തിരുവനന്തപുരം: മൂന്നാറിനെ കയ്യേറ്റക്കാരിൽ നിന്ന് രക്ഷിക്കാൻ ഏതറ്റവരേയും പോകുമെന്നും സ്വന്തംപാർട്ടിക്കാർ തന്നെ എതിരെയുണ്ടെങ്കിലും ആരെയും വിടില്ലെന്നും ഉറച്ച പ്രഖ്യാപനവുമായി ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. മൂന്നാർ വിഷയത്തിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനവുമായിവന്നതിന് പിന്നാലെയാണ് വി എസ് രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

രാജേന്ദ്രൻ ഭൂമാഫിയയുടെ ആളാണ്. രാജേന്ദ്രനെതിരെ നടപടി വേണമെന്ന നിലപാട് സ്വാഭാവികം. ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ ജനങ്ങളുടെയും സംസ്ഥാനത്തിന്റേയും താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ ശക്തമായി തന്നെ നേരിടണം. സംസ്ഥാനത്തിന്റെ ഒരിഞ്ച് ഭൂമിപോലും തട്ടിയെടുക്കാൻ അനുവദിക്കരുത്. ഭൂമി കയ്യേറിയവരെല്ലാം അവർ ആരായാലും ഭൂമാഫിയയുടെ ആളുകളാണ്.

ഇപ്പോൾ ചെന്നിത്തല മൂന്നാറിലേക്ക് പോകുമെന്നാണ് പറഞ്ഞിട്ടുള്ളത്. ചെന്നിത്തല ഭരണത്തിലിരുന്നപ്പോൾ എന്തു നടപടിയാണ് മൂന്നാറിലേയും ഇടുക്കിയിലേയും കയ്യേറ്റക്കാരെ തടയാനോ ഒഴിപ്പിക്കാനോ എന്നും വി എസ് ചോദിക്കുന്നു. സർക്കാർ ഭൂമിയും മറ്റും കയ്യേറ്റക്കാരുടെ കയ്യിലെത്താൻ കഴിഞ്ഞ സർക്കാരും ഒത്താശചെയ്തിട്ടുണ്ട്. - വി എസ് വ്യക്തമാക്കുന്നു.

മൂന്നാറിൽ ഇപ്പോഴും കയ്യേറ്റം തുടരുന്നുണ്ടെന്ന് വ്യക്തമാക്കിയ വി എസ് ആവശ്യമെങ്കിൽ മൂന്നാറിൽ ഇനിയും പോകുമെന്നും വിഷയത്തിൽ ഇടപെടുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ മൂന്നാർ സംരക്ഷണത്തിന് മുന്നണിപ്പോരാളിയായി വീണ്ടും ഇറങ്ങുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ് വി എസ്.

മുമ്പ് വി എസ് മുഖ്യമന്ത്രിയായിരിക്കെ മുതിർന്ന് മൂന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വച്ച് മൂന്നാറിലെ കയ്യേറ്റം ഒഴിക്കാൻ ദൗത്യസംഘമായി വി എസ് നിയോഗിച്ചിരുന്നു. അന്ന് സിപിഎമ്മിന്റെയും സിപിഐയുടേയും നേതാക്കളുടേതും പാർട്ടികളുടെ തന്നെയും കയ്യേറ്റങ്ങളിൽ ദൗത്യസംഘം മുഖംനോക്കാതെ കൈവച്ചതോടെ എതിർപ്പുണ്ടായി. അങ്ങനെ ആ ദൗത്യം പാതിവഴിയിൽ നിലച്ചു. ഇതോടെ മൂന്നാറിൽ വി എസ് അയച്ച പുലികൾ പൂച്ചകളായെന്ന വിമർശനവും ഉയർന്നു.

അതിനു ശേഷം ഇപ്പോഴാണ് കോടതിയുത്തരവിന്റെ ബലത്തിൽ ദേവികുളം സബ്കളക്ടർ ശക്തമായി കയ്യേറ്റക്കാർക്കെതിരെ രംഗത്തിറങ്ങുന്നത്. ഇതോടെ സിപിഎമ്മിന്റേയും സിപിഐയുടേയും പ്രാദേശിക നേതൃത്വം ഉൾപ്പെടെ എതിർപ്പുമായി എത്തി. സബ്കളക്ടർ നാലുകാലിൽ പോകുമെന്ന ഭീഷണിയുൾപ്പെടെ സി.പി.എം എംഎൽഎ രാജേന്ദ്രൻ പരസ്യ ഭീഷണി ഉയർത്തുകയും ചെയ്തു.

