തിരുവനന്തപുരം: വി ടി ബൽറാമിന് സോഷ്യൽ മീഡിയയിൽഡ യുദ്ധം ഒഴിഞ്ഞ നേരമില്ല എന്നാണ് പൊതുവേ ഉള്ള സംസാരം.ഇപ്പോഴിതാ വടക്കാഞ്ചേരിയിലെ കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിലെ സൈബർ സഖാക്കളെ ട്രോളി വി.ടി ബൽറാം രംഗത്ത് എത്തിയിരിക്കുകയാണ്. നേരത്തെ രാഷ്ട്രീയ ചർച്ചകൾ നടക്കുമ്പോഴും, സോളാർ തട്ടിപ്പുകേസിൽ ഉമ്മൻ ചാണ്ടി കുറ്റക്കാരനെന്ന് കണ്ട് ബംഗളൂരു കോടതി പിഴ ശിക്ഷ വിധിച്ചപ്പോഴും വി.ടി ബൽറാമിനെ പരിഹസിച്ചും ബലരാമന് ഒന്നും പറയാനില്ലെ എന്ന് ചോദിച്ചും നിരവധി പോസ്റ്റുകളും ട്രോളുകളും ഇറങ്ങിയിരുന്നു. ഇതിനുള്ള മറുപടി കൂടിയായിട്ടാണ് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

വടക്കാഞ്ചേരിയിലെ ജാഗ്രതക്കുറവിനേക്കുറിച്ച് 'ബലരാമന് ഒന്നും പറയാനില്ലേ', 'എന്താടാ നിന്റെ വായിൽ പഴമാണോ', 'ഇതിന്റെ പേരിൽ നിരാഹാരം കിടക്കുന്നില്ലേ' എന്നൊന്നും ചോദിച്ചുകൊണ്ട് സൈബർ സഹാക്കളുടെ പോസ്റ്റുകളും ട്രോളുമൊന്നും ഇതുവരെ ഇറങ്ങിക്കാണുന്നില്ലല്ലോ ! എന്നാണ് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്.

കോൺഗ്രസിനെ സംബന്ധിക്കുന്ന എന്തു വിഷയം കിട്ടിയാലും ആഘോഷിക്കുന്ന സൈബർ സഖാക്കൾക്ക് ഉത്തരം മുട്ടിപ്പോയി എന്നാണ് കമന്റ് ബോക്‌സിൽ നിറയുന്നത്. ക്ലിഫ് ഹൗസിലെങ്ങാണ്ട് വച്ച് ആരോ ആരെയോ ബലാത്സംഗം ചെയ്ത ഒരു കേസ് ഉണ്ടായിരുന്നല്ലോ..ആ കേസിന്റെ പേരെന്തുവാ മക്കളേ...? എന്നു മറു ചോദ്യം ചോദിക്കുന്നവരും ഉണ്ട്.

വടക്കാഞ്ചേരിയിൽ സിപിഐഎം നഗരസഭാ കൗൺസിലർ ഉൾപ്പെടെ നാലുപേർ കുറ്റാരോപിതരായുള്ള കൂട്ട ബലാത്സംഗത്തിന്റെ വിവരങ്ങൾ ഇന്നലെയാണ് പുറത്തുവരുന്നത്. തൃശൂർ വടക്കാഞ്ചേരിയിലെ സിപിഐഎം നഗരസഭാ കൗൺസിലറും പ്രാദേശിക നേതാവുമായ ജയന്തൻ അടക്കം നാലുപേരാണ് കുറ്റാരോപിതർ. വിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് മറ്റ് പ്രതികൾ. ജനീഷ് ജയന്തന്റെ സഹോദരനാണ്.

തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും ഭർത്താവും ഭാഗ്യലക്ഷ്മിയും ചേർന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്. ഭാഗ്യലക്ഷ്മി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരവും പരാതിയുമായി പൊലീസിൽ എത്തിയപ്പോൾ യുവതിക്കുണ്ടായ ദുരവസ്ഥയും പുറത്തുവിട്ടത്.