- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൻഡർ ന്യൂട്രൽ യൂണിഫോം മികച്ച ആശയം; ജനാധിപത്യപരമായി വേണം മാറ്റങ്ങളുണ്ടാവാനെന്നും വി ടി ബൽറാം
കോഴിക്കോട്: ജൻഡർ ന്യൂട്രൽ യൂണിഫോം ആശയം അഭിനന്ദനാർഹമാണെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വി ടി ബൽറാം . വസ്ത്രധാരണം വ്യക്തികളുടെ തിരഞ്ഞെടുപ്പായി മാറുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു. ലൈംഗിക വിദ്യാഭ്യാസമുൾപ്പെടെയുള്ള മാറ്റങ്ങൾ സ്കൂളുകളിൽ നടപ്പാക്കാനുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ജൻഡർ ന്യൂട്രൽ യൂണിഫോം എന്നത് മികച്ച ആശയമാണെന്നും അദ്ദേഹം പറഞ്ഞു.
അവർക്ക് കംഫട്ടബിൾ ആയി തോന്നുന്ന വസ്ത്രം അവർ ധരിക്കട്ടെ. ഫ്രീഡം ഓഫ് ചോയ്സും ഈക്വാളിറ്റിയും ജൻഡറും ഒബ്ജക്റ്റിഫിക്കേഷനുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മാറട്ടെയെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കൂടുതൽ സ്വാതന്ത്ര്യങ്ങളും ചോയ്സുകളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്, പുതിയ അടിച്ചേൽപ്പിക്കലുകളുടെ രൂപത്തിലല്ല. അതിന് യൂണിഫോം മാത്രം മാറിയാൽ പോരാ, കാഴ്ചപ്പാടുകളും മാറണമെന്നും കുറിപ്പിൽ പറയുന്നു.
ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം ജൻഡർ എന്താണെന്ന് മനസിലാക്കാൻ കുട്ടികളെ സഹായിക്കുമെന്നും ജൻഡർ സ്റ്റീരിയോ ടൈപ്പുകൾ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് കുട്ടികൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ലിംഗസമത്വം, ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ സമന്വയിപ്പിച്ച് വേണം മുന്നോട്ടോപോകാൻ. വസ്ത്രധാരണ രീതി ആരിലും അടിച്ചേൽപ്പിക്കരുത്. ഈ വിഷയം ചർച്ച ചെയ്യപ്പെടണമെന്നും ജനാധിപത്യപരമായി വേണം മാറ്റങ്ങളുണ്ടാക്കാനെന്നും ബൽറാം പറഞ്ഞു.
ബാലുശേരി ഗവൺമെന്റ് സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം നടപ്പാക്കിയതിനെതിരെ ചില മതസംഘടനകൾ രംഗത്തെത്തിയിരുന്നു.
എന്നാൽ സംഭവത്തിൽ വിവാദം വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ജൻഡർ ന്യൂട്രൽ യൂണിഫോം അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതാത് സ്കൂളുകളിലെ പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനും തദ്ദേശ സ്ഥാപനങ്ങളുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