ന്യൂഡൽഹി: മൂന്ന് രാഷ്ട്രീയ ധ്രുവങ്ങളിലാണ് മോദിയും വിഎസും ചാണ്ടിയും. എന്നും വിമർശിച്ച് മുന്നേറിയവർ. ഇതിൽ മോദിയുടെ കടുത്ത വിരോധിയാണ് വി എസ്. രാഷ്ട്രീയമായി മോദിക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്ന നേതാവ്. കേരളത്തിലെ ജനകീയനായ വിഎസുമായി ഒന്നും അടുത്ത് കാണണമെന്ന് പ്രധാനമന്ത്രിയായ ശേഷവും മോദിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് ഇത്ര സുഗമമായി നടക്കുമെന്ന് പ്രധാനമന്ത്രിയും വിചാരിച്ചില്ല. അതും ഉമ്മൻ ചാണ്ടിക്ക് ഒപ്പം. അതാണ് ഇന്നലെ സംഭവിച്ചത്. വന്നു, കണ്ടു, കീഴടക്കി എന്നതു പോലെ മോദിയെ വിഎസും ഉമ്മൻ ചാണ്ടിയും സന്ദർശിച്ചു മടങ്ങി.

ഈ അപൂർവ്വ രാഷ്ട്രീയ കൂട്ടായ്മ മോദി തന്റെ സ്വന്തം ഫേയ്‌സ്ബുക്കിൽ ഇട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്തും ഏതും സോഷ്യൽ മീഡിയയിലെത്തിച്ച് വൈറലാക്കുന്ന മോദി, എന്തുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന ഏറ്റവും മുതിർന്ന വ്യക്തിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രധാന്യം നൽകിയില്ലെന്ന ചോദ്യം വേറെ. എന്നാൽ പ്രധാനമന്ത്രിയുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ കൂടിക്കാഴ്ചയുടെ ചിത്രവും വാർത്തയും നൽകിട്ടുമുണ്ട്.

ഏതായാലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹാപ്പിയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട 'സവിശേഷ പ്രതിനിധി സംഘത്തെ ആഹ്ലാദപൂർവമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നു സംസ്ഥാന സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. രാഷ്ട്രീയം മാറ്റിവച്ചു നേതാക്കൾ കൈകോർത്തത് സംസ്ഥാനത്തിനു ഗുണകരമായേക്കുമെന്നാണ് വിലയിരുത്തൽ. വികസനത്തിൽ രാഷ്ട്രീയം മറക്കണമെന്നതിന്റെ നേർക്കാഴ്ചയായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നിലപാട് നോക്കി മാറി നിന്നാൽ സംസ്ഥാന വികസനം എങ്ങുമെത്തില്ലെന്ന സത്യം വിഎസും തിരിച്ചറിഞ്ഞു. സംസ്ഥാന രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുമ്പോഴും മുഖ്യമന്ത്രിയ്‌ക്കൊപ്പം പ്രധാനമന്ത്രിയെ കാണാൻ വി എസ് ഡൽഹിക്ക് വണ്ടി കയറിയത് അനുകരണീയമായ പൊതുപ്രവർത്തന മാതൃകയായെന്നാണ് വിലയിരുത്തൽ.

ഇവരുടെ നീക്കം ഫലം കാണുമോ എന്ന് അറിയാൻ കേന്ദ്ര റെയിൽ-പൊതു ബജറ്റുവരെ കാത്തിരിക്കണം. എല്ലാ ഉറപ്പും കിട്ടി. അതിന്റെ സാക്ഷാത്കാരമുണ്ടാകുമോ എന്നതാണ് പ്രശ്‌നം. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെ അനുനയിപ്പിക്കണമെന്നതായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താൻ തമിഴ്‌നാടിനോടു നിർദ്ദേശിക്കണം. മുല്ലപ്പെരിയാർ മേൽനോട്ട സമിതി കേരളത്തിന്റെ ആശങ്കകൾ പരിഗണിക്കുന്നില്ലെന്ന പരാതിയും പ്രധാനമന്ത്രിക്കു മുന്നിൽ വ്യക്തമാക്കി. മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുകയെന്ന ആവശ്യം പരിശോധിക്കാമെന്നും പ്രധാനമന്ത്രി നേതാക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. മത്സ്യബന്ധന മേഖലയുടെ നിലനിൽപിന് ഇത് അത്യാവശ്യമാണെന്നു നേതാക്കൾ പറഞ്ഞു. സബ്‌സിഡി കുറച്ചു കൊണ്ടുവരികയെന്ന പൊതു നയത്തിന്റെ ഭാഗമായാണ് വിഹിതം കുറച്ചത്.

റബർ വിലയിടിവ് തടയാൻ ഇറക്കുമതി പൂർണമായി നിരോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ആറ് വിമാനത്താവളങ്ങൾ ചേർന്ന ഹബിൽ കേരളത്തിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ ഉൾപ്പെടുത്തുക, മത്സ്യബന്ധന മേഖലയ്ക്കുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ ഉന്നയിച്ചു. വിഴിഞ്ഞം തുറമുഖത്തിന് അനുമതി, പാലക്കാട് ഐ.ഐ.ടി, എയിംസ്, കൊച്ചിയിൽ ക്യാൻസർ ഗവേഷണ കേന്ദ്രം, ഫിഷറീസ് സർവകലാശാലയ്ക്ക് ഒറ്റത്തവണ സഹായം, ഫാക്ട് പാക്കേജിന് അനുതി, ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റിന് 300 കോടി രൂപ, ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കുന്നതിന് 100 കോടി രൂപ, ചെറുകിട തുറമുഖങ്ങൾക്കുള്ള അനുമതി, തുറമുഖങ്ങളിലെ ഇലക്‌ട്രോണിക്‌സ് ഡേറ്റാ കൈമാറ്റത്തിന് സൗകര്യം, കൊല്ലം അഴീക്കൽ തുറമുഖത്ത് കസ്റ്റംസ് ക്ലിയറൻസ് സൗകര്യം തുടങ്ങിയ ആവശ്യങ്ങൾ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്കു മുമ്പാകെയും സംസ്ഥാന നേതാക്കൾ ഉന്നയിച്ചു. ഇവ അടുത്ത ബജറ്റിൽ ഉൾക്കൊള്ളിക്കണമെന്നാണു സംസ്ഥാനത്തിന്റെ ആവശ്യം. എല്ലാം മോദി തലയാട്ടി സമ്മതിച്ചു.

