- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയങ്ങളാണ് പ്രധാനം, വ്യക്തികളല്ല; എത്ര ഉന്നതനായാലും ഭൂരിപക്ഷ തീരുമാനത്തിന് വഴങ്ങണം; അല്ല വിഎസേ 29 കൊല്ലം മുമ്പ് രാഘവനെ പുറത്താക്കാൻ നേരം താങ്കൾ പറഞ്ഞ കാര്യങ്ങൾ അങ്ങനെയങ്ങ് മറക്കാമോ?
സിപിഎം കേഡർ പാർട്ടിയാണ്. അവിടെ ഭൂരിപക്ഷ തീരുമാനത്തിനാണ് പ്രാധാന്യം. എത്ര ഉന്നതരായാലും ഭൂരിപക്ഷത്തിന് വഴങ്ങണം. അല്ലാത്തവർ കമ്മ്യൂണിസ്റ്റുകൾ അല്ല. വ്യക്തികൾക്കപ്പുറം പാർട്ടികൾ പോകണമെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. സംസ്ഥാന സമിതിയിലെ ബഹുഭൂരിഭാഗവും അംഗീകരിക്കുന്ന കാര്യങ്ങളാണ് പിണറാ
സിപിഎം കേഡർ പാർട്ടിയാണ്. അവിടെ ഭൂരിപക്ഷ തീരുമാനത്തിനാണ് പ്രാധാന്യം. എത്ര ഉന്നതരായാലും ഭൂരിപക്ഷത്തിന് വഴങ്ങണം. അല്ലാത്തവർ കമ്മ്യൂണിസ്റ്റുകൾ അല്ല. വ്യക്തികൾക്കപ്പുറം പാർട്ടികൾ പോകണമെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. സംസ്ഥാന സമിതിയിലെ ബഹുഭൂരിഭാഗവും അംഗീകരിക്കുന്ന കാര്യങ്ങളാണ് പിണറായി നടപ്പാക്കിയത്. വിഎസിന് എതിരായ നടപടികളും അങ്ങനെ തന്നെ. ഈ സാഹചര്യത്തിൽ പിണറായിയെ വെല്ലുവിളക്കാതെ വി എസ് പാർട്ടിക്ക് വിധേയനാവുകയല്ലേ വേണ്ടത്. സിപിഎമ്മിന്റെ സ്ഥാപകരിൽ ഒരാളായ വിഎസിന് ഇതൊന്നും ബാധകമല്ലെന്ന തരത്തിലാണ് സിപിഎമ്മിൽ കാര്യങ്ങളുടെ പോക്ക്.
ഭൂരിപക്ഷത്തിന്റെ വിമർശനം കേൾക്കാനാകെ സമ്മേളനവേദി വിട്ട് പാർട്ടിയെ വെല്ലുവിളിക്കുകയാണ് വി എസ്. പ്രതിപക്ഷ നേതാവ് കൂടിയായ വിഎസിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനും വിമർശിക്കാനും ഉള്ള അവകാശം സമ്മേളന പ്രതിനിധികൾക്കുണ്ട്. അവിടുത്തെ തീരുമാനങ്ങൾ അംഗീകരിക്കുകയാണ് ഒരു നല്ല സഖാവ് ചെയ്യേണ്ടത്. തിരുത്തൽ ശക്തിയെന്ന ഓമനപ്പേരിൽ സംസ്ഥാന സമ്മേളന തീരുമാനത്തെ അട്ടിമറിക്കുന്ന വിഎസിന്റെ നടപടികളാണ് സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത്. ഒരുകാലത്ത് പാർട്ടിയിൽ സർവ്വ ശക്തനായിരുന്നു ഈ സഖാവ്. അന്ന് പാർട്ടിയിൽ വെട്ടി നിരത്തലുകൾക്ക് നേതൃത്വം നൽകിയ വ്യക്തി. ശരിതെറ്റുകൾക്കപ്പുറത്ത് ബഹുഭൂരിപക്ഷം തന്നെയായിരുന്നു അന്നെല്ലാം വിഎസിന്റെ കരുത്ത്. പക്ഷേ ഈ ബഹുഭൂരിപക്ഷമെന്ന പഴയ നിയമത്തെ വി എസ് ഇന്ന് തള്ളിപ്പറയുന്നു. പാർട്ടി നയങ്ങൾ ഭൂരിപക്ഷ തീരുമാനത്തിന് അനുസരിച്ച് തയ്യാറാക്കേണ്ടതല്ലെന്നാണ് വിഎസിന്റെ പ്രവർത്തികൾ സൂചന നൽകുന്നത്.
എന്തിനാണ് എം വി രാഘവൻ 1986ൽ പാർട്ടിക്ക് പുറത്ത് പോയത്. താത്വികമായി പലതുമുണ്ടാകാം. മലബാറിൽ സിപിഎമ്മിനെ കെട്ടിപ്പെടുത്തിയ രാഘവനെ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയിലാണ് വി എസ് പുറത്താക്കിയത്. അന്ന് വി എസ് പറഞ്ഞ ന്യായങ്ങൾ ഇന്ന് പിണറായിക്ക് ബാധകമല്ലെന്ന തരത്തിലാണ് പോക്ക്. അതുകൊണ്ട് കൂടിയാണ് ഈ അഭിമുഖം പ്രസക്തമാകുന്നത്. 29 കൊല്ലമുമ്പ് രാഘവനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമ്പോൾ സിപിഐ(എം) ഭരണഘടനയായിരുന്നു വി എസ് ഉയർത്തിപ്പിടിച്ചത്.
