തിരുവനന്തപുരം: വിജിലൻസ് കേസിൽ പെടാതിരിക്കാൻ മുൻ മന്ത്രി മുഖ്യമന്ത്രി പിണറായി വജിയന്റെ കാലുപിടിച്ചെന്ന യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ വിനോദ് കൃഷ്ണന്റെ പോസ്റ്റ് കോൺഗ്രസിനുള്ളിൽ ചർച്ചയാകുന്നു. തിരുവനന്തപുരത്തെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് വിനോദ് കൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ നിറയുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള ഏക മന്ത്രി വി എസ് ശിവകുമാറിനെ ലക്ഷ്യമിട്ടാണ് പോസ്‌റ്റെന്നാണ് വിലയിരുത്തൽ.

വിനോദ് കൃഷ്ണന്റെ വിവാദ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ- ഏതോ ഒര് മുൻ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ കാലിൽ വീണ് തന്റെ രാഷ്ട്രീയ ഭാവി തകർക്കരുത് എന്ന് അപേക്ഷിച്ചതായി പിന്നാന്പുറ സംസാരം. അഴിമതി നടത്തിയിട്ടില്ലാന്ന് മനസാക്ഷിയുടെ മുന്നിൽ ഉറപ്പുള്ളവർ ആരും കാലുപിടിക്കാൻ പോയിട്ടില്ല എന്നും മനസ്സിലാക്കുന്നു. കാല് പിടിച്ച ആൾ ഇനിയെങ്കിലും യു ഡി എഫിനെ അപമാനിക്കുന്ന പ്രവർത്തി അവസാനിപ്പിക്കണം. എന്തായാലും അങ്ങോട്ട് പോയി രക്ഷിക്കണം എന്ന് അപേക്ഷിച്ചു വിജിലസിന് ജോലി ഉണ്ടാക്കി കൊടുക്കല്ലേ-എന്നാണ് വിനോദ് കൃഷ്ണന്റെ പരിഹാസം. ഈ പോസ്റ്റിനടിയിൽ മന്ത്രി ശിവകുമാറാണോ എന്ന കമന്റുമുണ്ട്. ഇതിന് വിനോദ് കൃഷ്ണ മറുപടി നൽകുന്നില്ല. ഇതോടെയാണ് ആരോപണത്തിന്റെ വിരൽ ശിവകുമാറിലേക്ക് നീളുന്നത്.

വിജിലൻസിന്റെ അഴിമതിക്കാർക്കെതിരായി തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റിൽ മുൻ മന്ത്രി കെ. ബാബുവിനു പുറമേ 20 യു.ഡി.എഫ്. നേതാക്കളുണ്ട്. ഇതിൽ ശിവകുമാറും ഉൾപ്പെടുന്നുണ്ട്. ഇതാണ് ചർച്ചകൾക്ക് പുതുതലം നൽകുന്നത്. യു.ഡി.എഫ്. ഭരണകാലത്ത് ആരോപണവിധേയരായവരടക്കം ഉന്നതരുടെ സ്വത്തുവിവരങ്ങൾ ഓണത്തിനു മുമ്പ് പൂർണമായി ശേഖരിക്കാനാണു വിജിലൻസ് തീരുമാനം. ഇതു സംബന്ധിച്ച രഹസ്യാന്വേഷണത്തിനു ജില്ലാ വിജിലൻസ് ഘടകങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ ശിവകുമാറനും കുടുംബാഗംങ്ങൾക്കുമെതിരെ വ്യക്തമായ തെളിവ് ലഭിച്ചെന്നാണ് സൂചന. അതുകൊണ്ട് തന്നെ ശിവകുമാറിനെതിരെ ഏത് സമയത്തും വിജിലൻസ് നടപടിയുണ്ടാകുമെന്ന് കോൺഗ്രസുകാർ കരുതുന്നു. ശിവകുമാറുമായി അടുപ്പമുള്ള തിരുവനന്തപുരത്തെ പല പ്രമുഖരും റെയ്ഡ് മുന്നിൽ കണ്ടുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്. എന്നാൽ വ്യക്തമായ ആരോപണങ്ങൾ ശിവകുമാറിനെതിരെ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ രേഖകൾ കണ്ടെത്താൻ വിജിലൻസിന് ബുദ്ധിമുട്ടേണ്ടിയും വരില്ല. ഈ ഘട്ടത്തിലാണ് വിനോദ് കൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും അതിലെ ചർച്ചയും നിർണ്ണായകമാകുന്നത്.

