തിരുവനന്തപുരം: മൂന്നാർ പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചുമാറ്റിയതിനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരേ വി.ടി. ബൽറാം എംഎൽഎ. കയ്യേറ്റമൊഴിപ്പിക്കുന്ന കാര്യത്തിൽ പരിഗണിക്കേണ്ടത് ധാർമ്മികതയോ വൈകാരികതയോ അല്ല, നിയമപരതയാണെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക് പോസ്റ്റുകളിൽ ചൂണ്ടിക്കാട്ടി.

പൊതുമുതൽ കയ്യേറുന്നതാണ് അധാർമ്മികത, അതിന് മതചിഹ്നങ്ങളെ മറയാക്കുന്നതാണ് അതിനേക്കാൾ വലിയ അധാർമ്മികത. അതൊഴിപ്പിച്ചെടുത്ത് പൊതുമുതൽ സംരക്ഷിക്കുക എന്നതാണ് ഭരണകൂടത്തിന്റെയും രാഷ്ട്രീയ സംവിധാനങ്ങളുടേയും ധാർമ്മികത. വഴിയിൽ കിടക്കുന്ന കുരിശെടുത്ത് തോളത്ത് വെക്കാതിരിക്കാനുള്ള വിവേകം എല്ലാവരും കാണിക്കണമെന്ന് വി.ടി. ബൽറാം എംഎൽഎ കൂട്ടിച്ചേർത്തു.

കുരിശു കാണുമ്പോൾ മുട്ടുവിറക്കുന്ന ഒരാളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നുതന്നെയാണോ വിളിക്കേണ്ടതെന്നും മറ്റൊരു പോസ്റ്റിൽ ബൽറാം ചോദിക്കുന്നു. സോഷ്യൽ മീഡിയ സമൂഹത്തിന്റെ പരിച്ഛേദമാണ്. ഇവിടെ അഭിപ്രായം പറയുന്ന തൊണ്ണൂറ് ശതമാനത്തിലേറെ ക്രിസ്തീയ വിശ്വാസികളും മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കുരിശ് പൊളിക്കലിനെ സ്വാഗതം ചെയ്യുന്നു. അവർക്കാർക്കുമില്ലാത്ത വർഗീയ വികാരം ഇളക്കിവിടാൻ സി.പി.എം എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടറിയും ഇപ്പോഴിതാ സംസ്ഥാന മുഖ്യമന്ത്രി തന്നെയും പരസ്യമായി രംഗത്ത് വന്നിരിക്കുകയാണെന്നു ബൽറാം വിമർശിക്കുന്നു.

കുരിശ് പൊളിക്കുന്നതിലൂടെ കളി മാറുമെന്നും അതോടെ എല്ലാം നിർത്തിവെച്ച് വൻകിട കയ്യേറ്റക്കാരെ രക്ഷിച്ചെടുക്കാമെന്നുമായിരുന്നോ സർക്കാരിന്റെ ഉള്ളിലിരുപ്പ് എന്ന സംശയം ഉയരുന്നുണ്ട്. എന്നാൽ സംഭവത്തിൽ കാര്യമായ പ്രതിഷേധമൊന്നും സ്വാഭാവികമായി ഉയർന്നുവരാത്തതിനാലാണോ ഇപ്പോൾ മുഖ്യമന്ത്രി തന്നെ ഇടപെട്ട് കയ്യേറ്റക്കാർക്ക് ഉപയോഗിക്കാവുന്ന മുദ്രാവാക്യങ്ങൾ അങ്ങോട്ട് പറഞ്ഞുകൊടുക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

'കുരിശ് പൊളിക്കുന്ന സർക്കാരാണോ ഇത്?' എന്നത് ഈ നാട്ടിലെ സാധാരണക്കാരുടെയോ പ്രതിപക്ഷത്തിന്റേയോ ഒന്നും ചോദ്യമല്ല, അത് പൊതുമുതൽ കയ്യേറുന്നതിന് വിശ്വാസത്തെ മറയാക്കുന്ന സാമൂഹ്യദ്രോഹികളുടെ മാത്രം ചോദ്യമാണ്. ആ ചോദ്യത്തിന് മുന്നിൽ പതറാതെ, പതറിയതായി അഭിനയിക്കാതെ, നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകുന്ന റവന്യൂ വകുപ്പിന് പൂർണ്ണ പിന്തുണ നൽകാനാണ് സംസ്ഥാന മുഖ്യമന്ത്രി മുന്നോട്ടുവരേണ്ടതെന്നും വി.ടി. ബൽറാം ആവശ്യപ്പെട്ടു.