ഏത് പാർട്ടി സഖാവിനും സ്വന്തം അഭിപ്രായം അവരവരുടെ നിലവാരത്തിൽ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ഞങ്ങളുടെ പാർട്ടിയിലുള്ളത് ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവുമാണ്. ഭൂരിപക്ഷാഭിപ്രായം ന്യൂനപക്ഷം അംഗീകരിക്കണമെന്ന് മാത്രം. മേൽഘടകത്തിന് കീഴ്ഘടകങ്ങൾ വിധേയവുമാകണം. സ്വതന്ത്രമായ അഭിപ്രായങ്ങളിന്മേൽ പാർട്ടി ഒരു തീരുമാനമെടുത്താൽ, പിന്നെ അതിനെ വെല്ലുവിളിക്കാൻ പാടില്ല. ഇതാണ് പെറ്റിബൂർഷ്വാ പാർട്ടികളും കമ്മ്യുണിസ്റ്റ് പാർട്ടിയും തമ്മിലുള്ള വ്യത്യാസമെന്നായിരുന്നു വിഎസിന്റെ അന്നത്തെ നിലപാട്. ഇതിന് വിരുദ്ധമല്ലേ വിഎസിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ.
എം വി രാഘവനെ സിപിഎമ്മിൽ നിന്നും പുറത്താക്കിയപ്പോൾ പാർട്ടി സെക്രട്ടറി ആയിരുന്നത് വി എസ് അച്യുതാനന്ദനാണ്. ഇന്ന് പാർട്ടിയുടെ ഭൂരിപക്ഷ തീരുമാനത്തിനെതിരെ ശബ്ദമുയർത്തുമ്പോൾ വി എസ് മറന്നു പോകുന്നത് വി എസ് അന്ന് പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. രാഘവനെ പുറത്താക്കിയ ശേഷം കലാകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ വി എസ് പറഞ്ഞത് വീണ്ടും അവർത്തിച്ചാൽ ഇപ്പോൾ അവയെല്ലാം വിഎസിന് ബാധകമാണെന്ന് കാണാം.
രാഘവൻ പാർട്ടിയെ മറി കടന്നപ്പോൾ വർഗ്ഗീയതയ്‌ക്കെതിരായുള്ള പാർട്ടിയുടെ നിലപാടിനനുകൂലമായി ജനങ്ങൾ വിധിയെഴുതുമെന്നായിരുന്നു കലാകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ വിഎസിന്റെ അഭിപ്രായം. നിലവിലെ സിപിഎമ്മിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത് പ്രസിദ്ധീകരിക്കുന്നു. എം വി രാഘവനെ സിപിഎമ്മിൽ നിന്നു പുറത്താക്കിയ പശ്ചാത്തലത്തിൽ 1986 ജൂലായ് 13നു് കലാകൗമുദി ലക്കം 6565ൽ വി എസ് അച്യുതാനന്ദനുമായി വേണു മേനോൻ നടത്തിയ അഭിമുഖം.
എംവി രാഘവനും മറ്റു ചില നേതാക്കളും ആദ്യമൊന്നിച്ചു സസ്‌പെൻഡു ചെയ്യപ്പെട്ടു. പിന്നീട് രാഘവനെ നിയമസഭയിൽ നിശബ്ദനാക്കി. എന്നിട്ട് ഇപ്പോൾ രാഘവനെമാത്രം പുറത്താക്കിക്കൊണ്ട് മറ്റുള്ളവരെ പാർട്ടിയിൽ നിലനിർത്തിയിരിക്കുന്നു. ഈ ശിക്ഷ കുറ്റത്തേക്കാൾ വലുതല്ലേ?
എംവി രാഘവൻ മാത്രമാണ് പാർട്ടിയുടെ നയങ്ങൾക്കെതിരെ, പാർട്ടി നേതൃത്വത്തെ ധിക്കരിച്ചുകൊണ്ട് ഇപ്പോഴും പ്രവർത്തിക്കുന്നത്. മറ്റുള്ളവരെ രാഘവൻ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
രാഘവൻ പാർട്ടി ഭരണഘടനയ്ക്ക് വിധേയമായല്ലേ തന്റെ ഭിന്നാഭിപ്രായങ്ങൾ അറിയിച്ചത്?
എങ്കിൽ കുഴപ്പമില്ലല്ലോ. പാർട്ടിയുടെ കഴിഞ്ഞ സ്റ്റേറ്റ് കോൺഫറൻസിനു മുമ്പ് രാഘവൻ പറഞ്ഞു. എനിക്ക് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിത്തീരുമാനങ്ങളിൽ ചില വിയോജിപ്പുകളുണ്ട്. അത് കോൺഫറൻസിൽ പറയാൻ അവസരങ്ങൾ നൽകണം. ആകാമല്ലോയെന്ന് ഞങ്ങൾ സമ്മതിച്ചു.
എന്താണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പുതിയ നയം?
