- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതിയെ വിമർശിച്ചതിന്റെ പേരിൽ ശിക്ഷാ നടപടി നേരിടുന്ന പ്രശാന്ത് ഭൂഷണ് നൽകിയ അതേ പിന്തുണ പി എസ് സി യുടെ പ്രതികാര നടപടി നേരിടുന്ന ഉദ്യോഗാർത്ഥികളായ ചെറുപ്പക്കാർക്കും പൊതുസമൂഹത്തിൽ നിന്നുണ്ടാവണം; പി എസ് സിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി; ഇത്തരം അമിതാധികാര പ്രയോഗങ്ങളെ മുളയിലേ നുള്ളേണ്ടതുണ്ടെന്ന് വിടി ബൽറാം എംഎൽഎ
തിരുവനന്തപുരം: മാധ്യമങ്ങൾക്ക് മുന്നിൽ പി എസ് സിയെ വിമർശിക്കുന്ന ഉദ്യോഗാർത്ഥികളെ വിലക്കാനുള്ള പി എസ് സിയുടെ തീരുമാനത്തിനെതിരെ വിടി ബൽറാം എംഎൽഎ. പി എസ് സി അടക്കമുള്ള ഏത് ഇൻസ്റ്റിറ്റിയൂഷനെതിരെയും പ്രതികരിക്കാനും പരാതി പറയാനും ഒരു ജനാധിപത്യ രാജ്യത്ത് ഏതൊരു പൗരനും അവകാശമുണ്ട്. അതിന്റെ പേരിൽ ഉദ്യോഗാർത്ഥികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നൊക്കെയുള്ള പി എസ് സിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം അമിതാധികാര പ്രയോഗങ്ങളെ മുളയിലേ നുള്ളേണ്ടതുണ്ടെന്ന് ബൽറാം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
പി എസ് സി അടക്കമുള്ള ഏത് ഇൻസ്റ്റിറ്റിയൂഷനെതിരെയും പ്രതികരിക്കാനും പരാതി പറയാനും ഒരു ജനാധിപത്യ രാജ്യത്ത് ഏതൊരു പൗരനും അവകാശമുണ്ട്. അതിന്റെ പേരിൽ ഉദ്യോഗാർത്ഥികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നൊക്കെയുള്ള പി എസ് സിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം അമിതാധികാര പ്രയോഗങ്ങളെ മുളയിലേ നുള്ളേണ്ടതുണ്ട്.
ഉദ്യോഗാർത്ഥികളുടെ ഏതെങ്കിലും വാദങ്ങളിൽ കഴമ്പില്ലെങ്കിൽ അക്കാര്യം പി എസ് സി ക്ക് വിശദീകരിക്കാവുന്നതാണ്. ഭരണഘടനാ സ്ഥാപനമായ പി എസ് സി യുടെ ആ വിശദീകരണത്തിന് തന്നെയാവും ജനങ്ങൾക്കിടയിൽ സ്വാഭാവികമായി കൂടുതൽ വിശ്വാസ്യത ലഭിക്കുക. ഇനി അഥവാ അങ്ങനെയൊരു വിശ്വാസ്യത ഉണ്ടാകുന്നില്ലെങ്കിൽ അതെന്തുകൊണ്ടെന്ന കാര്യത്തിൽ ആത്മപരിശോധന നടത്തേണ്ടത് പി എസ് സി തന്നെയാണ്. എസ്എഫ്‌ഐ ക്രിമിനലുകൾക്ക് വേണ്ടി പി എസ് സി പരീക്ഷകൾ അട്ടിമറിക്കപ്പെട്ടത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് തിരുത്തൽ നടപടികളാണ് പി എസ് സി സ്വീകരിച്ചിട്ടുള്ളതെന്ന് ഇനിയും ജനങ്ങൾക്ക് ബോധ്യമായിട്ടില്ല.
മേൽപ്പറഞ്ഞ പരീക്ഷാ തട്ടിപ്പുകൾക്കെതിരെ റാങ്ക് ഹോൾഡർമാരും യുവജന സംഘടനാ പ്രവർത്തകരുമടക്കം പതിനായിരക്കണക്കിന് ചെറുപ്പക്കാർ പി എസ് സിക്കെതിരെ തെരുവിൽ പ്രത്യക്ഷ സമരം തന്നെ നടത്തിയിരുന്നു. സമാന സാഹചര്യങ്ങളുണ്ടായാൽ നാളെകളിലും അതുപോലുള്ള യുവജന സമരങ്ങൾ ഉയർന്നു വരിക തന്നെ ചെയ്യും. അതിലൊക്കെ പങ്കെടുക്കുന്നവരേയും ഭാവിയിൽ പി എസ് സി ഇതുപോലെ ശിക്ഷാ നടപടികൾക്ക് വിധേയമാക്കുമോ? പ്രതികാര നടപടികളാണോ ഒരു ഉന്നത ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്?
സുപ്രീം കോടതിയെ വിമർശിച്ചതിന്റെ പേരിൽ ശിക്ഷാ നടപടി നേരിടുന്ന പ്രശാന്ത് ഭൂഷണ് നൽകിയ അതേ പിന്തുണ പി എസ് സി യുടെ പ്രതികാര നടപടി നേരിടുന്ന ഉദ്യോഗാർത്ഥികളായ ചെറുപ്പക്കാർക്കും പൊതുസമൂഹത്തിൽ നിന്നുണ്ടാവണം.