ആലപ്പുഴ: കണ്ണൂർ ലോബിയും വിഎസും ഒന്നിച്ചപ്പോൾ പലവെട്ടിനിരത്തലുകളും സിപിഎമ്മിൽ നടന്നു. വിഎസിന്റെ വലംകൈയായിരുന്നു തൊണ്ണൂറുകളിൽ പിണറായി വിജയൻ. ഇംഎംഎസിനേയും ഇകെ നയനാരേയും വെട്ടി പാർട്ടിയിലെ അവസാനവാക്കായി വി എസ് അച്യുതാനന്ദൻ കേരള രാഷ്ട്രീയത്തിൽ സജീവമായി എല്ലാ പിന്തുണയും നൽകി പിണറായി ഒപ്പമുണ്ടായിരുന്നു. സീനിയോറിട്ടി പോലും മറികടന്ന് പിണറായി പാർട്ടി സെക്രട്ടറിയായും വിഎസിന്റെ കരുത്തിൽ തന്നെയായിരുന്നു. പിണറായി സെക്രട്ടറിയായി മാസങ്ങളോളം പാർട്ടി ഭരിച്ചത് വി എസ് തന്നെയായിരുന്നു. പല സംസ്ഥാന കമ്മറ്റികളിലും ഏകപക്ഷീയമായി വി എസ് കാര്യങ്ങൾ പ്രഖ്യാപിച്ചു. പലതും അതിര് കടന്നപ്പോൾ ശിഷ്യൻ പ്രതികരിക്കാനും തുടങ്ങി. ഇതോടെ ഇരുവരും രണ്ട് ധ്രുവങ്ങളിലുമായി.

വെട്ടി നിരത്തൽ രാഷ്ട്രീയത്തിൽ വിഎസിനെ തുണച്ച പിണറായി ഒടുവിൽ ഗുരുവിന് നേരെ വാളെടുത്തു. പാർട്ടിയിൽ വിഎസിന്റെ പിടി അയഞ്ഞു. പഴയ പ്രതാപം വിഎസിനില്ല. പക്ഷേ പൂർണ്ണമായും വെട്ടി നിരത്താൻ പിണറായിക്ക് കഴിഞ്ഞോ എന്ന ചോദ്യവും ബാക്കി. കാരണം ജനകീയ പ്രതിശ്ചായയിലൂടെ പാർട്ടിക്കപ്പുറം വളരാൻ കഴിഞ്ഞ 15 വർഷത്തിനിടെയിൽ വിഎസിനായി. പാർട്ടി കൈവിട്ട് പോകുമെന്ന് തിരിച്ചറിഞ്ഞതു മുതൽ വി എസ് ജനപക്ഷ നിലപാടുകളിലേക്ക് മാറി. ഇതു മാത്രമാണ് ഗുരുവിനെ വെട്ടിവീഴ്‌ത്താനുള്ള പിണറായിയുടെ കരുനീക്കങ്ങൾക്ക് തടസ്സമായത്. പക്ഷേ പാർട്ടി വിരുദ്ധ മാനസികാവസ്ഥയുള്ള നേതാവായി വിഎസിനെ ചൂണ്ടിക്കാണിക്കാൻ പിണറായിക്ക് കഴിഞ്ഞു.

1998 സെപ്റ്റംബറിൽ ചടയൻ ഗോവിന്ദൻ അന്തരിച്ചപ്പോൾ സെക്രട്ടറിയായി പിണറായി വിജയനെ നിർദ്ദേശിച്ചത് വി.എസായിരുന്നു. അന്ന് നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന പിണറായിയെ രാജി വയ്പിച്ച് പാർട്ടി സെക്രട്ടറി ആക്കിയത് വിഎസിന്റെ കരുനീക്കമായിരുന്നു. പോളിറ്റ് ബ്യൂറോ അംഗം പോലുമല്ലാത്ത പിണറായിയെ വി എസ് ഉയർത്തിക്കാട്ടിയപ്പോൾ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തും അനുകൂലിച്ചു. ഇതോടെ സിപിഐ(എം) രാഷ്ട്രീയത്തിലെ നിർണ്ണായ അധികാര കസേരയിൽ പിണറായി എത്തി. അതുവരെ പാർട്ടിയിലെ സീനിയോറിട്ടി കണക്കിലെടുത്തായിരുന്നു സെക്രട്ടറിയെ നിശ്ചയിച്ചിരുന്നത്. അന്ന് സംസ്ഥാന സമിതിയിൽ വിഎസിന് ബഹു ഭൂരിപക്ഷത്തിന്റേയും പിന്തുണയുണ്ടായിരുന്നു. തൊട്ട് മുമ്പ് ഇതേ കരുത്തുപയോഗിച്ചാണ് സുശീലാ ഗോപാലനെ വെട്ടി ഇകെ നയനാരെ വി എസ് മുഖ്യമന്ത്രിയാക്കിയതും.

1998 ലെ പാലക്കാട് സമ്മേളനത്തിൽ സിഐടി.യു വിഭാഗത്തിന്റെ വെട്ടിനിരത്തലിനായി വി.എസിന് തുണ നിന്നത് പിണറായി ഉൾപ്പെടെ ഇപ്പോൾ വി.എസിന്റെ മറുപക്ഷത്ത് നിൽക്കുന്ന നേതാക്കളായിരുന്നു. അന്ന് സിഐടി.യു പക്ഷത്തെ പ്രമുഖരായ എം.എം. ലോറൻസ്, കെ.എൻ. രവീന്ദ്ര നാഥ്, വി.ബി. ചെറിയാൻ തുടങ്ങിയവരെ നിഷ്‌കരുണം വെട്ടി നിരത്തി. ഇതിൽ ലോറൻസാണ് ഇന്ന് പിണറായിയുടെ ഏറ്റവും വലിയ തുറുപ്പ് ചീട്ട്. പിണറായിക്ക് വേണ്ടി വിഎസിനെ വിമർശിക്കുന്നവരിൽ പ്രധാനി. ശിവദാസൻ നായരുടെ സെക്രട്ടറി മോഗഹതതെ വെട്ടിയാണ് അന്ന് പിണറായിയെ വി എസ് സെക്രട്ടറിയാക്കിയത്. ഇന്ന് ശിവദാസൻ നായരും പിണറായിക്ക് ഒപ്പം. വിഎസിനെ കഴിഞ്ഞ ദിവസവും കടന്നാക്രമിച്ച് പിണറായിക്ക് വേണ്ടി നിലകൊള്ളുന്ന നേതാവാണ് ശിവദാസൻ നായർ.

പിണറായി സെക്രട്ടറി സ്ഥാനത്ത് എത്തി ആറുമാസം കഴിഞ്ഞപ്പോഴാണ് കഥ മാറിയത്. പിണറായിയും വി.എസും അകന്നു തുടങ്ങി. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് വി എസ് പ്രതിപക്ഷ നേതാവായ ശേഷമായിരുന്നു ഭിന്നതയുടെ തുടക്കം. 2002 ലെ കണ്ണൂർ സമ്മേളനത്തിൽ നാലാം ലോക വിവാദത്തിന്റെയും ഐ.എം.എഫ് ഫണ്ടിംഗിന്റെയും പേരിൽ പ്രത്യയശാസ്ത്ര തർക്കം ഉടലെടുത്തു. എം.എൻ. വിജയന്റെ നേതൃത്വത്തിലുള്ള ചേരി വി.എസിനൊപ്പം നിന്നു. തോമസ് ഐസക്കും എം.എ. ബേബിയുമടക്കമുള്ള മറുചേരിയോടൊപ്പം നിന്ന് പിണറായി വിജയൻ എതിനെ എതിർത്തു. അപ്പോഴും പാർട്ടിയിൽ വിഎസിന് തന്നെയായിരുന്നു മുൻതൂക്കം. പക്ഷേ പതിയേ കാര്യങ്ങൾ മാറി മറിഞ്ഞു.

പ്രതിപക്ഷ നേതാവായ വി എസ് ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് കേരളത്തിന്റെ മനസ് കീഴടക്കി മുന്നേറി. മൂന്നാറിലും സ്ത്രീപീഡന വിഷയങ്ങളിലും നടത്തിയ ഇടപെടലുകളിലൂടെ പ്രതിശ്ചായ മാറ്റി. ഇതിനിടെയിൽ പാർട്ടിയിലെ മുൻതൂക്കം നഷ്ടമായി. 2005 ലെ മലപ്പുറം സമ്മേളനത്തിൽ വി എസ് പിണറായി പോര് മൂർദ്ധന്യത്തിലെത്തി. പി.ബി ഇടപെടൽ മറികടന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിച്ച വി എസ് പക്ഷക്കാർ പരാജയപ്പെട്ടു. വി എസ് പക്ഷത്തിന് അത് കനത്ത തിരിച്ചടിയായി. ഇതോടെ ലാവ്‌ലിൻ എന്ന ആയുധം വി എസ് പുറത്തെടുത്തു. തന്റെ പഴയ ശിഷ്യനെ അഴിമതിയുടെ കൂട്ടിൽ തളയ്ക്കാൻ ശ്രമിച്ചു. പക്ഷേ സെക്രട്ടറി പദത്തിന്റെ അധികാരങ്ങൾ പിണറായിക്ക് തുണയായി. ഒരു ഘട്ടത്തിലും പാർട്ടി പിണറായിയെ കൈവിട്ടല്ല. സെക്രട്ടറിയെ വിമർശിച്ച വി എസ് പാർട്ടിയിൽ ദുർബ്ബലനുമായി.