സാമുദായിക ശക്തികളുമായി യാതൊരുവിധ കൂട്ടുകെട്ടുകളും പാടില്ല എന്നത്. രാഘവനടക്കമുള്ള കേന്ദ്ര സെക്രട്ടറിയേറ്റിന്റെ ഭൂരിപക്ഷ തീരുമാനപ്രകാരമുള്ള ഈ നയം കേന്ദ്രകമ്മിറ്റി മഹാഭൂരിപക്ഷത്തോടെ അംഗീകരിച്ചതാണ്. തുടർന്ന് ഈ നയരേഖ സംസ്ഥാനകമ്മിറ്റിയിൽ ചർച്ചയ്ക്കു വന്നു. ചിലർക്ക് ചില സംശയങ്ങളുണ്ടായിരുന്നു. ജനറൽ സെക്രട്ടറി ആ സംശയങ്ങൾക്ക് മറുപടി പറഞ്ഞതോടെ രാഘവനൊഴികെ മറ്റെല്ലാവരും ചേർന്ന് ആ നയം അംഗീകരിച്ചു. സംസ്ഥാന കാൺഫറൻസ് നടക്കുന്നതിനുമുമ്പ് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പുതിയ നയം ഒരു കത്തിന്റെ രൂപത്തിൽ സ്റ്റേറ്റ് കമ്മിറ്റിക്ക് കിട്ടി. കേരളത്തിലെമ്പാടുമുള്ള പാർട്ടി സഖാക്കളെ പുതിയ നയം അറിയിക്കാനുള്ള കത്താണത്. അപ്പോൾ രാഘവൻ പറഞ്ഞു ഈ കത്ത് പാർട്ടി സഖാക്കൾക്കയയ്ക്കുന്നതോടൊപ്പം എന്റെ വിയോജനാഭിപ്രായങ്ങളും ചർച്ചയ്ക്ക് അയയ്ക്കണം. ഇക്കാര്യം എഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്ത്തന്നാൽ കേന്ദ്ര കമ്മറ്റിയുടെ അനുവാദം തേടി വേണ്ടതു ചെയ്യാം എന്നു മറുപടി നൽകി. രാഘവൻ കത്തു തന്നു. ഞങ്ങൾ സ്റ്റേറ്റ് കമ്മിറ്റി കൂടി അത് ചർച്ച ചെയ്തു. കേന്ദ്ര കമ്മിറ്റിക്കയച്ചു. പോളിറ്റ് ബ്യൂറോ രേഖയോടൊപ്പം രാഘവന്റെ കത്ത് ചർച്ചയ്ക്കയയ്ക്കാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കമ്മിറ്റി വിധിച്ചു.
കാരണം?
പാർട്ടിയുടെ ഭരണഘടനയനുസരിച്ച് പാർട്ടി അംഗങ്ങളുടെ മൂന്നിലൊന്നിന്റെ പിന്തുണയുള്ള ഭിന്നാഭിപ്രായം മാത്രമേ അണികളിലാകെ ചർച്ചയ്ക്കു വിടാൻ കഴിയൂ. എന്നാൽ രാഘവന്റെ ഭിന്നാഭിപ്രായത്തിന് പാർട്ടി അംഗങ്ങളിൽ ഒരു ശതമാനത്തിന്റെ പോലും പിന്തുണയുള്ളതല്ല. മൂന്നിലൊന്ന് പിന്തുണയില്ലെങ്കിലും രണ്ട് സംസ്ഥാന കമ്മറ്റികളാവശ്യപ്പെട്ടാൽ ഇത്തരമൊരു ഭിന്നാഭിപ്രായം അണികളിലാകെ ചർച്ചയ്ക്കയയ്ക്കാം. എന്നാൽ രാഘവന്റെ കാര്യത്തിൽ ഇതുണ്ടായില്ല. സംസ്ഥാന കോൺഫറൻസിൽ തന്റെ ഭിന്നാഭിപ്രായം ്രപടിപ്പിക്കാൻ ഞങ്ങൾ രാഘവനെ അനുവദിച്ചു. ചില ജില്ലകളിലെ ചില സഖാക്കളും രാഘവനെ അനുകൂലിച്ച് സംസാരിച്ചു. കോൺഫറൻസിന്റെ അവസാനദിവസം കേന്ദ്രകമ്മറ്റി തീരുമാനിച്ച നയം വോട്ടിനിട്ടു. എതിർത്ത് വോട്ടുചെയ്യാൻ പോലും ആരുമുണ്ടായില്ല. അങ്ങനെ രാഘവൻ ഉന്നയിച്ച പ്രശ്‌നം തള്ളപ്പെട്ടു.
ഇതിൽ എവിടെയാണ് രാഘവൻ പാർട്ടി ഭരണഘടനയ്ക്ക് എതിരായി പ്രവർത്തിച്ചത്?
ആ വിവരം കോൺഫറൻസ് കഴിഞ്ഞാണ് ഞങ്ങൾക്ക് ലഭിച്ചത്. തന്റെ ഭിന്നാഭിപ്രായക്കുറിപ്പ് പാർട്ടിയുടെ അനുവാദമോ അറിവോ കൂടാതെ രാഘവനും ചില കൂട്ടുകാരും ചേർന്ന് രഹസ്യമാർഗ്ഗങ്ങളിലൂടെ അണികളിൽ വിതരണം ചെയ്യാൻ ശ്രമിച്ചു എന്നതാണ് ഒരു വിവരം. പല ജില്ലകളിലും ഈ രേഖ പ്രചരിപ്പിച്ചു. അതിനുവേണ്ടി ക്യാൻവാസ് ചെയ്തു. സംസ്ഥാനനേതൃത്വം തന്നെ പിടിച്ചെടുത്ത് പാർട്ടിയുടെ ദേശീയ നേതൃത്വത്തെ വെല്ലുവിളിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തി എന്നതിന്റെ തെളിവുകളും കിട്ടി. ഈ രേഖ കിട്ടിയവരും രാഘവൻ രഹസ്യമായി ബന്ധപ്പെടാൻ ശ്രമിച്ചവരും തന്നെയാണ് സംസ്ഥാന നേതൃത്വത്തെ വിവരമറിയിച്ചത്. പാർട്ടി ഭരണഘടനാ തത്ത്വങ്ങളുടെ ഗുരുതരമായ ലംഘനമാണ് രാഘവൻ കാണിച്ചത്. അതിനാൽ രാഘവനെ വിളിച്ചു. ഈ തെറ്റ് ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചു. ഞാനിങ്ങനെ ചെയ്തുവെന്നായിരുന്നു മറുപടി. ഉടനെ സ്റ്റേറ്റ് കമ്മിറ്റി കൂടി ഈ പ്രശ്‌നം ചർച്ച ചെയ്തു. രാഘവനോട് വിശദീകരണമാവശ്യപ്പെടാൻ തീരുമാനിച്ചു.
