തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ ബില്ലിന് പിന്തുണ നൽകിയതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. തർക്കം പിന്നീട് സൈബർ പോരിലേക്കും നീങ്ങി. ബൽറാമിന്റെ നിലപാടിനെ വിമർശിച്ച കെഎസ് ശബരീനാഥൻ എംഎൽഎയ്ക്കും റോജി എം ജോൺ എംഎൽഎ ക്കും അവരുടെ പോസ്റ്റുകൾക്ക് കീഴെ പൊങ്കാല നൽകിയാണ് ബൽറാം അനുകൂലികൾ മറുപടി നൽകിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ കള്ളക്കളി പൊളിച്ച് തന്റേത് വ്യത്യസ്തമായ നിലപാടാണെന്ന് വ്യക്തമാക്കിയ ബൽറാമിനെതിരെ ഗ്രൂപ്പുകൾ ഒരുമിക്കുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. ബൽറാമിന്റേത് പാർട്ടിയെ തള്ളിപ്പറയുന്ന നിലപാടാണെന്നാണ് നേതാക്കൾക്കിടയിൽ മുറുമുറുപ്പ്. അതേസമയം ഇവരാരും ഭരണപക്ഷവുമായി ഈ വിഷയത്തിൽ ഒന്നിച്ച കാര്യത്തെ തള്ളിപ്പറയുന്നില്ല.

ബൽറാമിന്റെ നിലപാടിനെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശബരീനാഥൻ ശക്തമായി വിമർശിച്ചത്. ഈ പോസ്റ്റിന് താഴെ കമന്റ് ബോക്സിലാണ് ബൽറാം അനുകൂലികൾ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ബൽറാമിന് ലഭിക്കുന്ന ജനപിന്തുണയിൽ അസൂയയാണ് ഇവരുടെ പ്രതിഷേധങ്ങൾക്ക് കാരണമെന്നാണ് ബൽറാം അനുകൂലികളുടെ വാദം. അതേസമയം, ശബരീനാഥിനെ അനുകൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

ഈ വിഷയത്തിൽ വിടി ബൽറാമിനൊപ്പമേ നിൽക്കാനാകൂ എന്നാണ് ഭൂരിഭാഗം ആളുകളും പറഞ്ഞിരിക്കുന്നത്. കൈയടി അങ്ങനെ സൂപ്പർമാർക്കറ്റിൽ നിന്നൊന്നും വാങ്ങാൻ കിട്ടില്ലെന്നും അതിന് ജനപക്ഷത്ത് നിൽക്കണമെന്നും കുറഞ്ഞപക്ഷം പ്രവർത്തകരുടെ പൾസെങ്കിലും അറിയണമെന്നും ഒരു കമന്റ്. ഇത്രയും കാലം ശബ്ദം ഉയർത്താതെ അവസാനദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം എന്ന് പറഞ്ഞുകൊണ്ടാണ് ശബരീനാഥൻ വിടി ബൽറാമിനെ വിമർശിക്കുന്നത്. ഇത് ഒരു രാത്രികൊണ്ട് യുഡിഎഫ് എടുത്ത തീരുമാനമല്ലെന്നും മറിച്ച് പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും നിയമസഭാ സമ്മേളത്തിനിടയിലും ഈ ബിൽ യുഡിഎഫ് പലവട്ടം ചർച്ചചെയ്തതാണെന്നും ശബരിനാഥൻ പറയുന്നു.

കഴിഞ്ഞ ദിവസം യുവ എംഎൽഎ റോജി എം ജോണും ബൽറാമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. മാനുഷിക പരിണന നൽകി യുഡിഎഫ് നേതാക്കൾ ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോൾ എതിർക്കുന്ന മാന്യന്മാർ ഇത്രയും കാലം ഏത് സമാധിയിൽ ആയിരുന്നെന്ന് റോജി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ലൈക്കുകൾക്കും കൈയടികൾക്കും വേണ്ടി ധാർമിക ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനില്ലെന്നും പാർട്ടി തീരുമാനത്തെ ജനം വിമർശിക്കുമ്പോൾ അത് ഏറ്റെടുക്കാനും തയ്യാറാണെന്നും റോജി പറഞ്ഞു.

നൂറ് കഴുതകളുടെ യജമാനൻ ആകുന്നതിലും നല്ലത് ഒരു കുതിരയുടെ പരിചാരകൻ ആകുന്നതാണെന്നും അതിനാൽ ഇക്കാര്യത്തിൽ വിടിക്കൊപ്പം നിൽക്കുന്നെന്നും കമന്റിലൂടെ വ്യക്തമാക്കുന്നു.

ബൽറാമിനെ അനൂലിച്ച് വന്ന ചില കമന്റുകൾ: