മനാമ: ബഹ്‌റിൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ബഹ്‌റിനിലെത്തിയ വി എസ് അച്യുതാനന്ദന് ഊഷ്മള സ്വീകരണം. ബഹ്‌റിൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടകനാണ് വി എസ്.

ഇന്നാണ് രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം. സിപിഎമ്മിന്റെ പോഷക സംഘടയായ പ്രതിഭയുടെ സ്വീകരണം നാളെ ഏഴു മണിക്കുന്നുണ്ട്. അതിനു ശേഷമായിരിക്കും മടക്കം. എസ്എൻഡിപി നേതാവ് നടേശൻ പുതിയ പാർട്ടി രൂപീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വി എസ് ഗൾഫ് സന്ദർശനത്തിന് ഇപ്പോൾ തയാറായിട്ടുള്ളത്. ഗൾഫിൽ വെള്ളാപ്പള്ളിക്കുള്ള സ്വാധീനം തകർക്കുകയാണ് പ്രധാന ലക്ഷ്യം. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാർട്ടിക്ക് ഗൾഫിൽ നിന്ന് കിട്ടാനിടയുള്ള പിന്തുണ പരമാവധി കുറയ്ക്കാനും തന്റെ സന്ദർശനത്തിലൂടെ വി എസ് ലക്ഷ്യം വയ്ക്കുന്നുണ്ട്.. ഗൾഫിലെ ഇടതുപക്ഷത്തെ സിപിഎമ്മിനൊപ്പം അടുപ്പിക്കുകയാണ് ഉദ്ദേശം.

വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച പശ്ചാത്തലത്തിൽ സിപിഎമ്മിനു സജീവ പോഷക സംഘടനകളുള്ള ഗൾഫിൽ ഈ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. മുൻപു പലതവണ അഭ്യർത്ഥിച്ചിട്ടും അനുമതി നൽകാതിരുന്ന പാർട്ടി ഇത്തവണ വി.എസിനെ ഗൾഫിലേക്ക് അയയ്ക്കുന്നതും പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്തു തന്നെ.



സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രണ്ടാഴ്ച മുൻപു ഗൾഫിലെത്തിയിരുന്നു. വെള്ളാപ്പള്ളിയോടു എതിർപ്പ് പുലർത്തുന്ന ശ്രീനാരായണ കൾച്ചറൽ സെന്റർ മുൻപു പലതവണ വാർഷികാഘോഷങ്ങൾക്കു ക്ഷണിച്ചെങ്കിലും വി.എസിനു പോകാൻ പാർട്ടി അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇത്തവണ കൾച്ചറൽ സംഘടനാ ഭാരവാഹികൾ നേരത്തെ തന്നെ പാർട്ടിയുടെ അനുമതി തേടി.