രാഘവന്റെ സാന്നിദ്ധ്യത്തിൽത്തന്നെയായിരുന്നു തീരുമാനം. രാഘവൻ വിശദീകരണം എഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്ത്തന്നു. അത് തൃപ്തികരമായിരുന്നില്ല. ഇങ്ങനെയാണ് രാഘവനെ ഒരു കൊല്ലത്തേയ്ക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. രാഘവൻ കൂട്ടുനിന്ന മറ്റു ചിലർക്കും മൂന്നുമാസത്തെ സസ്‌പെൻഷനോ താക്കീതോ ഒക്കെ നൽകപ്പെട്ടു. ബാക്കി കാര്യങ്ങൾ അറിയാമല്ലോ.
ഭിന്നാഭിപ്രായം പ്രകടിപ്പിക്കാൻ പാർട്ടിയുടെ നിബന്ധനകൾ പ്രകാരം ആദ്യം രാഘവൻ നീങ്ങി. ഭൂരിപക്ഷവോട്ടോടെ രാഘവന്റെ നീക്കം തള്ളപ്പെട്ടുവെന്ന് നിങ്ങൾ പറയുന്നു. പിന്നീട് രാഘവനെ സസ്‌പെൻഡ് ചെയ്യാനുള്ള കാരണങ്ങൾ നിങ്ങൾ കണ്ടെത്തി. രാഘവൻ ഈ ശിക്ഷ എതിർപ്പുകൂടാതെ സ്വീകരിക്കുകയും അക്കാര്യം പത്രങ്ങളോട് പറയുകയും ചെയ്തു. എന്നിട്ടുകൂടി ഇപ്പോൾ രാഘവനെ നിങ്ങൾ പുറത്താക്കി. കാരണം?
അച്ചടക്ക നടപടിക്ക് വിധേയനായ രാഘവൻ കഴിഞ്ഞ നാലഞ്ചുമാസമായി പാർട്ടിക്കെതിരെ ശക്തിസമാഹരണത്തിന് ശ്രമിച്ചുകൊണ്ടിരുന്നതായി ജില്ലകളിൽ നിന്ന് റിപ്പോർട്ട് ലഭിച്ചു. എന്നുമാത്രമല്ല സ്റ്റേറ്റു കമ്മിറ്റിയിലും മറ്റും നടക്കുന്ന ചർച്ചകൾ തനിക്ക് ആവശ്യമായ രീതിയിൽ വളച്ചൊടിച്ച് രാഘവനും കൂട്ടുകാരും പത്രങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. പാർട്ടി നേതൃത്വത്തിനും നയത്തിനുമെതിരായി നിരന്തരമായ പ്രചരണങ്ങൾ നടത്തി. കണ്ണൂരിലും കാസർകോട്ടും തിരുവനന്തപുരത്തും തൃശ്ശൂരിലും രഹസ്യ യോഗങ്ങൾ വിളിച്ചുകൂട്ടി. തന്നെ നടപടിക്ക് വിധേയനാക്കിയത് വ്യക്തിൈവരാഗ്യം കൊണ്ടാണ് എന്ന് പ്രചരിപ്പിച്ചു. ഈ വിവരത്തെ തുടർന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പൂർണ്ണയോഗത്തിൽ രാഘവനെ വിളിച്ചു വരുത്തി. കണ്ണൂർജില്ലാ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചുമാത്രം പ്രവർത്തിക്കാൻ ബാധ്യസ്ഥനായ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് തെറ്റല്ലേ എന്നുപദേശിക്കുകയും ശാസിക്കുകയും ചെയ്തു. അതിനൊന്നും ഒരു ഫലവുമുണ്ടായില്ല. മാത്രവുമല്ല കണ്ണൂരിലെ എകെജി സ്മാരക ആശുപത്രിയുടെയും പാപ്പിനിശ്ശേരിയിലെ വിഷചികിത്സാകേന്ദ്രത്തിലെയും കണക്കുകൾ പാർട്ടിയെ ബോദ്ധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടപ്പോൾ രാഘവൻ ആ നിർദ്ദേശം ധിക്കരിച്ചു.
എകെജി സ്മാരക ആശുപത്രി, വിഷചികിത്സാകേന്ദ്രം എന്നിവയും പാർട്ടിയുമായി എന്താണ് ബന്ധം?
ഈ രണ്ടു സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ജനങ്ങളുമായി ബന്ധമുള്ളതാണല്ലോ. രാഘവനാണെങ്കിൽ കഴിഞ്ഞ അഞ്ചു മാസമായി പാർട്ടി ശിക്ഷിച്ചു നിറുത്തിയിട്ടുള്ളയാളാണ്. എകെജിയുടെ സ്മാരകമാണ് ആശുപത്രി. ഒരു സഹകരണ സ്ഥാപനം. വിഷ ചികിത്സാകേന്ദ്രത്തിനാണെങ്കിൽ പാർട്ടിയുടെ ഒരു നേതാവാണെന്ന നിലയ്ക്കാണ് രാഘവൻ പണപ്പിരിവ് നടത്തിയത്. കണ്ണൂരിൽ നിന്നു മാത്രമല്ല കേരളമാകെ നിന്ന് പണം പിരിച്ചിട്ടുണ്ട്. ഈ നിലയ്ക്ക് പാർട്ടി നടപടിക്ക് വിധേയനായ ഒരാളെന്ന നിലയിൽ രാഘവൻ പാർട്ടിയുമായി ആലോചിച്ചു തന്നെ വേണം അവ സംബന്ധിച്ച പ്രവർത്തനങ്ങൾ നടത്തേണ്ടത്. പണപ്പിരിവിന്റെ കണക്ക് ചോദിച്ചപ്പോൾ പിരിവ് കഴിഞ്ഞിട്ട് വേണമെങ്കിൽ തരാമെന്ന നിഷേധാത്മക നിലപാടാണ് രാഘവൻ എടുത്തത്. ഇത് പാർട്ടിയെ അവഹേളിക്കലും പാർട്ടി നേതൃത്വത്തെ ധിക്കരിക്കലുമാണ്.
