- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷൻ നിർമ്മിച്ചത് എംഎൽഎ ഫണ്ടും കൂടി ഉൾപ്പെടുത്തി; ഭരണം മാറി ഉദ്ഘാടനമെത്തിയപ്പോൾ നിർമ്മാണത്തിന് മുൻകൈ എടുത്ത എംഎൽഎ ചടങ്ങിൽ നിന്നും പുറത്ത്; തൃത്താല പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിൽ നിന്നും വി ടി ബലറാമിനെ ഒഴിവാക്കിയതിൽ പ്രതിഷേധം; രാഷ്ട്രീയ മര്യാദയൊക്കെ പറയുന്ന ആൾക്കാരല്ലെ, അവരു തന്നെ കാര്യങ്ങൾ തീരുമാനിക്കട്ടെ എന്ന് ബലറാം
തൃത്താല: തൃത്താല പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും മുൻ എംഎൽ എ വി ടി ബലറാമിനെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു.വി ടി ബലറാം എംഎൽഎ ആയിരുന്ന കാലഘട്ടത്തിലാണ് പൊലീസ് സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് എംഎൽഎ ഫണ്ടുകൂടി ഉൾപ്പെടുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്.എന്നാൽ ഭരണം മാറി സ്റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങിയപ്പോൾ ചടങ്ങിൽ നിന്നും മുൻഎംഎൽഎയെ ഒഴിവാക്കിയിരിക്കുകയാണ്. ശനിയാഴ്‌ച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ നിന്നും വിടി ബൽറാമിനെ വിളിക്കാത്തതിൽ പ്രാദേശിയ യുഡിഎഫ് നേതൃത്വത്തിൽ നിന്നും പ്രതിഷേധം ശക്തമാവുകയാണ്.
2011 ൽ വി ടി ബൽറാം എംഎൽഎ ആയ ശേഷമാണ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം വകുപ്പിന് പതിച്ച് നൽകിയത്. ശേഷം അന്നത്തെ ആഭ്യമന്ത്രമന്ത്രിയായിരുന്നപ്പോൾ രമേശ് ചെന്നിത്തല കെട്ടിട നിർമ്മാണത്തിന് അനുവദിച്ച 73.5 ലക്ഷം രൂപക്കൊപ്പം എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 28.5 ലക്ഷം രൂപ കൂടി ഉപയോഗിച്ച് ആകെ 1 കോടി 02 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിനായി സർക്കാർ അനുവദിച്ച തുകയ്ക്ക് പുറമേ ആയിരുന്നു എംഎൽഎ ഫണ്ട് കൂടി ഉപയോഗിച്ചത്.
ശേഷം 2017 ഒക്ടോബർ 5 ന് എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി എ കെ ബാലനായിരുന്നു കെട്ടിട നിർമ്മാണോൽഘാടനം നടത്തിയത്. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് എം എൽ എ ഫണ്ട് അനുവദിക്കുന്നത് സംസ്ഥാനത്ത് തന്നെ അപൂർവ്വമാണെന്നത് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി എ കെ ബാലൻ സൂചിപ്പിച്ചിരുന്നു. തുടർന്ന് കെട്ടിടനിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലുണ്ടായ മഹാപ്രളയത്തേതുടർന്ന് പഴയ കെട്ടിടത്തിന്റെ അപകടകരമായ അവസ്ഥ കണക്കിലെടുത്ത് ബൽറാം തന്നെ മുൻകൈ എടുത്താണ് ഔപചാരിക ഉദ്ഘാടനത്തിന് കാത്തു നിൽക്കാതെ പുതിയ കെട്ടിടത്തിലേക്ക് പൊലീസ് സ്റ്റേഷൻ പ്രവർത്തനം മാറ്റാൻ നിർദ്ദേശിച്ചത്.
ഉദ്ദേശിച്ച നിർമ്മാണ പ്രവർത്തനമെല്ലാം പൂർത്തീകരിച്ചപ്പോൾ എസ്റ്റിമേറ്റിൽ നിന്നും ഏതാണ്ട് 12 ലക്ഷത്തോളം രൂപ ലാഭമുണ്ടായപ്പോൾ ആ തുക ഉപയോഗപ്പെടുത്തി കെട്ടിടത്തിന് പുതുതായി വിശാലമായ ഒരു ഹാൾ കൂടി അധികമായി പണിയുകയായിരുന്നു. എന്നിട്ടും വിടി ബർറാമിനെ ഉദ്ഘാടനം അറിയിക്കുകയോ ചടങ്ങിന് ക്ഷണിക്കുകയോ ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. എംഎൽഎ ആയ ശേഷം എംബി രാജേഷ് മണ്ഡലത്തിൽ ആദ്യമായി നടത്തുന്ന സർക്കാർ പരിപാടി ഇത്തരത്തിൽ നടത്തുന്നത് യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാത്ത അൽപ്പത്തരമാണെന്ന് യുഡിഎഫ് വിമർശിച്ചു.
എന്നാൽ തന്നെ ക്ഷണിക്കേണ്ടതുണ്ടോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിപിഐഎം ആണെന്നും സംസ്‌കാരവും രാഷ്ട്രീയ മര്യാദയും സ്വീകരിക്കേണ്ടത് അവരാണെന്നുമായിരുന്നു ഇക്കാര്യത്തിൽ വിടി ബൽറാം എംഎൽഎയുടെ പ്രതികരണം.'സംസ്‌കാരവും രാഷ്ട്രീയ മര്യാദയും സ്വീകരിക്കേണ്ടത് അവരാണ്. എന്നെ അറിയിച്ചില്ല. അങ്ങനെ അറിയിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടാവില്ല. അത് അവരല്ലേ തീരുമാനിക്കേണ്ടത്. മാന്യതയുടെ രാഷ്ട്രീയം പറഞ്ഞ് നടക്കുന്ന ആളുകൾ. വിളിക്കാതെ പോകുന്നില്ല. ഫോണിൽ പോലും സന്ദേശം ഇല്ല. അറിഞ്ഞാലല്ലേ അടുത്ത നീക്കത്തെ കുറിച്ച ആലോചക്കേണ്ടതുള്ളൂ.' എന്നും വിടി ബൽറാം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