സിപിഐ ഭരിക്കുന്ന റവന്യൂവകുപ്പ് പക്ഷേ സബ്കളക്ടർക്ക് ഉറച്ച നിലപാടുമായി എത്തി. കഴിഞ്ഞദിവസം റവന്യൂവകുപ്പ് സെക്രട്ടറി പുറത്തുവിട്ട റിപ്പോർട്ടിലും ഇക്കാര്യം പഠിച്ച നിയമസഭാ സമിതിയുടെ റിപ്പോർട്ടിലും മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ ശ്ക്തമായ നടപടികളാണ് നിർദ്ദേശിച്ചിരിക്കുന്നത്. എ്ന്നാൽ സർക്കാർ കയ്യേറ്റക്കാരെയും സംരക്ഷിക്കുമെന്നും പാർട്ടിക്കാർതന്നെ കയ്യേറ്റക്കാരായ സാഹചര്യവും രാജേന്ദ്രൻ എംഎൽഎ തന്നെ സർക്കാർ ഭൂമി കയ്യേറിയെന്ന ആരോപണവുമെല്ലാം ഉയർന്നതോടെയാണ് ഇപ്പോൾ വി എസ് രംഗത്തെത്തുന്നത്.

വിഷയം വലിയ രാഷ്ട്രീയ വിഷയമാക്കാനാണ് കോൺഗ്രസും ബിജെപിയും ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനും മൂന്നാർ സന്ദർശിക്കുന്നുമുണ്ട്. ഇതിനിടെയാണ് ശക്തമായ പ്രതികരണങ്ങളും കഴിഞ്ഞ സർക്കാരിനെതിരെ പ്രതികരണവുമായി വി എസ് എത്തുന്നതെന്നത് ശ്രദ്ധേയമാണ്. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന ദേവികുളം സബ്കളക്ടർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്ന സമീപനമാണ് വി എസ് പ്രഖ്യാപിച്ചിരിക്കുന്നതും.

മൂന്നാർ ടൗണിലെ പത്തേക്കർ സർക്കാർ ഭൂമി സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവർ കയ്യേറി പാർട്ടി ഗ്രാമമാക്കിയെന്ന ആരോപണത്തെ തുടർന്നാണ് ഇപ്പോൾ മൂന്നാർ വിഷയം വീണ്ടും സജീവമായിരിക്കുന്നത്. പുതിയ സർക്കാർ വന്നതിന് പിന്നാലെ ദേവികുളത്തെത്തിയ പുതിയ സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ കടുത്ത നിലപാടുകളാണ് കയ്യേറ്റക്കാർക്കെതിരെ സ്വീകരിച്ചത്. ഇതോടെ ഇദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ സമരവുമായി രംഗത്തെത്തി.

ഇക്കാനഗർ എന്നാണു പാർട്ടി ഗ്രാമം അറിയപ്പെടുന്നത്. സ്ഥലം പരിശോധനയ്ക്കു റവന്യു ഉദ്യോഗസ്ഥരെത്തിയാൽ നേരിടാൻ ക്വട്ടേഷൻ സംഘങ്ങളെയും രഹസ്യമായി നിയോഗിച്ചു. ദേവികളും സബ് കളക്ടർ ശ്രീറാം വെങ്കിട്ടറാമിനെ മാറ്റാനുള്ള കളികൾക്ക് പിന്നിലും ഈ ഭൂമി തട്ടിപ്പാണെന്നാണ് സൂചന. അതുകൊണ്ടാണ് സബ് കളക്ടറെ സിപിഐ പിന്തുണയ്ക്കുന്നത്. ഈ വിവാദം രാഷ്ട്രീയമായി ചർച്ചയാക്കാനാണ് കോൺഗ്രസും ബിജെപിയും ഒരുങ്ങുന്നത്. ഇതിനിടയിലാണ് നയം വ്യക്തമാക്കി വിഎസും എത്തുന്നത്.