ഈ കുറ്റാരോപണം ശരിയാണെങ്കിൽ നിങ്ങൾ ഇപ്പോൾ മാത്രം കണ്ണു തുറന്നത് എന്താണ്?
മുമ്പും പല തെറ്റുകളും കാണിച്ചിട്ടുണ്ട്. സ•ാർഗ്ഗത്തിന് നിരക്കാത്ത പലതും അന്നൊക്കെ പാർട്ടി ശാസിച്ചിട്ടുമുണ്ട്. ചെറു ശിക്ഷകളും നൽകിയിട്ടുണ്ട്. രാഘവൻ വലിയ പ്രസംഗക്കാരനാണല്ലോ. നിങ്ങൾക്കറിയാമോ രാഘവന്റെ പ്രസംഗശൈലി. നിയമസഭയിൽ കരുണാകരനെ വിളിക്കുന്നത് എടാ കരുണാകരാ എന്നാണ്. ഇതാണോ തൊഴിലാളി വർഗ്ഗ സംസ്‌ക്കാരത്തിന്റെ ഭാഷ? ഇതുകേട്ടുകൊണ്ട് വല്ലവരും എടാ ശങ്കരൻ നമ്പൂതിരിപ്പാടേ എന്ന് തിരിച്ചു വിളിച്ചാൽ അല്ലെങ്കിൽ എടാ ഇകെ നായനാരേ എന്നു വിളിച്ചാൽ മുമ്പിലിരിക്കുന്ന കുറെപ്പേരുടെ കൈയടി വാങ്ങാൻ കൊള്ളാം. എന്നാൽ ഇത്തരം ഓരോ പ്രസംഗം കഴിയുമ്പോഴും ഞങ്ങൾക്ക് നാനാഭാഗത്തു നിന്നും കത്തുകൾ വരും. അപ്പോഴൊക്കെ രാഘവനെ ഉപദേശിച്ചിട്ടുണ്ട്, ശാസിച്ചിട്ടുണ്ട്.
എന്നിരുന്നാലും ഈ നടപടിക്ക് നിങ്ങൾ തിരഞ്ഞെടുത്ത മുഹൂർത്തം ചാർജ്ജുകളുടെയും നടപടിയുടെയും ലക്ഷ്യത്തെപ്പറ്റി സംശയം ജനിപ്പിക്കുന്നുണ്ട്?
വി എസ്:അങ്ങനെ സംശയമുണ്ടാകാം. എന്നാൽ ആദ്യം മുതൽ തന്നെ ഘട്ടം ഘട്ടമായി രാഘവനെ തിരുത്താൻ ശ്രമിച്ചിരുന്നു. പലതവണ ശിക്ഷകൾ നൽകിയ കാര്യം ഞാൻ പറഞ്ഞുവല്ലോ. ഇപ്പോഴത്തെ തെറ്റുകൾക്ക് കൈയോടെ തന്നെ രാഘവനെ പുറത്താക്കാമായിരുന്നു. എങ്കിലും നന്നാകുമെന്ന് കരുതി ഒരുകൊല്ലത്തെ സസ്‌പെൻഷനാണ് ആദ്യം നൽകിയത്. പിവി കുഞ്ഞിക്കണ്ണനെയും മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷൻകാലം പാർട്ടിക്കു വിധേയമായിക്കഴിഞ്ഞതുകൊണ്ട് ആ സഖാവിനെ തിരിച്ചെടുത്ത് സഖാവിന്റെ സ്വന്തം പ്രദേശത്ത് പ്രവർത്തിക്കാൻ വിട്ടിരിക്കുകയാണ്. ഞങ്ങളുടെ പാർട്ടി ആരോടും ക്രൂരമായൊന്നും പ്രവർത്തിക്കുകയില്ല. മുമ്പ് ചാത്തുണ്ണി മാസ്റ്റർ ചില പണക്കുഴപ്പങ്ങൾ കാണിച്ചപ്പോൾ പാർട്ടി അദ്ദേഹത്തിന് രണ്ടുകൊല്ലത്തെ കാലാവധി കൊടുത്തു. എന്നിട്ടും കണക്കൊന്നും തന്നില്ല. അങ്ങനെയാണ് ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കിയത്. അതുപോലെ രാഘവനും വേണ്ടുവോളം സമയം നൽകുകയായിരുന്നു. സമയമൊന്നും നൽകിയില്ല എന്ന രാഘവന്റെ വാദം കളവാണ്.
ഭിന്നാഭിപ്രായം എഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്ത്തരാൻ പാർട്ടി ആവശ്യപ്പെട്ടതുകൊണ്ട് എഴുതിക്കൊടുത്തതാണെന്നും അതൊരു കെണിയായിരുന്നുവെന്നും പറയുന്നുണ്ടല്ലോ?
എഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്ത്തന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. പാർട്ടി ദേശീയ കോൺഗ്രസ്സുവരെ അത് ചർച്ച ചെയ്യും. ചർച്ചയ്ക്കുശേഷം തള്ളിക്കളഞ്ഞാൽ പിന്നെ അടുത്ത ദേശീയ കോൺഗ്രസ്സുവരെ അതിനെക്കുറിച്ചാലോചിക്കരുതെന്നേയുള്ളൂ.
