- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വട്ടിയൂർക്കാവിൽ കിട്ടിയത് പാർട്ടിയുടെ അടിസ്ഥാന വോട്ടു മാത്രമേ കിട്ടിയുള്ളൂവെന്ന് എസ് സുരേഷ്; ഉപതെരഞ്ഞെടുപ്പിൽ സുരേഷിന് കിട്ടിയതിനേക്കാൾ 12,000 വോട്ടു കൂടുതൽ കെട്ടിയെന്ന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി വിവിയും; ഒടുവിൽ കോർ കമ്മറ്റിയിൽ സുരേന്ദ്രന്റെ നയതന്ത്രം; വോട്ട് ചോർച്ച തിരുവനന്തപുരത്തെ ബിജെപിയെ പിടിച്ചുലയ്ക്കുമ്പോൾ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിയിലെ രണ്ട് ശക്തികളാണ് വിവി രാജേഷും എസ് സുരേഷും. ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയാണ് എസ് സുരേഷ്. ജില്ലാ പ്രസിഡന്റ് വിവി രാജേഷും. തലസ്ഥാനത്ത് വൻ കുതിപ്പ് സംഭവിക്കുമെന്ന പ്രതീക്ഷയോടെ നേരിട്ട തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ഞെട്ടലിലാണ് ബിജെപി. വിജയമുറപ്പെന്ന് വ്യക്തമാക്കുകയും കുതിപ്പ് നടത്തുമെന്ന് വിലയിരുത്തുകയും ചെയ്ത മണ്ഡലങ്ങളിൽ ദയനീയമായി പരാജയപ്പെട്ടു. വോട്ട് വിഹിതം വർധിപ്പിക്കാൻ കഴിയാതെ പോയതും സ്വന്തം വോട്ടുകൾ ചോർന്നതും തോൽവിക്ക് കാരണമായി. 'എ പ്ലസ്' മണ്ഡലങ്ങളിലെ തോൽവിയിൽ പഠനം നടത്തുകയാണ് നേതൃത്വം.
നേമം, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ തോൽവിയിൽ വിശദമായ ചർച്ചകൾ ആരംഭിച്ചു. നേമത്തെ തോൽവിക്ക് കാരണം അനുകൂല വോട്ടുകൾ യുഡിഎഫിലേക്ക് മറിഞ്ഞതാണെന്ന് ബിജെപിയുടെ വിലയിരുത്തി. ഈ വിലയിരുത്തലുകൾക്കിടെ വിവി രാജേഷും എസ് സുരേഷും നേർക്കുനേർ വീണ്ടും വന്നുവെന്നതാണ് വസ്തുത. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് എസ് സുരേഷ് മത്സരിച്ചത്. ഇവിടെ ഏറെ പിന്നിൽ പോയതിനാൽ സുരേഷിന് ഇത്തവണ സീറ്റു കിട്ടിയില്ല. ഏകോപന ചുമതലയായിരുന്നു. വട്ടിയൂർക്കാവിൽ രാജേഷ് മത്സരിക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ചത് സുരേഷാണ്. ഈ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തിച്ചു.
വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വോട്ട് നേടാൻ രാജേഷിനായെന്ന വിലയിരുത്തൽ ബിജെപിയിൽ തർക്കത്തിന് വഴിവെച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലാ പഞ്ചായത്തിലെ സിറ്റിങ് ഡിവിഷൻ നിലനിർത്താൻ എസ് സുരേഷിനായില്ലെന്ന് വി വി രാജേഷ് യോഗത്തിൽ ചൂണ്ടിക്കാട്ടിയതോടെയാണ് ഇരുവരും തമ്മിൽ തർക്കം ആരംഭിച്ചത്. ജില്ലയിലെ ബിജെപിയുടെ പരാജയം ചർച്ച ചെയ്യണമെന്ന് സുരേഷ് ആവശ്യപ്പെടുകയും ചെയ്തു. ഇരുനേതാക്കളും നേർക്കുനേർ എത്തിയ സാഹചര്യത്തിൽ പ്രശ്നം തണുപ്പിക്കാൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇടപ്പെട്ട് ജില്ലാ കോർകമ്മിറ്റി വിളിക്കാൻ നിർദേശിച്ചു.