യുത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് വിനോദ് ക്യഷ്ണ. ഗ്രൂപ്പുകൾക്ക് അതീതമായി നിന്ന് മത്സരിച്ച് ജയിച്ചാണ് യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിയായത്. റിവൈവ് യൂത്ത് കോൺഗ്രസ് മുദ്രാവാക്യം ഉയർത്തിയതിലും പ്രധാനിയാണ്. തിരുവനന്തപുരത്ത് എ-ഐ ഗ്രൂപ്പുകൾക്കെതിരെ നിലപാട് എടുത്ത വിനോദ് കൃഷ്ണ അതുകൊണ്ട് തന്നെ മുമ്പും നേതൃത്വത്തിന്റെ ശാസനകൾക്ക് വിധേയമായിട്ടുണ്ട്. ഡിസിസി പുനഃസംഘടനയിൽ തിരുവനന്തപുരത്ത് പ്രസിഡന്റാകാൻ വി എസ് ശിവകുമാർ ശ്രമം സജീവമാക്കിയിട്ടുണ്ട്. മന്ത്രിയാകും വരെ ശിവകുമാറായിരുന്നു ഡിസിസി പ്രസിഡന്റ്. മന്ത്രി പദം പോയപ്പോൾ വീണ്ടും ഡിസിസിയുടെ തലപ്പത്ത് എത്താൻ ശിവകുമാർ ശ്രമിക്കുന്നത് കോൺഗ്രസിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിടുന്നുണ്ട്. ഇതിനൊപ്പമാണ് വിനോദ് കൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും ചർച്ചയാകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശിവകുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ബിജു രമേശ് ഉന്നയിച്ചിരുന്നു. മംഗളം പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് താൻ നടത്തിയ അന്വേഷണത്തിലാണ് വൻ അഴിമതിക്കഥയുടെ ചുരുളഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായ മരുന്ന് വൻതോതിൽ വാങ്ങിക്കൂട്ടാനായാണ് ഒരു മുൻനിര മരുന്നുകമ്പനിയിൽ നിന്നു മന്ത്രി കമ്മിഷൻ വാങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇടപാട് നടന്നില്ല. കൈപ്പറ്റിയ തുക മന്ത്രി തിരികെ നൽകാതിരുന്നതിനിനാലാണ് ഡൽഹിയിൽ പഠിക്കുകയായിരുന്ന മകളെ മരുന്നുകമ്പനിക്കാർ തട്ടിക്കൊണ്ടുപോയത്. മന്ത്രി നേരിട്ട് ഡൽഹിയിലെത്തി ഒരു മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ മധ്യസ്ഥതയിൽ കമ്പനിക്കാർക്കു പണം നൽകിയാണ് മകളെ മോചിപ്പിച്ചത്. മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസ് ഒരു പെറ്റിക്കേസ് പോലും രജിസ്റ്റർ ചെയ്യാതിരുന്നതു സംശയകരമാണെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.

മന്ത്രിയായിരിക്കെ ശിവകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് കാലാവധി തീരാറായ മരുന്നുകൾ വൻതോതിലാണു വാങ്ങിക്കൂട്ടിയത്. 600 കോടി രൂപയുടെ അഴിമതിയാണു നടന്നതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ഇതാണ് മകളുടെ തട്ടിക്കൊണ്ട് പോകലിലേക്ക് എത്തിച്ചതെന്നാണ് വിശദീകരിച്ചത്. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രി 164 കോടി രൂപയ്ക്കു വാങ്ങാൻ ബിനാമി പേരിലാണ് കരാറായിരിക്കുന്നത്. വിദേശത്തുള്ള മന്ത്രിയുടെ ഭാര്യാസഹോദരന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്നും ബിജു രമേശ് പറഞ്ഞു. ശിവകുമാറിന്റെ സഹോദരൻ വി എസ്. ജയകുമാറിനെ ശബരിമല സീസണിൽ ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസറായി അവിടെ നിയമിക്കുകയും സീസൺ കഴിഞ്ഞപ്പോൾ ദേവസ്വം ബോർഡ് സെക്രട്ടറിയാക്കുകയും ചെയ്ത നടപടി സ്വജനപക്ഷപാതമാണെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ വിജിലൻസിന് മുമ്പിൽ പരാതിയായുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം വന്നാൽ ശിവകുമാർ കുടുങ്ങുമെന്നും ഉറപ്പാണ്. ഈ ഫയലുകൾ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ മുമ്പിലുമാണ്.