ഇഎംഎസിനെ എതിർക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവില്ല എന്നു കേൾക്കുന്നത് ശരിയല്ലേ? ഇഎംഎസ് തനിക്ക് തോന്നുന്നത് പാർട്ടിയുടെ നയമാക്കുകയാണ്. പതിവെന്നു കേൾക്കുന്നതും ശരിയല്ലേ?
ഇതെല്ലാം ഇഎംഎസ് ചെയ്യുന്നതാണ് എന്നാണോ നിങ്ങളുടെ ധാരണ. രണദിവെ, ബസവപുന്നയ്യ, സമർമുഖർജി, ബാലാനന്ദൻ എന്നിങ്ങനെയുള്ള പ്രമുഖർ കൂടിയിരുന്നാണ് ഇതൊക്കെ ചർച്ച ചെയ്തു തീരുമാനമെടുത്തത്. നയരൂപീകരണവും തീരുമാനവും കോൺഗ്രസ്സിന്റെതാണ്. ഇഎംഎസ് എടുക്കുന്ന നിലപാടുകൾ പാർട്ടിയുടെ ശരിയായ നയത്തിനനുസരിച്ചുള്ളവയാണ് എന്നാണ് കാണേണ്ടത്. 1964 ൽ പാർട്ടി പിളർന്നു. അന്ന് ഇഎംഎസിനേക്കാൾ എത്രയോ വലിയ ആളായിരുന്ന ഡാങ്കെയുടെ നിലപാട് തെറ്റായിരുന്നുവെന്നു പറഞ്ഞ് സിപിഐ തന്നെ അദ്ദേഹത്തെ പിന്നീട് പുറത്താക്കി. മാർക്‌സിസ്റ്റ്പാർട്ടിയിൽ നിന്നു തന്നെ കെപിആർ ഗോപാലനും മറ്റും പാർട്ടിക്ക് വിപ്ലവം പോരെന്നു പറഞ്ഞ് നക്‌സൽ പാർട്ടിയുണ്ടാക്കി. എന്തു സംഭവിച്ചുവെന്നെല്ലാവർക്കുമറിയാം. പറഞ്ഞുവരുന്നത് ഇഎംഎസ് എന്നും ശരിയായ നയത്തോടൊപ്പമേ നിന്നിട്ടുള്ളുവെന്നാണ്.
മാർക്‌സിസ്റ്റ് പാർട്ടിയിൽ ധൈഷണിക സ്വാതന്ത്ര്യം ഇല്ല എന്ന ഒരു ധാരണ കഴിഞ്ഞ കുറേക്കാലമായി ബലപ്പെട്ടിട്ടുണ്ട്?
വി എസ് : ആരു പറഞ്ഞു? ഏത് പാർട്ടി സഖാവിനും സ്വന്തം അഭിപ്രായം അവരവരുടെ നിലവാരത്തിൽ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ഞങ്ങളുടെ പാർട്ടിയിലുള്ളത് ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവുമാണ്. ഭൂരിപക്ഷാഭിപ്രായം ന്യൂനപക്ഷം അംഗീകരിക്കണമെന്ന് മാത്രം. മേൽഘടകത്തിന് കീഴ്ഘടകങ്ങൾ വിധേയവുമാകണം. സ്വതന്ത്രമായ അഭിപ്രായങ്ങളിന്മേൽ പാർട്ടി ഒരു തീരുമാനമെടുത്താൽ, പിന്നെ അതിനെ വെല്ലുവിളിക്കാൻ പാടില്ല. ഇതാണ് പെറ്റിബൂർഷ്വാ പാർട്ടികളും കമ്മ്യുണിസ്റ്റ് പാർട്ടിയും തമ്മിലുള്ള വ്യത്യാസം.
മുപ്പത് മുപ്പത്തഞ്ചുകൊല്ലം പാർട്ടിയിൽ പ്രവർത്തിച്ച് സീനിയർ നേതാവായി ഉയർന്ന ഒരാളെ ഒരഭിപ്രായവ്യത്യാസത്തിന്റെ പേരിൽ പുറത്താക്കുന്നത് കടുകൈ അല്ലേ? സ്വതന്ത്രമായ ചർച്ച അനുവദിക്കുന്നതിന് പകരം അതിനെ അടച്ചമർത്തുകയല്ലേ നിങ്ങൾ ചെയ്യുന്നത്. കാലാന്തരത്തിൽ ഇത് പാർട്ടിക്ക് ദൂഷ്യം ചെയ്യുകയില്ലേ?
പാർട്ടിയുടെ നയങ്ങളാണ് ഞങ്ങൾക്ക് പരമപ്രധാനം. വ്യക്തികളല്ല. എത്ര ഉന്നതനായിരുന്നാലും പാർട്ടിനയത്തെ ചോദ്യം ചെയ്യാൻ പാർട്ടി അനുവദിക്കുകയില്ല. കോൺഗ്രസ്സിലോ ജനതാപാർട്ടിയിലോ, സിപിഐയിലോ അതൊക്കെ നടക്കും. രാജീവ് ഗാന്ധി ഉത്തരേന്ത്യയിലെ മുസ്ലീങ്ങളുടെ വോട്ട് പിടിക്കാൻ ജീവനാംശ ബില്ല് കൊണ്ടുവന്നപ്പോൾ ജനതാപാർട്ടിയിലെ ഒരു നേതാവായ ഷാഹാബുദ്ദീൻഡ ബില്ലിനെ അനുകൂലിച്ചു. മറ്റുള്ളവർ എതിർത്തു. കയർ വ്യവസായത്തിൽ യന്ത്രവത്കരണപ്രശ്‌നം വന്നപ്പോൾ സിപിഐയിലെ എം ടി ചന്ദ്രസേനൻ അതിനെ അനുകൂലിച്ചു. മറ്റുള്ളവർ അതിനെ എതിർത്തു. ഇതൊന്നും മാർക്‌സിസ്റ്റ് പാർട്ടിയിൽ പറ്റില്ല.