വട്ടിയൂർക്കാവിൽ രാജേഷിന് അടിസ്ഥാന വോട്ടുകൾ മാത്രമേ കിട്ടിയുള്ളൂവെന്നതായിരുന്നു സുരേഷിന്റെ വിമർശനം. ഇതിലെ മുന മനസ്സിലാക്കിയാണ് ഉപതെരഞ്ഞെടുപ്പിലെ കണക്ക് അവതരിപ്പിച്ചത്. അന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ച സുരേഷിന് 27,000 വോട്ടുകൾ മാത്രമാണ് കിട്ടിയത്. ഇപ്പോൾ രാജേഷ് 39,000ത്തിൽ അധികം വോട്ടും നേടി. ഈ കണ്ക്കുകൾ പറയാതെ വിവി രാജേഷിനെ കുറ്റപ്പെടുത്താനായിരുന്നു സുരേഷിന്റെ ശ്രമം. ഇതിനെയാണ് രാജേഷ് ഉപതെരഞ്ഞെടുപ്പും അതിന് ശേഷം നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പും എടുത്തിട്ട് നേരിട്ടത്. ഇതോടെ ചർച്ച കൈവിട്ടു പോകുന്ന അവസ്ഥയായി. കോർ കമ്മറ്റി വിളിക്കാൻ സുരേന്ദ്രൻ നിർദ്ദേശിക്കുകയും ചെയ്തു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാലിലൂടെ സംസ്ഥാനത്ത് ആദ്യമായി താമര വിരിഞ്ഞ നേമത്ത് ഇത്തവണ ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. കുമ്മനം രാജശേഖരനിലൂടെ മണ്ഡലം തിരിച്ച് പിടിക്കാൻ കഴിയുമെന്ന വിശ്വാസത്തിലിറങ്ങിയ ബിജെപിയുടെ നീക്കങ്ങൾ പാളി. 55837 വോട്ടുകളുമായി ഇടതുമുന്നണി സ്ഥാനാർത്ഥി വി ശിവൻകുട്ടി വിജയിച്ചു. 51888 വോട്ടുകൾ നേടി കുമ്മനം രണ്ടാമത് എത്തുകയും ചെയ്തു. വിജയമുറപ്പെന്ന് വ്യക്തമാക്കി കോൺഗ്രസ് രംഗത്തിറക്കിയ കെ മുരളീധരൻ ഒരിക്കൽ പോലും ഇരു സ്ഥാനാർത്ഥികൾക്കും വെല്ലുവിളിയായില്ല. യുഡിഎഫ് വോട്ടുകൾ ധാരാളമുള്ള മണ്ഡലത്തിൽ 36524 വോട്ടുകൾ മാത്രമാണ് മുരളീധരന് നേടാനായത്.
മണ്ഡലം നിലനിർത്തണമെന്ന ലക്ഷ്യത്തോടെയാണ് നേമത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാൻ ബിജെപി തയ്യാറായത്. ഒ രാജഗോപാലിന് ലഭിച്ച വോട്ടുകൾ ഇത്തവണയും അനുകൂലമാകുമെന്ന് വിശ്വസിക്കുകയും ചെയ്തു. എന്നാൽ സ്വന്തം വോട്ടുകളിലടക്കം കുറവ് സംഭവിച്ചു എന്നാണ് ബിജെപി വിലയിരുത്തുന്നത്. നേമം നഷ്ടമാകാൻ പ്രധാന കാരണം മുസ്ലിം വോട്ടുകളുടെ ഏകീകരണമാണെന്ന് ബിജെപി വിലയിരുത്തുന്നു. ഇതിനൊപ്പം ബിജെപിക്ക് ലഭിക്കേണ്ട നായർ സമുദായത്തിൽ നിന്നുള്ള വോട്ടുകൾ യുഡിഎഫിലേക്ക് പോയി.
തിരുവനന്തപുരം ജില്ലയിലെ സ്വാധീന മേഖലയിടക്കം വോട്ടുകൾ കുറഞ്ഞെന്ന് ബിജെപി വിലയിരുത്തി. ജില്ലയിലെ നേമം, തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടമടക്കമുള്ള പ്രധാന മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞു. സ്വാധീന മേഖലയിലടക്കമുള്ള ബൂത്തുകളിൽ മുൻപ് ഉണ്ടായിരുന്ന വോട്ടുകളിൽ വലിയ കുറവ് സംഭവിച്ചു. പല ബൂത്തുകളിലും 25 മുതൽ 100 വോട്ടുകൾ വരെ കുറഞ്ഞു. നേതാക്കൾക്കിടെയിലെ തർക്കവും സ്ഥാനാർത്ഥി നിർണയം വൈകിയതും തിരിച്ചടിയായി തീർന്നുവെന്നും സംസ്ഥാന നേതൃത്വം നടത്തിയ ജില്ലാതല അവലോകനത്തിൽ വിലയിരുത്തലുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