സെൻകുമാർ കേസിൽ സുപ്രീംകോടതിയിൽ നിന്നും സർക്കാരിനേറ്റ കനത്ത തിരിച്ചടിയിൽ പരിഹാസവുമായി കോൺഗ്രസിന്റെ യുവ എംഎൽഎ വി.ടി ബൽറാം. വല്ല കാര്യോണ്ടാർന്നോ, വയറു നിറച്ച് വാങ്ങിക്കൂട്ടിയപ്പോ സമാധാനമായല്ലേ, കോടതി ഫൈൻ അടിച്ച 25000 രൂപയിലേക്ക് എന്റെ വക അഞ്ചുരൂപയെന്നുമാണ് ബൽറാം പരിഹസിച്ചിരുന്നു. ഫേസ്‌ബുക്കിലാണ് വിടി ബൽറാം സർക്കാരിനെ പരിഹസിച്ചിരിക്കുന്നത്.

സെൻകുമാറിന് പൊലീസ് മേധാവിയായി പുനർനിയമനം നൽകണമെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തത ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. കോടതി ചെലവായി സർക്കാർ 25000 രൂപ അടക്കണമെന്നും കോടതി ഉത്തരവിട്ടു. സെൻകുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

വിധി നടപ്പാക്കിയില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാമെന്നും സുപ്രീംകോടതി പറഞ്ഞു. തത്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെൻകുമാർ നൽകിയ കോടതിയലക്ഷ്യ കേസ് ചൊവ്വാഴ്ച വീണ്ടും കോടതി പരിഗണിക്കും.