രാഘവനെപ്പോലെ ജനപ്രീതിയുള്ള ഒരു നേതാവിനെ നഷ്ടപ്പെടുത്തുന്നത് ഒരു പാർട്ടിക്ക് ക്ഷീണം വരുത്തിവയ്ക്കില്ലേ?
വി എസ്: 1964ൽ ഡാങ്കെ പോയി; രാജേശ്വരറാവു പോയി, എം എന്ഡ പോയി, ടി വി പോയി, അച്ചുതമേനോൻ പോയി. ആര് ക്ഷീണിച്ചു? പിന്നീട് എൻ സി ശേഖർ പോയി, എ വി ആര്യൻ പോയി, കെ പി ആർ പോയി, ചാത്തുണ്ണിമാസ്റ്റർ പോയി. ആർ ക്ഷീണിച്ചു?
വർഗ്ഗീയപ്പാർട്ടികളുമായി ബന്ധമേ പാടില്ലെന്ന മാർക്‌സിസ്റ്റ് പാർട്ടിയുടെ നയത്തിന് തമിഴ് നാട്ടിലെന്തുപറ്റി? അവിടെ മുസ്ലിംലീഗുമായുള്ള മുന്നണിയിൽ എന്തിന് നിങ്ങളുടെ പാർട്ടി ചേർന്നു?
ഡി എം കെ യുടെ മുന്നണിയിൽ ലീഗുണ്ടായിരുന്നവെന്നേയുള്ളു. ഞങ്ങൾക്ക് ലീഗുമായി ചേരാൻ വയ്യെന്നു കരുണാനിധിയോടു പറഞ്ഞു. ലീഗുമായി ഞങ്ങൾ ചേർന്നുകൊള്ളാം; നിങ്ങൾ ലീഗിനെ എതിർത്തോളു; ലീഗുകാരണം ഞങ്ങളുമായി പിണങ്ങരുത് എന്ന് ഡി എം കെ നേതാവ് കരുണാനിധി പറഞ്ഞു. ഞങ്ങൾ ലീഗിനെ എതിർത്തു. രണ്ട് ലീഗ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പിൽ ഞങ്ങൾ തോല്പിക്കുകയും ചെയ്തു.
എന്നാലും നിങ്ങൾ ലീഗ് ഉൾപ്പെട്ട മുന്നണിയിൽ പങ്കാളിയായിരുന്നില്ലേ?
പക്ഷേ പാർട്ടി എന്ന നിലയിലല്ല. ഏതായാലും നാളെ കരുണാനിധിക്ക് ഞങ്ങളുടെ നിലപാട് സമ്മതിക്കേണ്ടിവരും. കർണ്ണാടകത്തിൽ ഹെഗ്‌ഡെ സമ്മതിച്ചതുപോലെ. 1983ലെ തിരഞ്ഞെടുപ്പിൽ ഹെഗ്‌ഡേ ഹിന്ദുവർഗ്ഗീയ കക്ഷിയായ ബിജെപിയെ മുന്നണിയിൽ ചേർത്തു. ഞങ്ങൾ പറഞ്ഞു, പാടില്ലെന്ന്, ഹെഗ്‌ഡേയ്ക്ക് ബോധ്യം വന്നില്ല. 83 സീറ്റ് കിട്ടി. എന്നാൽ 84ലെ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ നിർബന്ധം കാരണം ഹംഗ്‌ഡേ ബിജെപിയെ കൈവിട്ടു. അതുകാരണം കിട്ടിയ സീറ്റ് 124. ഇതുപോലെ കരുണാനിധിക്കും ബോദ്ധ്യം വരും.
ബോദ്ധ്യം വരുന്നതുവരെ നിങ്ങൾക്ക് മുന്നണിയിൽ നിന്നു വിട്ടു നിന്നുകൂടെ? അങ്ങനെ ചെയ്താൽ നിങ്ങളുടെ വർഗ്ഗീയ വിരുദ്ധനിലപാട് കുറേക്കൂടി സുവ്യക്തമാവുകയില്ലേ?
കോൺഗ്രസ്സിനെതിരെ ചെറുതും വലുതുമായ ശക്തികൾ ഒന്നിക്കണം.
അതല്ലേ രാഘവനും പറയുന്നത്?
കേരളത്തിൽ അതിന്റെ കാര്യമില്ല. ഇവിടെ സിപി എം ആണ് ഏറ്റവും വലിയകക്ഷി. ബംഗാളിലും ഇങ്ങനെ തന്നെ. ഈ അവസ്ഥയല്ല തമിഴ്‌നാട്ടിൽ.
മുതലാളിത്തരാജ്യങ്ങളിലെ വ്യവസായക്കുത്തകകളെ എതിർക്കുന്നനയമാണ് നിങ്ങളുടെ പാർട്ടിയുടേത്. എന്നാൽ പശ്ചിമബംഗാളിൽ എന്തിനാണ് അത്തരം കുത്തകകളെ വ്യവസായം തുടങ്ങാൻ ക്ഷണിച്ചത്?