മന്ത്രിയുടെ കള്ളപ്പണ ഇടപാടുകൾക്കാണ് ഭാര്യാസഹോദരനെ ദുബായിലേക്ക് അയച്ചിരിക്കുന്നത്. മരുന്നുകമ്പനികളിൽ നിന്നു കമ്മീഷൻ വ്യവസ്ഥയിൽ കോടികൾ വാങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഈ കമ്പനികൾക്ക് ലൈസൻസ് നൽകാനായില്ല. ഇതോടെ കമ്മീഷനായി നൽകിയ പണം കമ്പനികൾ തിരികെ ചോദിച്ചു. എന്നാൽ പണം തിരികെ നൽകാൻ മന്ത്രി കൂട്ടാക്കിയില്ല. അതിനാലാണു ഡൽഹിയിൽ പഠിക്കുന്ന മകളെ മരുന്ന് കമ്പനിക്കാർ തട്ടിക്കൊണ്ട് പോയതെന്നാണ് ബിജു രമേശ് ആരോപിച്ചിരുന്നത്. ഒരു മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു ശ്രദ്ധയിൽപെട്ടതിനാലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടത്തിയത്. അതുകൊണ്ടു കേരളത്തെ ഞെട്ടിക്കുന്ന അഴിമതിക്കഥ പുറത്തുകൊണ്ടുവരാനായി എന്നും ബിജു രമേശ് പറഞ്ഞിരുന്നു. ശിവകുമാറിനെതിരെ ബിജു രമേശ് വിജിലൻസിന് പരാതി നൽകുമെന്നും സൂചനയുണ്ട്.

തട്ടിക്കൊണ്ടുപോകപ്പെട്ട മകളെ സംസ്ഥാനത്തെ ഒരു മന്ത്രി ഡൽഹിയിലെത്തി മോചിപ്പിച്ചെന്ന വാർത്ത മംഗളം പത്രമാണു റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലുണ്ടായിരുന്ന മകളെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നും ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് ഇതിനു പിന്നിലെന്നും പത്രം റിപ്പോർട്ട് ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോകൽ അല്ല നടന്നതെന്നും മന്ത്രിയുടെ മകൾ ഇതരമതസ്ഥനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നു. പെൺകുട്ടിയുടെ കാമുകന് ബന്ധം ഉപേക്ഷിക്കാൻ അഞ്ച് കോടി നൽകിയെന്നും വാർത്തകളുണ്ടായിരുന്നു. അതീവ രഹസ്യമായി സൂക്ഷിച്ച ഇക്കാര്യം മംഗളത്തിൽ തട്ടിക്കൊണ്ട് പോകൽ വാർത്തയാകുകയായിരുന്നു. 'പെൺകുട്ടി ഇപ്പോൾ നാട്ടിലുണ്ട്. ക്രൈം ത്രില്ലർ സിനിമയ്ക്ക് തുല്യമായ സംഭവങ്ങളാണ് ഇന്ദ്രപ്രസ്ഥത്തിൽ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ട മോചനദ്രവ്യം മന്ത്രി നൽകിയതായാണ് സൂചനയെന്നും മംഗളം റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയത്തിലും വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

തെരഞ്ഞെടുപ്പ് കാലത്ത് ബിജു രമേശ് ഉയർത്തിയ ആരോപണങ്ങൾ ഫലം കണ്ടിരുന്നില്ല. തിരുവനന്തപുരം മണ്ഡലത്തിൽ ശിവകുമാർ പതിനായിരത്തിൽ പരം വോട്ടിന് ജയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജു രമേശിനെതിരെ നടപടിയും എടുത്തു. തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചുവെന്നായിരുന്നു കമ്മീഷന്റെ നിരീക്ഷണം. ഈ സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടേയെന്ന നിലപാടിലേക്ക് ശിവകുമാറിന്റെ രാഷ്ട്രീയ ശത്രുക്കൾ മാറുന്നത്.