ആ 149ൽ ഒരാൾ, ഷാർജ ഷെയ്ഖിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങൾ...!ഷാർജ ഷെയ്ഖിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങളർപ്പിച്ച് സി.പി.എം ചിഹ്നവും വരച്ചു വച്ച ലഗേജിനു പിന്നിൽ കൈകൂപ്പി നിൽക്കുന്ന ജസീമിനെ കണ്ടാൽ ആർക്കും ഒരു നിമിഷം തോന്നിപ്പോകും ആ 149ൽ ഒരാളാണെന്ന് . തെറ്റിദ്ധരിപ്പിക്കുന്ന ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ സൈബർ സഖാക്കൾ. സി.പി.എം ജില്ലാ സെക്രട്ടറിയും മുൻ എംപിയുമായ പി.രാജീവും പോസ്റ്റ് ഷെയർ ചെയ്തു.ഇതിനെ പരിഹസിച്ചാണ് വി.ടി.ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

'സി.പി.എം ജില്ലാ സെക്രട്ടറിയും മുൻ എംപിയും പ്രമുഖ ബുദ്ധിജീവിയുമായ ഒരാളുടെ പോസ്റ്റ് കളഞ്ഞുകിട്ടിയിട്ടുണ്ട്. നേരിട്ട് പരിചയമുള്ളവർ അദ്ദേഹത്തെ തിരിച്ചേൽപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.കേരള സന്ദർശനം കഴിഞ്ഞ് ഷാർജ ഷേയ്ക്ക് തിരിച്ച് നാട്ടിൽ വിമാനമിറങ്ങുന്നതിന് മുൻപേ ജയിലിൽ കിടക്കുന്ന 149 പേരെയും മോചിപ്പിച്ചുവെന്നും അതിലൊരാൾ ഇത്രയും വലിയ ലഗേജുമായി അതിൽ പിണറായി സ്തുതിഗീതങ്ങളുമെഴുതി ഇങ്ങോട്ടേക്ക് യാത്രതിരിച്ചുവെന്നും വിശ്വസിച്ചുപോയ അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കതയെ ഞാൻ മാനിക്കുന്നു. സംഘികളേക്കാൾ വലിയ തള്ള് വീരന്മാരാണ് തന്റെ അനുയായികളായ സൈബർ സഖാക്കൾ എന്ന് തിരിച്ചറിയാൻ ഇതുപോലുള്ള അവസരങ്ങൾ അദ്ദേഹത്തിന് പ്രയോജനപ്പെടട്ടെ.
'ബാലരമ' വായിക്കുന്നവരേക്കാൾ എത്രയോ ചിന്താശേഷിയുള്ളവരാണ് 'ചിന്ത' വായിക്കുന്നവർ എന്നാണ് ഇതിൽനിന്ന് മനസ്സിലാവുന്നത്.'

എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന ജാഥയെ പരിഹസിച്ചും വി.ടി ബൽറാം പോസ്റ്റിട്ടു. കസവ് സാരിയുടുത്ത് മുത്തുക്കുട പിടിച്ച പെൺകുട്ടികൾക്ക് നടുവിലൂടെ എസ്എഫ്‌ഐയുടെ നേതാക്കൾ നടക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയാണ് ബൽറാമിന്റെ വിമർശനവും പരിഹാസവും.

കയ്യുയർത്തിയും മുഷ്ടി ചുരുട്ടിയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോകുന്ന ആൺ വിപ്ലവ വിദ്യാർത്ഥി നേതാക്കൾ,അവർക്ക് മുത്തുക്കുട പിടിച്ച് നൽകുന്ന കസവുസാരിയുടുത്ത പെൺ സഖാക്കൾ. എസ്എഫ്‌ഐ ജാഥക്കും സമ്മേളനത്തിനും ആശംസകൾ. ലിംഗനീതി അടക്കമുള്ള പുരോഗമന വിഷയങ്ങൾ സമ്മേളനത്തിൽ സജീവ ചർച്ചയാവട്ടെ എന്നാണ് ബൽറാം കുറിച്ചിരിക്കുന്നത്.