കോഴിക്കോട്: പോക്‌സോ കേസിൽ അറസ്റ്റിലായ കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ കായികാദ്ധ്യാപകൻ വിടി മനീഷിനെതിരെ മറ്റൊരു വിദ്യാർത്ഥി കൂടി പരാതി നൽകി. ഹോസ്റ്റലിലെ കിടപ്പുമുറിയിലെത്തി രാത്രിയിൽ കെട്ടിപ്പിടിച്ചു ബലം പ്രയോഗിച്ച് കൂടെ കിടത്തിയെന്നാണ് പരാതി. 

അദ്ധ്യാപകനോട് മാറികിടക്കാൻ പറഞ്ഞിട്ടും കേട്ടില്ലെന്നും ഭയം കൊണ്ടാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നും പരാതിയിൽ പറയുന്നു. സ്‌കൂളിന് സമീപമുള്ള വാടക കെട്ടിടത്തിലെ ഹോസ്റ്റലിലെ കിടപ്പു മുറിയിലെത്തി രാത്രി കട്ടിലിൽ കയറി കിടന്ന് വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ. പല കുട്ടികൾക്കും ഇത്തരം അനുഭവം ഉണ്ടായതായും താഴെ കിടന്ന കുട്ടിയെ അദ്ധ്യാപകന്റെ കൂടെ കിടക്കാൻ മറ്റൊരു ചേച്ചി നിർബന്ധിച്ചതായും പറയുന്നു.

അതേ സമയം പുതിയ പരാതി നൽകിയ വിദ്യാർത്ഥിയും അറസ്റ്റിലായ അദ്ധ്യാപകനും തമ്മിലുള്ള ഫോൺ സംഭഷണവും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. നിലവിലെ അറസ്റ്റിന് ആധാരമായ പരാതി നൽകിയത് ഈ വിദ്യാർത്ഥിനിയാണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റിന് തൊട്ടുമുമ്പുള്ള ദിവസം രാത്രി 12 മണിയോടെയാണ് വിടി മനീഷും ഭാര്യയും ചേർന്ന് വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ അദ്ധ്യാപകന്റെ ഭാര്യയും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്.

ഒരു അദ്ധ്യാപകന് വിദ്യാർത്ഥിയോടുള്ള സ്നേഹം കൊണ്ടാണ് കെട്ടിപ്പിടിച്ചത് എന്നാണ് മനീഷും ഭാര്യയും വിദ്യാർത്ഥിയോട് ഫോണിൽ പറഞ്ഞത്. രാത്രി കിടപ്പുമുറിയിലെത്തി കൂടെകിടക്കാൻ നിർബന്ധിച്ചാണോ അദ്ധ്യാപകൻ വിദ്യാർത്ഥിയോടുള്ള ഇഷ്ടം കാണിക്കൽ എന്ന് വിദ്യാർത്ഥി തിരിച്ചു ചോദിക്കുന്നതും ഫോൺ സംഭാഷണത്തിലുണ്ട്. ഇനി ആരെയും പരിശീലിപ്പിക്കില്ലെന്നും ജോലി തന്നെ ഉപേക്ഷിക്കാമെന്നും മക്കളെ ഓർത്ത് പരാതി പിൻവലിക്കണമെന്നും മനീഷും ഭാര്യയും ചേർന്ന് വിദ്യാർത്ഥിനിയോട് പറയുന്നുണ്ട്.

