തിരുവനന്തപുരം: മതച്ഛിഹ്നങ്ങൾ വർദ്ധിതമായ തോതിൽ നമ്മുടെ സ്‌കൂളുകളിലേക്ക് കടന്നുവരാറുണ്ടോ? അടുത്തകാലത്തായി ഇത് പലയിടത്തും ചർച്ചയായ വിഷയമാണ്. കേന്ദ്രസർക്കാർ മുൻകൈയെടുത്ത് യോഗാദിനം ആചരിക്കാനുള്ള നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്നും എതിർപ്പുണ്ടാകുകയും അത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തിരിന്നു. ഇതിനൊക്കെ ശേഷം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നും പുറത്തുവന്ന ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയ്ക്ക് ഇടയാക്കുകയാണ്.

സ്‌കൂളിൽ ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥിനികൾ സ്‌കൂളിലെ അദ്ധ്യാപകർക്ക് ഗുരുവന്ദനം നടത്തി അനുഗ്രഹം വാങ്ങുന്ന ചിത്രമാണ് പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥിനികൾ സാഷ്ടാംഗം പ്രണമിക്കുകയും അദ്ധ്യാപികമാർ കൈ ഉയർത്തി അനുഗ്രഹം ചൊരിയുന്നതുമാണ് ചിത്രം. ഈ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കും ഇടയാക്കി. പലരും ഈ ചിത്രം കണ്ട് നെറ്റിചുളിച്ചു. ഒരു ആധുനിക കാലത്തിന് ചേർന്നതാണോ ഇതെന്നായിരുന്നു പലരുടെയും ചോദ്യം. എന്നാൽ, വിമർശിച്ചാൽ കുരുക്കാകുമെന്ന് ഭയന്ന് അധികമാരും വിഷയത്തിൽ പ്രതികരിക്കാനും തയ്യാറായില്ല.

ഇപ്പോഴിതാ കോൺഗ്രസ് എംഎൽഎ വി ടി ബൽറാം ഈ ചിത്രത്തിന്റെ സാംഗത്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നു. ഫേസ്‌ബുക്കിലൂടെയെയാണ് ബൽറാം സ്‌കൂളിലെ ഗുരുവന്ദന പരിപാടിയിലുള്ള പ്രതിഷേധം അറിയിച്ചത്. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്ന വിധത്തിലാണ് ബൽറാം ഇതേക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റട്ടത്. ചിത്രം സഹിതം ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

ഇവരിൽ

കൈകൾ കുമ്പിളാകൃതിയിൽ ഉയർത്തിപ്പിടിച്ചാൽ അതിലൂടെ പകർന്നൊഴുകുന്നതല്ല ഊർജ്ജം എന്ന് പഠിപ്പിക്കാൻ ബാധ്യതയുള്ള ശാസ്ത്രാധ്യാപകരുണ്ട്;

അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രാവബോധം വളർത്തേണ്ടത് മൗലികകർത്തവ്യമായി നിഷ്‌ക്കർഷിക്കുന്ന ഇന്ത്യൻ ഭരണഘടന പഠിപ്പിക്കുന്ന സാമൂഹികശാസ്ത്രാധ്യാപകരുണ്ട്;

അധികാരത്തിനും വരേണ്യതക്കും മുൻപിൽ തലകുമ്പിടാൻ എങ്ങനെയാണ് ഈ സമൂഹം സഹസ്രാബ്ദങ്ങളിലൂടെ പരിശീലിപ്പിക്കപ്പെട്ടത് എന്ന് പഠിപ്പിക്കാൻ നിയുക്തരായ ചരിത്രാധ്യാപകരുണ്ട്;

അധീശത്ത്വത്തിന്റേയും വിധേയത്ത്വത്തിന്റേയും അവകാശബോധത്തിന്റേയും ആത്മവിശ്വാസത്തിന്റേയുമൊക്കെ ഭാഷകളിലെ വ്യത്യാസം പഠിപ്പിക്കാൻ ചുമതലപ്പെട്ട ഭാഷാധ്യാപകരുണ്ട്;

എന്നിട്ടും നമ്മുടെ വിദ്യാലയങ്ങളിൽ ഇങ്ങനെയൊക്കെ നടക്കുന്നു എന്നതിലാണ് ദുഃഖം, സഹതാപം, ആശങ്ക, പ്രതിഷേധം.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റോടെ വിഷയം പതിവുപോലെ സോഷ്യൽ മീഡിയയിൽ വാഗ്വാദത്തിനും വഴിവച്ചിട്ടുണ്ട്. അറിയാതെ തന്നെ ഹൈന്ദവ പ്രചരണമാണ് അദ്ധ്യാപകർ ചെയ്തതെന്ന വിമർശനം ഒരുകോണിൽ ഉയർന്നു. എന്നാൽ, ചിത്രത്തിലും ചെയ്ത്തിയിലും തെറ്റില്ലെന്ന് സമർത്ഥിച്ച് സംഘപരിവാർ അനുഭാവികൾ ഇതിനെ പുകഴ്‌ത്തുകയും ചെയ്യുന്നുണ്ട്. ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഒളിഞ്ഞിരിക്കുന്ന വിമർശനത്തിന്റെ മുന തന്നെയാണ് പലരെയും വിഷമിപ്പിച്ചതും.

ഇവരിൽ കൈകൾ കുമ്പിളാകൃതിയിൽ ഉയർത്തിപ്പിടിച്ചാൽ അതിലൂടെ പകർന്നൊഴുകുന്നതല്ല ഊർജ്ജം എന്ന് പഠിപ്പിക്കാൻ ബാധ്യതയുള്ള ശാസ്ത്ര...

Posted by VT Balram on Tuesday, February 9, 2016