തിരുവനന്തപുരം:കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന് നേരേ വി എസ്.അച്യുതാനന്ദന്റെ ഒളിയമ്പ്.കേന്ദ്ര മന്ത്രിസ്ഥാനത്തിൽ അഭിനന്ദനാർഹമായി ഒന്നുമില്ല. കണ്ണന്താനത്തിന് രാഷ്ട്രീയ ജീർണതയാണ് സംഭവിച്ചത്.ഒരു ഇടതുപക്ഷ സഹയാത്രികനു സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതെന്ന് വി എസ് കുറ്റപ്പെടുത്തി. സൗകര്യങ്ങൾക്കായി കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തിൽ ചേക്കേറുകയായിരുന്നു.

രാജ്യത്ത് ഫാസിസം നടപ്പാക്കുന്നവരുടെ ചാലകശക്തിയായും ചട്ടുകമായും ഒരു ഇടത് സഹയാത്രികന് മാറാൻ കഴിയില്ലെന്നും, വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാൾ വലുതാണ് രാജ്യവും രാഷ്ട്രീയവുമെന്ന് തിരിച്ചറിയേണ്ട സമയത്താണ് അൽഫോൻസ് ഫാസിസ്റ്റ് കൂടാരത്തിലേക്ക് ചേക്കേറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ ജീർണതയാണിത്.

കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ അഭിനന്ദിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ഇതിനെയും പ്രസ്താവനയിൽ വി എസ് പരോക്ഷമായി വിമർശിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സ്ഥാനലബ്ധിയിൽ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്ന് വി എസ് പറയുന്നു.സ്ഥാനാർത്ഥി നിർണയത്തിൽ സി.പി.എം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സന്ദേശമാണ് ഇടതുപക്ഷത്തിന് അൽഫോൻസ് കണ്ണന്താനം നൽകുന്നതെന്നും വി എസ് കൂട്ടിച്ചേർത്തു.

അതേസമയം,പ്രായമേറെയുള്ള ആളായതുകൊണ്ട് വി എസ് പറയുന്നത് കാര്യമാക്കേണ്ടതില്ലെന്ന് കണ്ണന്താനം പ്രതികരിച്ചു. വിഎസിന് എന്തും പറയാം. ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

സംസ്ഥാന ലാൻഡ് റവന്യൂ കമ്മിഷണറായിരിക്കെ ഐഎഎസിൽനിന്നും രാജിവച്ച അൽഫോൻസ് കണ്ണന്താനം ഇടതുപക്ഷ സഹയാത്രികനായിരുന്നു. 2006ൽ കാഞ്ഞിരപ്പള്ളിയിൽനിന്നും ഇടതു സ്വതന്ത്രനായി മൽസരിച്ച അദ്ദേഹം മികച്ച വിജയം നേടി നിയമസഭയിലെത്തി. എന്നാൽ, എംഎൽഎ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ കണ്ണന്താനം ബിജെപിയിലേക്കു കൂടുമാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ്, സ്ഥാനാർത്ഥി നിർണയത്തിൽ ഇടതുപക്ഷം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വി എസ് മുന്നറിയിപ്പ് നൽകിയത്.