയും നൽകി. മറുപടിയിൽ എന്താണ് പറഞ്ഞത്? മാണി കോഴ വാങ്ങി എന്ന ആരോപണത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഇതിനുശേഷം പിന്നെയും പലതും ആരോപിച്ചു.
സാധാരണ നമ്മൾ നാട്ടിൽ കേട്ടിട്ടുള്ളത് മാനഹാനിയുണ്ടാക്കുന്ന ഒരു കാര്യം ഒരാൾ പറയുകയോ, എഴുതുകയോ ചെയ്താൽ, രണ്ടാഴ്ചക്കുള്ളിലോ പരമാവധി ഒരു മാസത്തിനുള്ളിലോ അത് പിൻവലിച്ചുകൊണ്ട് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ സിവിലായും, ക്രിമിനലായും ഇത്ര തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്നാണ്. മാനാഭിമാനബോധമുള്ളവരൊക്കെ മലയാള നാട്ടിൽ ഇതാണ് ചെയ്യുന്നത്.
എന്നാൽ മാണി ഇങ്ങനെ എന്തെങ്കിലുമൊരു കേസ് ഫയൽ ചെയ്തതായി നമ്മളാരും കേട്ടിട്ടില്ല. ഒരു കേസ് ഫയൽ ചെയ്ത് വാസ്തവവിരുദ്ധമായ ആരോപണം ഉന്നയിച്ച ബിജു രമേശിനെ ശിക്ഷിപ്പിച്ചാൽ പോരായിരുന്നോ? 'നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം' എന്ന് പറയുന്നതു പോലെ മാണിക്ക് ഒറ്റയടിക്ക് രണ്ടു കാര്യം നേടാമായിരുന്നില്ലേ. വാസ്തവവിരുദ്ധമായ ആരോപണത്തിൽ നിന്ന് അഗ്നിശുദ്ധി നേടി തിരിച്ചുവരാമായിരുന്നില്ലേ? മാത്രമാണോ, ബിജു രമേശിന്റെ പക്കൽ നിന്ന് പത്തുകോടി രൂപ നഷ്ടപരിഹാരവും കിട്ടുമായിരുന്നില്ലേ? ആ പത്തു കോടി കിട്ടിയാൽ ഇനിയുള്ള വർഷങ്ങളിലെങ്കിലും കോഴ വാങ്ങാതിരിക്കാനും കഴിയുമായിരുന്നില്ലേ? എന്തേ മിസ്റ്റർ മാണി ഇത് ചെയ്യാത്തത്? ശ്രീ. പി.സി. ജോർജ് എങ്കിലും ഈ ബുദ്ധി മാണിക്ക് പറഞ്ഞുകൊടുക്കണം.
സാർ, മാണിക്ക് ഇത് ചെയ്യാൻ ചങ്കുറപ്പുണ്ടോ സാർ? മാണിയെക്കൊണ്ട് ഇത് ചെയ്യിക്കാൻ പി.സി. ജോർജിന് ധൈര്യമുണ്ടോ സാർ? ഇല്ല സാർ, അതൊക്കെ പോയി സാർ.
സാർ, മാണിയും, ഉമ്മൻ ചാണ്ടിയും ഈ പി.സി. ജോർജുമൊക്കെ ദൈവവിശ്വാസികളല്ലേ സാർ. വിശ്വാസികൾ ഇങ്ങനെ കള്ളത്തരം കാണിക്കാമോ സാർ? കള്ളത്തരങ്ങളെ വെള്ളപൂശുന്നത് ഏത് വിശ്വാസമാണ് സാർ അംഗീകരിക്കുന്നത്?
മാണിയും, ഉമ്മൻ ചാണ്ടിയും പി.സി. ജോർജുമൊക്കെ വിശുദ്ധഗ്രന്ഥം നന്നായി വായിച്ചു പഠിച്ചിട്ടുള്ളവരല്ലേ സാർ. അതിൽ മത്തായിയുടെ സുവിശേഷത്തിൽ നിന്ന് ഒരു വാചകം ഉദ്ധരിക്കാം സാർ. 'ഈ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാൽ പിന്നെ എന്ത് പ്രയോജനം' എന്നല്ലേ സാർ മത്തായിയുടെ സുവിശേഷം അധ്യായം 16, വാക്യം 26...
ഇതൊക്കെ ഉരുവിട്ട് ഹൃദിസ്ഥമാക്കിയിട്ടാണോ സാർ ഇക്കൂട്ടർ ഇക്കണ്ട കള്ളങ്ങളൊക്കെ കാട്ടിക്കൂട്ടുന്നത്? ലജ്ജ തോന്നുന്നില്ലേ സാർ.
മിസ്റ്റർ മാണി, ഈ കള്ളത്തരങ്ങളും, വേണ്ടാതീനങ്ങളുമൊക്കെ കാട്ടി നിങ്ങൾക്ക് ഏറെ നാൾ മുന്നോട്ട് പോകാനാവില്ലെന്ന് ഓർക്കണം. സാർ, ബൈബിളിലെ മറ്റൊരു തിരുവചനം കൂടി ഞാൻ ഉദ്ധരിക്കട്ടെ. 'കള്ളത്തരങ്ങളും, മോഷണങ്ങളും നീ നടത്തിയാൽ കെടാത്ത തീയും, ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ നീ വീണുപോകും'
സാർ, അതുകൊണ്ട് മാണി ഇക്കണ്ട കള്ളത്തരങ്ങളൊക്കെ കാട്ടിയിട്ട് തൊടുന്യായങ്ങൾ പറഞ്ഞ് കടിച്ചുതൂങ്ങി ഇരുന്നാലും ബൈബിൾ വചനം സത്യമായി അനുഭവപ്പെടുന്ന ഒരു കാലം വരും. മിസ്റ്റർ മാണി അങ്ങനെ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ വീണു പോകുന്നത് എനിക്ക് ഓർക്കാൻ പോലും കഴിയുന്നില്ല. അതുകൊണ്ട് മിസ്റ്റർ മാണി മന്ത്രിസ്ഥാനം രാജിവച്ച്, ചെയ്തുപോയ അപരാധങ്ങളെല്ലാം ഏറ്റു പറഞ്ഞ് ഈ മഹാപാപത്തിൽ നിന്ന് കരകയറാൻ ശ്രമിക്കണം.
