തൃത്താല : ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ക്ഷേത്രദർശനത്തിനായെത്തിയ സ്ത്രീകളെ പമ്പയിൽ തടഞ്ഞ സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുന്നതേയുള്ളു. എന്നാൽ മണ്ഡല കാലം അടുത്തു വരുമ്പോൾ എന്താകുമെന്ന ചിന്തയിലാണ് ഏവരും. അതിനിടയിലാണ് ശബരിമലയിലെ സ്ത്രീപ്രവേശനം തടയാനുള്ള പ്ലാൻ ബി പരാമർശത്തിന് ശേഷം കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.

ഈ അവസരത്തിൽ  രാഹുലിനെ അറസ്റ്റ് ചെയ്തതിൽ പിന്തുണയറിയിച്ച് വി.ടി ബൽറാം എംഎൽഎ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ബൽറാം ഇക്കാര്യം തുറന്നു പറഞ്ഞത്. ആർഎസ്എസ് ക്രിമിനലുകളെ നിലയ്ക്ക് നിറുത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്തം വീഴ്‌ത്തിയും മൂത്രമൊഴിച്ചും സന്നിധാനത്ത് അശുദ്ധി വരുത്തി കലാപമുണ്ടാക്കാനാണ് ആർഎസ്എസ് ക്രിമിനലുകളുടെ നീക്കമെന്നും ഇവരെ പിടിച്ച് അകത്തിടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യമെന്നും ബൽറാം വ്യക്തമാക്കി.

കഴിഞ്ഞ വർഷം അന്തരിച്ച പന്തളം അമ്മയുടെ പേരിൽ ശബരിമലയുമായി ബന്ധിപ്പിച്ച് പ്രചരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകളെ വിമർശിച്ച് ബൽറാം  രംഗത്തുവന്നിരുന്നു. ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എംഎൽഎ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചത്.

മരിച്ചുപോയ ഒരു പാവം സ്ത്രീയുടെ പേരിൽ ഇങ്ങനെ അപഹാസ്യമായ ശാപവചനങ്ങൾ ഫോട്ടോഷോപ്പിൽ എഴുതിപ്പിടിപ്പിക്കുകയാണ്. പരിഹാസ കഥാപാത്രമാക്കുന്നവർക്കെതിരെ സൈബർ നിയമങ്ങളുപയോഗിച്ച് കേസെടുക്കാൻ പൊലീസ് അയ്യാറാകണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വി.ടി ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

രക്തം വീഴ്‌ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഢാലോചന നടത്തിയ ആർഎസ്എസ് ക്രിമിനലുകളെ നിലക്കുനിർത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

ആരുടേയെങ്കിലും രോമത്തിൽ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാർത്ഥ കോൺഗ്രസുകാരുടെയും യഥാർത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്, കലാപകാരികൾക്കൊപ്പമല്ല.