തിരുവനന്തപുരം: പികെ ശശി എംഎൽഎയുടെ വിധി നാളെ അറിയാം. പരാതി നൽകി മൂന്നര മാസം കഴിഞ്ഞിട്ടും ശശിക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് പരാതിക്കാരി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന്റെയോക്കെ പശ്ചാത്തലത്തിൽ ഇരുന്നിട്ടും ജാഥ ക്യാപ്റ്റനായി ആരോപണ വിധേയനെ പാർട്ടി നിശ്ചയിച്ചതിലും പാർക്കുള്ളിൽ തന്നെ കല്ലുകടി ഉണ്ടായിരുന്നു. ജാഥ ഇന്ന് അവസാനിച്ചിരുന്നു. അതേസമയം ലെംഗികപീഡന ശ്രമമെന്ന ആരോപണം, സഹപ്രവർത്തകയോട് അപമര്യാദയോടെയുള്ള പെരുമാറ്റമെന്ന് കമ്മിഷൻ റിപ്പോർട്ടിൽ ലഘൂകരിച്ചിട്ടുണ്ടെന്നാണ് സൂചന.

നാളെ രാവിലെ തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്ന് സംസ്ഥാനസമിതിയും യോഗം ചേർന്ന് നടപടി തീരുമാനിക്കും. ഓഗസ്റ്റ് പതിനാലിനാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് പി.കെ.ശശിക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്.മൂന്നര മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാതായതോടെ പരാതിക്കാരി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ചൊവ്വാഴ്ച നിയമസഭാ സമ്മേളം ആരംഭിക്കുന്നതും കൂടി പരിഗണിച്ചാണ് തീരുമാനമെടുക്കാൻ ഇന്ന് നേതൃയോഗങ്ങൾ വിളിച്ചുചേർത്തത്. തിങ്കളാഴ്ച തന്നെ തീരുമാനമെടുക്കുമെന്നതിനാൽ സഭയിൽ പ്രതിപക്ഷത്തിന് ആയുധമാക്കാനാവില്ലെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

അതേസമയം, ലൈംഗികപീഡന ശ്രമമെന്ന ആരോപണം, സഹപ്രവർത്തകയോട് അപമര്യാദയോടെയുള്ള പെരുമാറ്റമെന്ന് കമ്മിഷൻ റിപ്പോർട്ടിൽ ലഘൂകരിച്ചിട്ടുണ്ടെന്നാണ് സൂചന. പി.കെ.ശ്രീമതിയും എ.കെ.ബാലനും തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പി.കെ.ശശിയെ ഏരിയാ കമ്മിറ്റിയിലേക്കായിരിക്കും തരംതാഴ്‌ത്തുക. തനിക്കെതിരെ ഗൂഢാലോചനയുണ്ടായെന്ന പി.കെ.ശശിയുടെ ആരോപണത്തിലും നടപടി ഉണ്ടായേക്കാം. കടുത്ത നടപടികളിലേക്ക് പാർട്ടി നേതൃത്വം പോകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

ശബരിമല വിഷയം, സ്ത്രീ മുന്നേറ്റം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പികെ ശശി ജാഥ സംഘടിപ്പിച്ചത്. ഇത് പ്രാധാന്യമേറിയ വിഷയങ്ങളായതിനാൽ ഇപ്പോൾ നടപടിയെടുത്ത് ആ പ്രതിച്ഛായ ഇല്ലാതാക്കേണ്ടെന്നാണ് സിപിഎം നിലപാട്. അതോടൊപ്പം പാർട്ടിക്കുള്ളിലും പുറത്തും ശശിക്കെതിരെ നടപടിയെടുക്കുന്നത് വലിയ പ്രശ്നത്തിന് ഇടയാക്കുമെന്നാണ് സംസ്ഥാന സമിതി കരുതുന്നത്.

പി.കെ. ശശി എംഎൽഎയ്ക്കെതിരായ അച്ചടക്ക നടപടിക്കൊപ്പം 2 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 6 പേർക്കെതിരെ കൂടി സിപിഎം അന്വേഷണ കമ്മിഷൻ നടപടിക്കു ശുപാർശ ചെയ്തു. ഡിവൈഎഫ്ഐ വനിതാ നേതാവിനോടു വാക്കുകളാൽ അപമര്യാദ കാട്ടി എന്നാണു ശശിക്കെതിരെ പാർട്ടി കമ്മിഷന്റെ കണ്ടെത്തൽ. ഇതു 'തീവ്രത കുറഞ്ഞ ലൈംഗിക പീഡനമെന്ന്' വിലയിരുത്തലിലാണ് പാർട്ടി. അതുകൊണ്ട് തന്നെ കടുത്ത നടപടിക്ക് മുതിരില്ലെന്നുമാണ് ലഭിക്കുന്ന സൂചന.

അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കു വരും. സിപിഎമ്മിന് അവമതിപ്പുണ്ടാക്കും വിധം ശശിക്കെതിരായ പരാതി വളച്ചൊടിച്ചു എന്ന കുറ്റമാണു ജില്ലാ നേതാക്കൾക്കെതിരെ പാർട്ടി കമ്മിഷൻ കണ്ടെത്തിയിരിക്കുന്നത്. ശശി വ്യക്തി ജീവിതത്തിലെ നല്ല പെരുമാറ്റമര്യാദയാണു ലംഘിച്ചതെങ്കിൽ മറ്റുള്ളവർ പാർട്ടി പ്രവർത്തകർ എന്ന നിലയിൽ പാലിക്കേണ്ട സാമാന്യ അച്ചടക്കം ലംഘിച്ചു. ബോധപൂർവം പാർട്ടിയെ പൊതുജനമധ്യത്തിൽ മോശമാക്കി ചിത്രീകരിക്കുന്ന പ്രവൃത്തിയാണ് ഇവരുടേതും വിമർശനമുണ്ട്. പരമാവധി ശശിയെ കീഴ്ഘടകത്തിലേക്ക് തരംതാഴ്‌ത്തുകയാണ് ഉണ്ടാവുക. പരാതിക്കാരിയെ കൂടി തൃപ്തിപ്പെടുത്തുന്ന നടപടിയാവും ഉണ്ടാവുക.

അതേസമയം ലൈംഗിക ആരോപണം നേരിടുന്ന പി.കെ.ശശി എംഎൽഎക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വി എസ്.അച്യുതാനന്ദൻ സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി. സ്ത്രീകൾക്കെതിരായ ആക്രമണത്തിൽ ഇരട്ടാത്താപ്പ് ഉണ്ടാകരുത്.

പീഡന പരാതികളിൽ വിട്ടുവീഴ്ച ചെയ്യുന്നത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്ന് വി എസ്. കത്തിൽ ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് കത്ത് നൽകിയത്.ശശിക്കെതിരെയുള്ള പരാതിയിന്മേലുള്ള കമ്മീഷൻ റിപ്പോർട്ട് നാളെ സിപിഎം സംസ്ഥാന സമിതിയിൽ പരിഗണിക്കാനിരിക്കെയാണ് വി.എസിന്റെ കത്ത്. ജാഥാ ക്യാപ്റ്റനായി പി.കെ.ശശിയെ നിയോഗിച്ചതിലും വി എസ്.അതൃപ്തി അറിയിച്ചു.