ഉമ്മൻ ചാണ്ടിയും ഇതൊക്കെ ഓർക്കുന്നത് നല്ലതാണ്. കാരണം ചരിത്രം അതാണ് നമ്മളെ പഠിപ്പിക്കുന്നത്.
മിസ്റ്റർ മാണിക്ക് റോമാ സാമ്രാജ്യത്തിലെ ജൂലിയസ് സീസറിന്റെ കഥ അറിയാമെന്നാണ് ഞാൻ ആശിക്കുന്നത്. ജൂലിയസ് സീസറിനെ അവസാനത്തെ കുത്ത് കുത്തിക്കൊന്നത് സീസറിന്റെ ഏറ്റവും വിശ്വസ്തനായ ബ്രൂട്ടസ് ആയിരുന്നു എന്ന് മാണി ഓർക്കുന്നില്ലേ? 'ബ്രൂട്ടസേ നീയും' എന്ന പ്രയോഗമൊക്കെ അങ്ങനെ വന്നതല്ലേ. മാണിക്ക് ചുറ്റും ചില ബ്രൂട്ടസുമാർ ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. ഞാൻ ഇത് പറഞ്ഞപ്പോൾ തന്നെ അപ്പുറത്തിരിക്കുന്ന ചിലരുടെ ഉള്ളിൽ ഒരു ചെറുചിരി പടരുന്നുണ്ട്. പക്ഷെ അവരുടെ പേരൊന്നും പറഞ്ഞ് അത്തരക്കാരെ മഹത്വവൽക്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതൊക്കെ ഇതെല്ലാം കേൾക്കുന്നവരും കാണുന്നവരും തന്നെ തീരുമാനിക്കട്ടെ.
സീസറിനെ കൊന്നതിന് അന്ന് ബ്രൂട്ടസ് പറഞ്ഞ ന്യായം, സീസറിനോട് സ്നേഹമില്ലാതിരുന്നതുകൊണ്ടല്ല, മറിച്ച് സീസറിനേക്കാൾ കൂടുതൽ റോമിനെ സ്നേഹിച്ചതു കൊണ്ടാണെന്നാണ്.
ഒടുവിൽ മാണിയുടെ പതനം ഉറപ്പാകുമ്പോൾ ഇവിടത്തെ ബ്രൂട്ടസുമാർക്കും ഇത്തരത്തിൽ ന്യായം പറയാൻ കഴിഞ്ഞെന്നു വരും. മാണിയോട് സ്നേഹമില്ലാത്തതു കൊണ്ടല്ല മറിച്ച് മാണിയേക്കാളും കൂടുതൽ യു.ഡി.എഫിനെ സ്നേഹിക്കുന്നതു കൊണ്ടാണ് മാണിയെ കുത്തിമലർത്തിയത് എന്നു പറയുന്ന അവസ്ഥയും ഉണ്ടായാൽ അത്ഭുതപ്പെടാനില്ല.
സർ, എഫ് ഐ ആർ ഇട്ടതിന്റെ പേരിൽ ഞങ്ങളുടെ ഒരു എംഎൽഎ യെ നിങ്ങൾ അറസ്റ്റു ചെയ്ത് ജയിലിലാക്കയില്ലേ? എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ട മാണിക്ക് എങ്ങനെയാണ് ഇവിടെ ഇരിക്കാൻ കഴിയുക? അദ്ദേഹത്തെയും അറസ്റ്റു ചെയ്ത് ജയിലിലാക്കേണ്ടേ? ജെയിംസ് മാത്യവിന് ഒരു നീതിയും മാണിക്ക് മറ്റൊരു നീതിയുമാണോ സർ?
ഇങ്ങനെ എന്തൊക്കെ പറഞ്ഞാലും മാണിക്കോ, ഉമ്മൻ ചാണ്ടിക്കോ ഒരു ഉളുപ്പും ഇല്ലെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ടാണല്ലോ ഇത്തരത്തിലുള്ള ഒരു പ്രശ്നം പോലും സഭയിൽ ചർച്ച ചെയ്യാനോ ജനങ്ങൾ അറിയാനോ നിങ്ങൾ ആഗ്രഹിക്കാത്തത്. അതുകൊണ്ട് നിങ്ങളുടെ ഇത്തരം കള്ളത്തരങ്ങളിലും, അത് ഒളിച്ചു വയ്ക്കാനും, അതിൽ നിന്ന് രക്ഷപ്പെടാനും വേണ്ടി പ്രശ്നം ചർച്ചയ്ക്ക് പോലും എടുക്കില്ല എന്ന നിങ്ങളുടെ ജനാധിപത്യവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് ഞാനും എന്റെ കക്ഷിയും വാക്കൗട്ട് നടത്തുന്നു...