അതിന്റെ യഥാർത്ഥ്യം പറയാം. പശ്ചിമബംഗാൾ ഗവർമെന്റിന് മൂലധനത്തിൽ 51 ശതമാനം അവകാശം തുടങ്ങിയ വ്യവസ്ഥകളോടെയാണ് കുത്തകവ്യവസായികളെ ക്ഷണിച്ചത്. ഇടതുപക്ഷ ഗവർമെന്റ് ഭരിച്ചാൽ പുതിയ വ്യവസായം വരികയില്ല. അടച്ചിട്ട വ്യവസായം തുറക്കുകയില്ല; തൊഴിൽ സാദ്ധ്യതകൾ ഉണ്ടാവുകയില്ല എന്നിങ്ങനെ കോൺഗ്രസ് നടത്തുന്ന കള്ള പ്രചരണത്തെ തോല്പിക്കാൻ ഞങ്ങൾക്കും ചില തന്ത്രങ്ങൾ സ്വീകരിക്കേണ്ടി വന്നുവെന്നല്ലാതെ ജനങ്ങളെ കൊള്ളയടിച്ച് ലാഭം തട്ടിക്കൊണ്ടുപോകാൻ ഒരു കുത്തികവ്യവസായിയെയും അനുവദിക്കുന്ന പ്രശ്‌നമില്ല.
അങ്ങനെ ബഹുരാഷ്ട്ര കമ്പനികളെ നിയന്ത്രിക്കാൻ കഴിയുമോ?
ആ നിയന്ത്രണത്തിന് വിധേയമാകുന്നവർ മാത്രം അവിടെ വന്ന് വ്യവസായം തുടങ്ങിയാൽ മതി.
ബഹുരാഷ്ട്ര കമ്പനികളെ സാമ്പത്തികരംഗത്ത് ഇങ്ങനെ നിയന്തിരച്ചു നിറുത്താമെങ്കിൽ, രാഷ്ട്രീയ രംഗത്ത് നിങ്ങൾക്ക് ലീഗിനെയും കേരള കോൺഗ്രസ്സിനെയും നിയന്ത്രിച്ചു നിറുത്താൻ കഴിയുകയില്ലേ? ഇങ്ങനെ നിയന്ത്രിച്ചുനിറുത്താൻ കഴിയണം എന്നല്ലേ രാഘവൻ പറയുന്നത്?
അത് സാധ്യമല്ല എന്ന് കണ്ടുകഴിഞ്ഞതാണ്. സ്വന്തം വർഗ്ഗീയ വിഭാഗീയ താല്പര്യങ്ങൾക്ക് ഞങ്ങൾ എതിരാണെന്ന് കണ്ടാൽ അവർ കാലുമാറും. കരുണാകരനെ അവർ സമ്മർദ്ദഭീഷണികൾ കൊണ്ട് വിരട്ടുന്നത് കാണുന്നില്ലേ? യുണിയൻലീഗ് മുസ്ലിം സമുദായത്തിന്റെ താല്പര്യങ്ങൾ നോക്കുന്നില്ല എന്ന് പറഞ്ഞ് ഞങ്ങളോടൊപ്പം വന്നവരാണ് അഖിലേന്ത്യലീഗ്. ശരിഅത്ത് സംബന്ധിച്ച ഞങ്ങളുടെ ഉറച്ച നിലപാട് കണ്ടപ്പോൾ അവർ സമുദായ കാര്യവും നോക്ക് യൂണിയൻ ലീഗിലേക്ക് തിരിച്ചുപോയി. 1967ൽ ഞങ്ങളോടൊപ്പം നിന്ന് അധികാരം പങ്കിട്ട യൂണിയൻ ലീഗ്, അന്ന് ഭൂപരിഷ്‌കരണ നിയമത്തെ അനുകൂലിച്ചു. പിന്നീട് കാലുമാറി വലതുപക്ഷ ഗവർമെന്റിനോട് ചേർന്ന്. ഭൂപരിഷ്‌കരണ നിയമത്തെ മറികടക്കാൻ ഇഷ്ടദാന നിയമം കൊണ്ടുവരാൻ പ്രേരിപ്പിച്ച് അത് സാധിച്ചവരാണ് ലീഗുമാർ. കേരള കോൺഗ്രസ്സിന്റെ കാര്യവും ഇങ്ങനെതന്നെ. അവരുടെ വിഭാഗീയ താല്പര്യം നടന്നില്ലെങ്കിൽ അവർ മുന്നണിയെ ടോർപ്പിഡോ ചെയ്യും. ഇത് പരീക്ഷിക്കപ്പെട്ടുകഴിഞ്ഞ കാര്യമാണ്. ഇത് ഇനി കരുണാകരനോടേ പറ്റൂ, ഞങ്ങളോട് പറ്റില്ല.
നിങ്ങളുടെ പാർട്ടിക്ക് ഒറ്റയ്ക്ക് നിന്ന് അധികാരത്തിൽ വരാൻ കഴിയുകയില്ലല്ലോ?
ഞങ്ങൾ ഒറ്റയ്ക്ക് എന്നാര് പറഞ്ഞു? ഞങ്ങളുടെകൂടെ സിപിഐ ഉണ്ട്. ജനതയുണ്ട്. കോൺഗ്രസ്- എസ് ഉണ്ട്. ഇടതുചിന്താഗതിക്കാർ, മതേതര ചിന്താഗതിക്കാർ, സമ്മർദ്ദ രാഷ്ട്രീയവും ജാതിരാഷ്ട്രീയവും കളിക്കാത്തവർ. ഞങ്ങൾക്ക് അധികാരം കിട്ടാൻ താമസിച്ചെന്നുവരാം. ഞങ്ങൾ നിരാശപ്പെടുകയില്ല. എന്നാൽ, ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇവിടുത്തെ വർഗ്ഗീയ-സാമുദായിക രാഷ്ട്രീയത്തിനെതിരായിത്തന്നെ ജനങ്ങൾ വിധിയെഴുതുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.