റബറിന്റെ വിലയിടിവു നിയന്ത്രിക്കുന്നതിന് അടിയന്തര നടപടികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. റബർ ബോർഡ് നൽകുന്ന കണക്കുകളനുസരിച്ച് ഇറക്കുമതി നിജപ്പെടുത്തുക, ഇറക്കുമതിച്ചുങ്കം 5% കൂടി കൂട്ടുക, പുനർകൃഷി പ്രോത്സാഹിപ്പിക്കുന്നതിനു സബ്‌സിഡിയും ആനുകൂല്യങ്ങളും ആകർഷകമാക്കി പാക്കേജ് പ്രഖ്യാപിക്കുക, റബർ 'മെയ്‌ക് ഇൻ ഇന്ത്യയുടെ ഭാഗമാക്കുക തുടങ്ങി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനും സംയുക്തമായി ഉന്നയിച്ച ആവശ്യങ്ങളിൽ തുടർനടപടികളെടുക്കാൻ അദ്ദേഹം പ്രധാനമന്ത്രികാര്യാലയത്തിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

റബർ ഇറക്കുമതി കേരളത്തിന്റെ സമ്പദ്ഘടനയെയും കാർഷിക മേഖലയെയും ദോഷകരമായി ബാധിച്ചതിനെക്കുറിച്ചു പൂർണ ധാരണയോടെയാണു പ്രധാനമന്ത്രി തന്നോടും പ്രതിപക്ഷ നേതാവിനോടും സംസാരിച്ചതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പറഞ്ഞു. സ്വാഭാവിക റബർ ഉൽപാദനത്തിൽ കുറവ് 60,000 ടൺ മാത്രമാണെങ്കിലും ഇറക്കുമതി 3.25 ലക്ഷം ടണ്ണാണ്. വില പകുതിയായതിനു കാരണമിതാണ്. ഇതു പരിഹരിക്കുന്നതിനു റബർ ബോർഡിന്റെ കണക്കനുസരിച്ച് ഇറക്കുമതി നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു. റബർ ആക്ട് പരിഷ്‌കരിച്ച് സിന്തറ്റിക് റബറിനും കിലോയ്ക്കു രണ്ടു രൂപ സെസ് ഏർപ്പെടുത്തുക, റബറൈസ്ഡ് ബിറ്റുമിൻ ഉപയോഗിച്ചു റോഡുകളുടെ ആയുസു കൂട്ടുകയെന്നു റോഡ് കോൺഗ്രസ് നിർദ്ദേശിച്ചത് അംഗീകരിക്കുക, പുനർകൃഷിയിൽ നിന്നു കർഷകർ പിന്തിരിയുന്നത് ഇല്ലാതാക്കാൻ മികച്ച സബ്‌സിഡി, കുറഞ്ഞ നിരക്കിൽ ബാങ്ക് വായ്പ, വിലസ്ഥിരതാ നിധി എന്നിവ നൽകുക എന്നതായിരുന്നു നിർദ്ദേശങ്ങൾ

പ്ലാച്ചിമട ബിൽ രാഷ്ട്രപതി വീണ്ടും തിരിച്ചയച്ചതു പുനഃപരിശോധിക്കാമെന്നും പ്രധാനമന്ത്രിയുടെ ഉറപ്പു ലഭിച്ചിട്ടുണ്ട്. അടുത്ത മാസം ബജറ്റ് അവതരിപ്പിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി, റയിൽവേ മന്ത്രി സുരേഷ് പ്രഭു എന്നിവരുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഐഐടി പ്രഖ്യാപനം, കേരളം നിർദ്ദേശിച്ചിരിക്കുന്ന നാലു സ്ഥലങ്ങളിലൊന്ന് എയിംസിനു വേണ്ടി തെരഞ്ഞെടുത്ത് പ്രഖ്യാപനം, 450 കോടി രൂപ മുതൽമുടക്കോടെ തുടങ്ങാനിരിക്കുന്ന അർബുദ ചികിത്സാ- ഗവേഷണ കേന്ദ്രത്തിനു സഹായം, റബർ വിലയിടിവു തടയാൻ നടപടി, ഫിഷറീസ് സർവകലാശാലയ്ക്കു സഹായം, ഫാക്ട് പാക്കേജ്, വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റിന്റെ 300 കോടി രൂപയുടെ വികസന പദ്ധതി, ചെറുകിട തുറമുഖങ്ങൾക്ക് അനുമതി, ഇലക്‌ട്രോണിക് ഡേറ്റ കൈമാറ്റ സൗകര്യങ്ങൾ, കൊല്ലം അഴീക്കലിൽ കസ്റ്റംസ് ക്ലിയറൻസ് സൗകര്യം, ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രത്തിനു 100 കോടി രൂപ എന്നിവയാണ് കേന്ദ്ര ബജറ്റിൽ കേരളം പ്രതീക്ഷിക്കുന്നത്.