കൊച്ചി: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഡി സിനിമാസിന് വേണ്ടി താൻ ഇടപെട്ടുവെന്ന വാർത്ത ശുദ്ദ അസംബന്ധമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ജില്ലാ കളക്ടറിന്റെ അന്വേഷണ റിപ്പോർട്ട് ലാൻഡ്‌റവന്യു കമ്മീഷണർക്ക് സമർപ്പിക്കുന്നത് 2015 ലാണ്. ഈ റിപ്പോർട്ട് എങ്ങെനെയാണ് താനിക്ക് പൂഴ്‌ത്തിവയ്ക്കണമെന്ന് നിർദ്ദേശിക്കാൻ കഴിയുക.? ദിലീപിന്റ ഭൂമി ഇടപാടുകളുമായോ, ഡി സിനിമാസുമായോ എനിക്ക് ഒരു ബന്ധവും ഇല്ല. ദിലീപിനെ ഒരു നടൻ എന്ന നിലയിൽ അറിയാം.

രാഷ്ട്രീയ നേതാവെന്ന നിലയിൽ ദിലീപുമായി പരിചയമുണ്ട്. പരിസ്ഥിതി വിഷയങ്ങളിൽ അന്നും ഇന്നും എനിക്ക് ഒരേ നിലപാടാണ്. ദിലീപല്ല, ഏത് പ്രമാണിയാണെങ്കിലും ഭൂമി കയ്യേറിയാൽ ഞാൻ അതിനെ അനുകൂലിക്കില്ല. ഇനി എന്റെ അച്ഛൻ ഭൂമി കയ്യേറിയാലും ഞാൻ അതിനെ അനുകൂലിക്കില്ലെന്നും സുനിൽ കുമാർ മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ആരാണ് തന്നെ കരിവാരി തേക്കാൻ വേണ്ടി ശ്രമിക്കുന്നതെന്ന് അന്വേഷിച്ച് വരുകയാണ്. കഴിഞ്ഞ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു മന്ത്രി ദിലീപിന് വേണ്ടി നിയമം വിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് താൻ പുറത്തുകൊണ്ടുവരും. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് ദിലീപ്. അത്തരം ആളുകളുമായി ബന്ധപ്പെടാതെ കഴിഞ്ഞ സർക്കാരുമായി ബന്ധമില്ലാത്ത എന്നെ എന്തിനാണ് ദിലീപ് ബന്ധപ്പെടുക..? ഞാൻ പ്രതിപക്ഷത്തായിരുന്നപ്പോൾ ഭൂമി കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്ന ആളാണ്. അങ്ങനെയുള്ള ഞാൻ റവന്യൂ മന്ത്രിയുടെ നേരെ കീഴിൽ പ്രവർത്തിക്കുന്ന ലാൻഡ് റവന്യൂ കമ്മീഷണറെക്കൊണ്ട് ഭൂമി കയ്യേറ്റത്തിന് വേണ്ടി റിപ്പോർട്ട് പൂഴ്‌ത്തിയാൽ പിന്നെ എനിക്ക് നിയമസഭയിൽ ഇരിക്കാൻ പറ്റുമോ..? മന്ത്രി ചോദിച്ചു.

ഡി സിനിമാസ് ഉദ്ഘാടനം ചെയ്തത് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ്. അതും കഴിഞ്ഞ സർക്കാരിന്റെ കാലത്ത്. അല്ലാതെ ഈ സർക്കാരിന്റെ കാലത്തല്ല. തിയേറ്ററുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും നമ്മുടെ സർക്കാർ ചെയ്തിട്ടില്ല. ദിലീപിന് യുഡിഎഫ് നേതാക്കളുമായി അടുത്ത ബന്ധം ഉള്ളതുകൊണ്ട് അവരാരെങ്കിലും സഹായിച്ചുകാണും. ആർക്കെങ്കിലും എതിരെ ആരോപണം ഉന്നയിക്കാൻ എന്റെ കയ്യിൽ തെളിവില്ല. എന്തായാലും ഈ സർക്കാരിന്റെ കാലത്ത് എൽഡിഎഫിന്റെ ഒരു മന്ത്രിയും എംഎൽഎ മാരും ദിലീപിന് സ്ഥലം കയ്യേറാൻ വേണ്ടി പ്രവർത്തിച്ചിട്ടില്ല. ഭൂമി കയ്യേറ്റം സംബന്ധിച്ച വാർത്ത വന്നയുടനെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ വിളിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവണമെന്ന് ആവശ്യപ്പെട്ടിരുന്നു. തന്റെയും കൂടി ആവശ്യമനുസരിച്ചാണ് ഇപ്പോൾ വിഷയത്തിൽ അന്വേഷണം നടക്കുന്നത്. ജില്ലാ കളക്ടർ കൊടുത്ത റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷ്ണറേറ്റിൽ പൂഴ്‌ത്തിയെന്നാണ് വാർത്ത. എങ്കിൽ തിരുവനന്തപുരത്ത് അന്വേഷിക്കണം ആ റിപ്പോർട്ട് ആരാണ് പൂഴ്‌ത്തിയതെന്ന്. -സുനിൽ കുമാർ പറഞ്ഞു.

ദിലീപിന് സഹായം ചെയ്തതിന് പ്രതിഫലമായി മകനെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം ദിലീപ് നൽകിയതായുള്ള ആരോപണം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു. എന്റെ മകന് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സിനിമയിൽ അഭിനയിച്ചത്. അക്കു അക്‌ബറിന്റെ ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിൽ ജയറാമാണ് നായകൻ. ദിലീപ് അഭിനയിച്ച ചിത്രത്തിൽ തന്റെ മകൻ ഇതുവരെ അഭിനയിച്ചിട്ടില്ല.

കഴിഞ്ഞ വർഷം മോഹൻലാൽ ചിത്രത്തിൽ നിന്ന് ഓഫർ വന്നിരുന്നു. പക്ഷെ പത്താം ക്ലാസ്സിലായതിനാൽ വേണ്ടെന്നുവച്ചു. മിമിക്രിയിലും മോണോ ആക്ടിലും സംസ്ഥാന തലത്തിൽ പോലും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. അങ്ങനെയാണ് ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇത് കണ്ടാണ് അക്കു അക്‌ബർ വിളിച്ചത്. ആ ചിത്രത്തിൽ നിന്ന് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. അക്കു അക്‌ബറിന്റെ സിനിമയിൽ അഭിനയിച്ചാൽ എങ്ങനെയാ ദിലീപിന്റെ സിനിമയുമായി ബന്ധം വരുകയെന്നും മന്ത്രി ചോദിച്ചു. തന്നെ അപമാനിക്കുന്ന രീതിയിലുള്ള തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുനിൽകുമാർ അറിയിച്ചു.