തിരുവനന്തപുരം: കാലം മാറിയതും കഥമാറിയതും അറിയാതെയാണോ മുതിർന്ന സിപിഐ(എം) നേതാവ് വി എസ് അച്യുതാനന്ദൻ സഭയിൽ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ഇടതുമുന്നണിയുടെ ഘടകകക്ഷിയെപോലെ പ്രവർത്തിക്കുന്ന കേരള കോൺഗ്രസ് (ബി) നേതാവ് ആർ ബാലകൃഷ്ണപിള്ളയെ നിയമസഭയിൽ കടന്നാക്രമിച്ച് വി എസ്. അച്യുതാനന്ദന്റെ നടപടി പുതിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.

വിവാദമായ വാളകം കേസിൽ ആരോപണവിധേയനായ പിള്ള, ആക്രമണവിധേയനായ അദ്ധ്യാപകൻ, ഭാര്യ എന്നിവരുമായി ബന്ധപ്പെട്ടാണു വി എസ്. സഭയിൽ രംഗത്തുവന്നത്. പിള്ളയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണു രേഖാമൂലം വി എസ്. ചോദ്യങ്ങൾ സഭയിൽ നൽകുകയായിരുന്നു. നാലു ചോദ്യങ്ങളാണു വി എസ്. ഉന്നയിച്ചത്. എന്നാൽ, ചോദ്യങ്ങൾക്കു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മറുപടി നൽകിയില്ല. പിള്ളയ്‌ക്കെതിരേയുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ചോദ്യങ്ങൾ.

വാളകം സ്‌കൂൾ അദ്ധ്യാപകരായ കൃഷ്ണകുമാറിനെയും ഗീതയെയും സസ്‌പെൻഡ് ചെയ്ത നടപടി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? സ്‌കൂൾ മാനേജർ ആർ ബാലകൃഷ്ണപിള്ള അഴിമതി നിരോധന നിയമപ്രകാരം ഒരുവർഷം കഠിനതടവ് അനുഭവിച്ച വ്യക്തിയാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

നിലവിലുള്ള നിയമപ്രകാരം മാനേജരായിരിക്കാൻ പിള്ളയ്ക്ക് യോഗ്യതയുണ്ടോ; അങ്ങനെയെങ്കിൽ സസ്‌പെൻഷൻ നിയമപരമാണോ? അദ്ധ്യാപകരെ തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കുകമോ? എന്നിവയായിരുന്നു ചോദ്യങ്ങൾ. നേരത്തെ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്‌ക്രീം പാർലർ കേസുമായി ബന്ധപ്പെട്ടും വി എസ് സഭയിൽ ചോദ്യങ്ങളുയർത്തിയിരുന്നു.

യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞശേഷം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിനുവേണ്ടിയാണ് ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് ബി നിലകൊള്ളുന്നത്. നിയമസഭാ തിരഞ്ഞെടുപ്പോയെ പിള്ളയുടെ പാർട്ടിയെ എൽഡിഎഫിലെടുക്കുമെന്നായിരുന്നു ധാരണയെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല. എന്നാൽ ഇടതുപിന്തുണയോടെ പത്തനാപുരത്തുനിന്ന് കേരളാകോൺഗ്രസ് ബി സ്ഥാനാർത്ഥി ഗണേശ്‌കുമാർ വിജയിച്ച് സഭയിലെത്തി. ഇതോടെ ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായില്ലെങ്കിലും പിള്ള എൽഡിഎഫിനുള്ളിലായ സ്ഥിതിയാണ്.

പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം മാനേജരായ സ്‌കൂളിലെ അദ്ധ്യാപകൻ കൃഷ്ണകുമാർ, ഭാര്യ ഗീത എന്നിവരെ സസ്‌പെൻഡു ചെയ്തിരുന്നു. മുമ്പും ഇത്തരം നടപടിയുണ്ടായപ്പോൾ വി എസ് ഇക്കാര്യത്തിൽ ശക്തമായി ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കുറിയും അദ്ദേഹം പിള്ളയുടെ നടപടികളെ എതിർത്തുകൊണ്ട് രംഗത്തെത്തി.

എന്നാൽ സർക്കാർ ഇക്കാര്യത്തിൽ മൗനംപാലിച്ചു. ഇതോടെയാണ് വി എസ് വിഷയം സഭയിൽ ഉന്നയിച്ചത്. നക്ഷത്രചിഹ്നമിടാത്ത ചോദ്യമായതിനാൽ രേഖാമൂലം മന്ത്രി മറുപടി നൽകിയാൽ മതിയെങ്കിലും ഇക്കാര്യത്തിൽ സർക്കാർ എന്തു നിലപാടു സ്വീകരിക്കുമെന്നത് കൗതുകകരമായിരിക്കും. വാളകം കേസിൽ മുമ്പ് പിള്ളയ്‌ക്കെതിരെ വി എസ് നീങ്ങിയത് പാർട്ടിയുടെ അനുമതിയോടെയായിരുന്നു. എന്നാൽ ഇപ്പോൾ സിപിഎമ്മിന്റെ നിലപാടിൽ മാറ്റമുണ്ടായ സാഹചര്യത്തിൽ പിള്ളയുടെ സ്‌കൂൾ വിഷയത്തിലും വാളകം കേസിലും സർക്കാർ വിഎസിനൊപ്പം നിൽക്കാൻ സാധ്യതയില്ലെന്നാണ് സൂചനകൾ.