ബാഹ്യ പ്രേരണ കൊണ്ടാണ് പരാതി നൽകിയതെന്ന് പറയണമെന്നും, നഷ്ടപരിഹാരമായി എന്തു വേണമെങ്കിലും നൽകാമെന്നും, കാലു പിടിക്കാമെന്നും സംഭാഷണത്തിൽ പറയുന്നു. ഞാനല്ല പരാതി നൽകിയതെന്ന് വിദ്യാർത്ഥിനി പറയുമ്പോൾ പിന്നെ മറ്റാരാണ് എന്ന് അദ്ധ്യാപകൻ ചോദിക്കുന്നുണ്ട്, സാർ ആരാടെല്ലാം ഇത്തരത്തിൽ പെരുമാറിയിട്ടുണ്ട് അതിൽ ആരെങ്കിലുമായിരിക്കും പരാതി നൽകിയത് എന്നാണ് കുട്ടിയുടെ മറുപടി. ഞാൻ എന്തു തെറ്റാണ് കുട്ടിയോട് ചെയ്തത് എന്ന് ചോദിക്കുമ്പോൾ രാത്രി കാലത്ത് മുറിക്കകത്ത് കടന്നു വരുന്നതും, കട്ടിലിൽ കിടക്കുന്നതും, കെട്ടിപ്പിടിക്കുന്നതും ശരിയാണോ എന്നും സാറിന്റെ മകളോട് ഇങ്ങനെ കാണിക്കുമോയെന്നും വിദ്യാർത്ഥിനി തിരിച്ച് ചോദിക്കുന്നുണ്ട്.

അദ്ധ്യാപകന്റെ പീഡനത്തിന് ഇരയായ നിരവധി കുട്ടികളെ അറിയാമെന്നും ഭയം മൂലമാണ് ഇത്രയും കാലം പുറത്ത് പറയാതിരുന്നതെന്നും വിദ്യാർത്ഥിനി പറയുന്നു. അദ്ധ്യാപകൻ മുറിയിൽ കയറി കട്ടിലിൽ കിടന്നപ്പോൾ പുറത്തു പോകാൻ പറഞ്ഞതായും, അല്ലെങ്കിൽ തന്നെ അടുത്ത മുറിയിലേക്ക് പോകാൻ അനുവദിക്കണമെന്ന് പറഞ്ഞതായും സംഭാഷണത്തിൽ നിന്നും വ്യക്തമാവുന്നുണ്ട്. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളെ വീട്ടിൽ പോകാൻ അനുവദിക്കുകയോ, വീട്ടുകാരുമായി സംസാരിക്കാൻ അനുവദിക്കുകയോ ചെയ്യാറില്ലെന്നും വിദ്യാർത്ഥിനിയുടെ സഹോദരി വ്യക്തമാക്കുന്നുണ്ട്.

ഞാൻ തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ലായെന്ന് പറഞ്ഞ അദ്ധ്യാപകനോട് പിന്നെ എന്തിന് നിങ്ങൾ ഭയപ്പെടുന്നു എന്ന് കുട്ടിയുടെ സഹോദരി ചോദിക്കുന്നുണ്ട്. തങ്ങൾ ഇപ്പോഴാണ് വിവരമറിയുന്നതെന്നും ഭയം മൂലം തന്റെ സഹോദരി ഇതുവരെ വീട്ടിൽ വിവരം പറഞ്ഞിരുന്നില്ലെന്നും അദ്ധ്യാപകനോടു പറയുന്നുണ്ട്. തങ്ങളുടെ താമസസ്ഥലം ദൂരെയായതിനാൽ നേരിട്ട് പരാതി നൽകാൻ സാധിച്ചിട്ടില്ലെന്നും എന്നാൽ പൊലീസ് ചോദിച്ചാൽ എല്ലാം വെളിപ്പെടുത്തുമെന്നും അദ്ധ്യാപകനോട് തന്നെ വ്യക്തമാക്കുന്നുണ്ട്. ഇവരുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകന്റെ ക്രൂരമായ മർദ്ദനത്തിനംു പീഡിനങ്ങൾക്കും ഇരയായ കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്  കായികാദ്ധ്യാപകൻ വിടി മനീഷിനെ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ അദ്ധ്യാപകന്റെ ബന്ധുവീട്ടിൽ വെച്ചു സ്‌കൂളിലെ സ്പോർട്സ് റൂമിൽ വെച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതി. മനീഷ് അറസ്റ്റിലായതിന് പിന്നാലെ നിരവധി വിദ്യാർത്ഥികളാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.