തിരുവനന്തപുരം: വിവാദ മെഡിക്കൽ ബില്ലിന്റെ പേരിൽ തനിക്കെതിരെ വിമർശനം ഉന്നയിച്ച അങ്കമാലി എംഎൽഎ റോജി എം ജോണിനും അരുവിക്കര എംഎൽഎ കെ.എസ് ശബരീനാഥനും പരോക്ഷ വിമർശനവുമായി വി.ടി ബൽറാം എംഎ‍ൽഎ. ഫേസ്‌ബുക്കിന്റെ കവർഫോട്ടോ മാറ്റി അതിനൊപ്പമിട്ട കുറിപ്പിലൂടെയായിരുന്നു വി.ടി ബൽറാമിന്റെ പരിഹാസം. 'ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്, മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്' എന്നാണ് ബൽറാം പോസ്റ്റ് ചെയ്തത്.

പോസ്റ്റിന് താഴെ ചീമുട്ടയുടെ ചിത്രവുമായി എത്തിയ കമന്റിന് ബൽറാം നൽകിയ മറുപടി ഇങ്ങനെ. 'സിപിഎമ്മുകാർ അവരുടെ ഇഷ്ടഭക്ഷണം വല്ലവർക്കും നേരെ എറിഞ്ഞുകളയാതെ വീണ്ടും സ്വയം കഴിച്ചുതുടങ്ങുന്നത് വരെയേ ഈ പ്രശ്‌നമുള്ളൂ.'

ബില്ലിനെക്കുറിച്ച് യുഡിഎഫ് പലവട്ടം ചർച്ച ചെയ്തപ്പോഴും ഒരു തരി പോലും എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ലെന്നായിരുന്നു ശബരീനാഥന്റെ വിമർശനം. ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസമെന്നും ശബരീനാഥൻ ബൽറാമിനെ വിമർശിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ചു. ഇതിനു പിന്നാലെയാണിപ്പോൾ തൃത്താല എംഎൽഎയുടെ 'പച്ചയായ' മറുപടിയെത്തിയിരിക്കുന്നത്.

'മാനുഷികപരിഗണന നൽകി യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോൾ എതിർക്കുന്ന മാന്യന്മാർ ഇത്രയുംകാലം ഏത് സമാധിയിൽ ആയിരുന്നു' എന്നായിരുന്നു റോജി എം ജോണിന്റെ ചോദ്യം. ഉത്തരവാദത്തപ്പെട്ട വേദികളിൽ ചർച്ച ചെയ്യാതെ അവസരം നോക്കി പൊതുസമൂഹത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി 'ഞാൻ മാത്രം മാന്യൻ, മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാർക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന ആദർശരാഷ്ട്രീയത്തോട് അശേഷം താൽപ്പര്യമില്ല. ലൈക്കുകൾക്കും കൈയടിക്കുംവേണ്ടി ധാർമിക ഉത്തരവാദിത്തത്തിൽനിന്നും ഒളിച്ചോടാനില്ലെന്നും റോജി എം ജോൺ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.