2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനപ്രിയനായ വി.എസിനെ മത്സരിപ്പിക്കാതിരിക്കാനുള്ള ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനം പ്രതിഷേധത്തിനും ജനരോഷത്തിനും കാരണമായി. കേന്ദ്ര നേതൃത്വം അത് തിരുത്തി. വി എസ് മുഖ്യമന്ത്രിയായതോടെ ഗ്രൂപ്പ് പോര് വല്ലാതെ മറുകി. ലാവ്‌ലിൻ പ്രശ്‌നത്തിൽ പിണറായി വിചാരണ നേരിടണമെന്ന വി.എസിന്റെ നിലപാട് കടുത്ത സംഘർഷം സൃഷ്ടിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനങ്ങൾ വിവാദത്തിനുള്ള വേദിയായി. വി.എസും പിണറായിയും പരസ്പരം ഏറ്റുമുട്ടിയ 2007 ൽ ഇരുവരെയും പി.ബിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇതും പ്രശ്‌ന പരിഹാരമായില്ല.

2008 ലെ കോട്ടയം സമ്മേളനത്തോടെ പാർട്ടി പൂർണമായും പിണറായിയുടെ വരുതിയിലായി. വിഭാഗീയതയുടെ വേര് അറുത്തു എന്ന് പ്രഖ്യാപനവുമുണ്ടായി. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി എസ് വെല്ലുവിളി ഉയർത്തി. പിണറായി വിജയന്റെ കേരള യാത്രയുടെ സമാപനത്തിന് വി എസ് പങ്കെടുക്കുമോ എന്ന ആകാംക്ഷ പരന്നു. അവസാന നിമിഷം വി എസ് ശംഖുംമുഖത്തെ വേദിയിലെത്തിയെങ്കിലും ബക്കറ്റിലെ സമുദ്രവെള്ളത്തിന്റെ പ്രസംഗത്തിലൂടെ പിണറായി വി.എസിനെ പ്രകോപിപ്പിച്ചു. സമുദ്രം കുടിച്ചു വറ്റിക്കുന്ന ഗോർബച്ചേവിന്റെ കഥയിലൂടെ വി.എസും മറുപടി നൽകി. ലാവ്‌ലിൻ തർക്കത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പിണറായിക്കെതിരായ നിലപാടെടുത്തതിന് വി എസ് പി.ബിയിൽ നിന്ന് വീണ്ടും തരം താഴ്‌ത്തപ്പെട്ടു.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എസിനെ തഴയുന്ന നാടകം ആവർത്തിച്ചു. കേന്ദ്രം ഇടപെട്ട് വീണ്ടും വി.എസിനെ സ്ഥാനാർത്ഥിയാക്കി. വി എസ് പ്രതിപക്ഷ നേതാവായി. അപ്പോഴും അവസരത്തിനായി വി എസ് കാത്തിരുന്നു. വി.എസിന് പ്രസ്താവനകൾ എഴുതാൻ സഹായിക്കുന്ന പ്രസ് സെക്രട്ടറിയെയും അസിസ്റ്റന്റ് സെക്രട്ടറിയെയും വരെ പുറത്താക്കി പിണറായിയുംപക വീട്ടി. ടി.പി. ചന്ദ്രശേഖരൻ വധത്തിൽ നിലപാട് കടുപ്പിച്ച് പാർട്ടിയെ വി എസ് ദുർബ്ബലനാക്കി. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ദിവസം വി എസ് ടി.പിയുടെ വീട്ടിലെത്തിയത് പാർട്ടിയെ ഞെട്ടിച്ചു. പിന്നെ കൃഷ്ണപിള്ള സ്മാരകം തകർക്കെലെത്തി. ഇവിടെ വിഎസിന്റെ വിശ്വസ്തരെ പിണറായി പുറത്താക്കി. ഇതിന്റെ തുടർച്ചയാണ് ആലപ്പുഴ സമ്മേളനത്തിൽ കണ്ടത്.

സമ്മേളനത്തിലെ വിമർശനങ്ങൾ വിഎസിലേക്ക് കേന്ദ്രീകരിച്ച് പിണറായി വിജയിച്ചു. പിണറായി മൂന്ന് ടേം എന്ന വാദത്തിന്റെ പേരിൽ പോലും പുറത്തു പോകുമ്പോൾ വിഎസും സന്തോഷിക്കുന്നു. ഇവിടെ തോറ്റത് ആരാണെന്നാണ് പ്രശ്‌നം. ഏതായാലും സിപിഎമ്മിനെ പ്രതീക്ഷയോടെ കണ്ട വലിയൊരു ജനവിഭാഗം കേരളത്തിലും പാർട്ടിയെ വിട്ട് അകലുകയാണ്. വി എസ്-പിണറായി പോരിൽ പാർട്ടിക്കുണ്ടായ നഷ്ടം എത്രയെന്ന് വരും തെരഞ്ഞെടുപ്പുകൾ വ്യക്തമാക്കും.