വിശാഖപട്ടണം: എല്ലാം പറയാതെ പറഞ്ഞ് സീതാറാം യെച്ചൂരിക്ക് വി എസ് അച്യുതാനന്ദന്റെ വിജയാശംസ. സിപിഐ(എം) ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മലയാളിയ എസ് രാമചന്ദ്രൻ പിള്ളയെ പാർട്ടി സംസ്ഥാന ഘടകം മുന്നോട്ട് വയ്ക്കുന്ന സമയത്താണ് വി എസ് പരസ്യമായി നിലപാട് വിശദീകരിക്കുന്നത്.

രാവിലെ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി ഹോട്ടലിൽ നിന്ന് ഇറങ്ങുന്നതിനിടെ കണ്ടുമുട്ടിയപ്പോഴാണ് യെച്ചൂരിക്ക് വി എസ് വിജയാശംസ നേർന്നത്. ചെറുപ്പക്കാർ നേതൃനിരയിലേക്ക് വരണം. യെച്ചൂരി ജനറൽ സെക്രട്ടറി ആകണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് ആദ്യം പിന്തുണ അർപ്പിച്ചത് താനാണെന്നും വി എസ് വ്യക്തമാക്കി. എന്റെ വിജയം താങ്കളുടെ കൂടി വിജയമാണെന്നും എന്നാൽ, പാർട്ടിയുടെ വിജയമാണ് പ്രധാനമെന്നും യെച്ചൂരി വി.എസിന് മറുപടി നൽകി.

അതിനിടെ സിപിഐ(എം) ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്ന മാദ്ധ്യമവാർത്തകളെ നിഷേധിച്ച് എസ് രാമചന്ദ്രൻ പിള്ളയും രംഗത്ത് എത്തി. വിവാദമുണ്ടാകുന്ന പോലെ ഒന്നുമില്ലെന്നാണ് രാമചന്ദ്രൻ പിള്ളയുടെ നിലപാട്. അതിനിടെ യെച്ചൂരിയെ തന്നെ ജനറൽ സെക്രട്ടറിയാക്കണമെന്ന നിലപാടിൽ ബംഗാൾ ഘടകം ഉറച്ചു നിൽക്കുകയാണ്. ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ അടക്കമുള്ളവർ യെച്ചൂരിക്ക് പിന്നിൽ അണി നിരന്നു കഴിഞ്ഞു. വിവാദങ്ങൾ സജീവമായതിനാൽ ഇന്നത്തെ പോളിറ്റ് ബ്യൂറോ യോഗം കേന്ദ്ര കമ്മറ്റിയക്ക് മാത്രമേ രൂപം നൽകാൻ ഇടയുള്ളൂ. പുതിയ കേന്ദ്ര കമ്മറ്റി അടുത്ത ജനറൽ സെക്രട്ടറിയെ നിശ്ചയിക്കട്ടേ എന്ന നിലപാടാണ് യെച്ചൂരിയെ അനുകൂലിക്കുന്നുള്ളവർക്കുള്ളത്.

പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള അവകാശം സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറിക്കാണെന്ന് വരുത്തി തീർത്തി രാമചന്ദ്രൻ പിള്ളയെ പാർട്ടിയുടെ തലപ്പത്ത് എത്തിക്കാനാണ് പ്രകാശ് കാരാട്ടിന്റെ നീക്കം. യെച്ചൂരി രാജ്യസഭയിലെ പാർട്ടി നേതാവാണെന്ന വാദവുമുയർത്തുന്നു. ഇതിനെല്ലാം പരസ്യമായി തന്നെ യെച്ചൂരി മറുപടി പറയുകയും ചെയ്തു. ബംഗാൾ ഘടകത്തിന്റെ ഉറച്ച പിന്തുണയിൽ യെച്ചൂരി വീണ്ടും ജനറൽ സെക്രട്ടറിയാകാനാണ് സാധ്യത. എന്നാൽ അടിത്തറ നഷ്ടമായ ബംഗാളിലെ പാർട്ടി പറയുന്നത് കേൾക്കരുതെന്ന് കേരളാ ഘടകവും നിലപാട് എടുക്കുന്നു. ഇതിനിടെയാണ് യെച്ചൂരിയെ പിന്തുണച്ച് വി എസ് എത്തിയത്.

ഏതായാലും ജനറൽ സെക്രട്ടറിയിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. സിപിഐ(എം) ജനറൽ സെക്രട്ടറി സ്ഥാനത്തിനായി തുറന്ന പോരാണ് നടക്കുന്നത്. തീരുമാനം സുഗമമായിരിക്കുമെന്നു നേതൃത്വം പറയുമ്പോഴും സീതാറാം യച്ചൂരിയുടെയും എസ്. രാമചന്ദ്രൻ പിള്ളയുടെയും പേരുകൾ പരിഗണിക്കപ്പെടുന്നുവെന്നതു വ്യക്തം. തങ്ങൾ മൽസരത്തിലാണെന്നതു യച്ചൂരിയും എസ്. രാമചന്ദ്രൻപിള്ളയും നിഷേധിക്കുന്നുമില്ല. പാർട്ടി തലപ്പത്തേക്കു തുറന്ന പോര് ഇതാദ്യമാണ്. പൊതുധാരണയോടെ പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുകയെന്ന പതിവാണു ഇപ്പോൾ തെറ്റുന്നത്.

വിഎസുമായുള്ള യെച്ചൂരിയുടെ അടുപ്പമാണ് കേരള ഘടകത്തിന്റെ പ്രശ്‌നം. യെച്ചൂരി ജനറൽ സെക്രട്ടറിയായാൽ വിഎസിന്റെ വിഷയങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനങ്ങൾക്ക് പ്രാധാന്യം നഷ്ടമാകും. വി എസ് ചെയ്യുന്നതാണ് ശരിയെന്ന നിലപാട് യെച്ചൂരിക്കുണ്ട്. പോളിറ്റ് ബ്യൂറോ കമ്മീഷന്റെ തീർപ്പുകളിൽ പോലും യെച്ചൂരിയുടെ നിലപാടാകും നിർണ്ണായകമാകുക.