തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദം പുകയുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു പരിപാടിയിൽ മന്ത്രിക്ക് പോകാതിരിക്കാം, അവരുടെ ക്ഷണം നിരസിക്കാം, അവരോട് നിസ്സഹകരിക്കാം. അതിലൊന്നും ആരും എതിരു പറയില്ല. മന്ത്രി ഒരു ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കണമെന്ന് ആരും വാശി പിടിക്കില്ലെന്നായിരുന്നു ബ്രിട്ടാസിന്റെ നിലപാട്. ഈ വിമർശനം ഉന്നയിച്ച ബ്രിട്ടാസിനെതിരെ അതിശക്തമായി രംഗത്ത് വരികയാണ് ബിജെപി.

മുഖ്യമന്ത്രിയെന്ന നിലയിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ 'വലത് മാധ്യമങ്ങൾ ' എന്ന് പേരിട്ട് ചില മാധ്യമങ്ങളെ പിണറായി വിജയൻ അധിക്ഷേപിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണോ ? എന്ന ചോദ്യം ജോൺബ്രിട്ടാസിനോട് തിരിച്ചുന്നയിക്കുകയാണ് ബിജെപി. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ വിവി രാജേഷാണ് വിശദമായ പോസ്റ്റുമായി കൈരളി ടിവിയുടെ എംഡിയെ കടന്നാക്രമിക്കുന്നത്. കേന്ദ്രമന്ത്രി ശ്രീ വി.മുരളീധരനെ നീണ്ടകാലത്തെ മാധ്യമപ്രവർത്തന അനുഭവംവച്ച് താങ്കൾ ചില കാര്യങ്ങൾ പഠിപ്പിച്ചതായി കണ്ടു... മാധ്യമ ഉപദേഷ്ടാവെന്ന നിലയിലുള്ള താങ്കളുടെ അനുഭവ പരിചയം വച്ച് ചില സംശയങ്ങൾ ഉന്നയിക്കുകയാണ്... എന്ന ആമുഖവുമായാണ് രാജേഷിന്റെ ചോദ്യങ്ങൾ.

മുഖ്യമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് വിളിച്ച പ്രധാനപ്പെട്ട ഒരു യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കടക്കുപുറത്ത് എന്നാക്രോശിച്ച് ആട്ടിപ്പുറത്താക്കിയ പിണറായി വിജയന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമായിരുന്നോ ? സ്‌നേഹമോ വിദ്വേഷമോ കൂടാതെ ചുമതല നിറവേറ്റണം അന്ന് പിണറായിയെ താങ്കൾ ഓർമിപ്പിച്ചിരുന്നോ ?-ഇതാണ് വിവി രാജേഷ് ഉയർത്തുന്ന ചോദ്യം. ഏഷ്യാനെറ്റ് ന്യൂസിനെ കേന്ദ്രമന്ത്രി ബഹിഷ്‌കരിച്ചത് രാഷ്ട്രീയ ചർച്ചയാക്കാൻ സിപിഎം ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിരുന്നു ജോൺ ബ്രിട്ടാസിന്റെ പോസ്റ്റ്. ഇത് തിരിച്ചറിഞ്ഞാണ് ബിജെപിയും മറു ചോദ്യവുമായി എത്തുന്നത്.

വിവി രാജേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ശ്രീ ജോൺ ബ്രിട്ടാസിന്,

കേന്ദ്രമന്ത്രി ശ്രീ വി.മുരളീധരനെ നീണ്ടകാലത്തെ മാധ്യമപ്രവർത്തന അനുഭവംവച്ച് താങ്കൾ ചില കാര്യങ്ങൾ പഠിപ്പിച്ചതായി കണ്ടു... മാധ്യമ ഉപദേഷ്ടാവെന്ന നിലയിലുള്ള താങ്കളുടെ അനുഭവ പരിചയം വച്ച് ചില സംശയങ്ങൾ ഉന്നയിക്കുകയാണ്...

മുഖ്യമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് വിളിച്ച പ്രധാനപ്പെട്ട ഒരു യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കടക്കുപുറത്ത് എന്നാക്രോശിച്ച് ആട്ടിപ്പുറത്താക്കിയ പിണറായി വിജയന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമായിരുന്നോ ?

സ്‌നേഹമോ വിദ്വേഷമോ കൂടാതെ ചുമതല നിറവേറ്റണം അന്ന് പിണറായിയെ താങ്കൾ ഓർമിപ്പിച്ചിരുന്നോ ?

കാഞ്ഞങ്ങാട് പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷവേദിയിൽ നിന്ന് പിണറായി വിജയൻ തന്നെ മാധ്യമപ്രവർത്തകരെ പുറത്താക്കിയത് അത് അദ്ദേഹത്തിന്റെ ജന്മദിനാഘോഷമായതിനാലാണോ?

...സർക്കാർ പണം ചെലവിട്ട് നടത്തുന്ന പരിപാടിയിൽ നിന്ന് മാധ്യമപ്രവർത്തകരെ പുറത്താക്കാമോയെന്ന് ഉപദേശകൻ എന്ന നിലയിൽ താങ്കൾ ചോദിച്ചിരുന്നോ ?

എറണാകുളം ഗസ്റ്റ് ഹൗസിൽ കാത്തു നിന്ന മാധ്യമപ്രവർത്തകരെ ആട്ടിപ്പായിച്ചത് ഗസ്റ്റ് ഹൗസ് പിണറായി വിജയന്റെ തറവാട്ടുസ്വത്തായതിനാലായിരുന്നോ, അത് തറുതല രീതിയായിരുന്നോ ?

മുഖ്യമന്ത്രിയെന്ന നിലയിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ 'വലത് മാധ്യമങ്ങൾ ' എന്ന് പേരിട്ട് ചില മാധ്യമങ്ങളെ പിണറായി വിജയൻ അധിക്ഷേപിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണോ ?

നിശ്ചയിച്ച സമയം കഴിഞ്ഞാൽ ഒരു മിനിറ്റുപോലും മാധ്യമപ്രവർത്തകരോട് ഉത്തരം പറയില്ല എന്ന് പിണറായി ശഠിക്കുന്നത് തികഞ്ഞ ജനാധിപത്യ ബോധ്യത്തിലൂന്നിയുള്ളതാണോ ?

ഇതെല്ലാം പോകട്ടെ, ബഹിഷ്‌ക്കരണമെന്ന മഹാപാതകത്തെക്കുറിച്ച് താങ്കൾ പറഞ്ഞല്ലോ, ഇപ്പോൾ ഞങ്ങൾ നിസ്സഹകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ഏതാനും മാസങ്ങൾക്ക് മുമ്പല്ലേ താങ്കളുടെ പാർട്ടിയായ സിപിഎം ബഹിഷ്‌ക്കരിച്ചത്.....?

സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌കരണം തികഞ്ഞ ജനാധിപത്യബോധ്യത്തിന്റെ പ്രകടനമായിരുന്നോ ?

സിപിഎമ്മുകാരെല്ലാം കൊല്ലപ്പെടേണ്ടവരാണെന്ന് പറഞ്ഞതിനാണോ ഏഷ്യാനെറ്റിനെ ബഹിഷ്‌ക്കരിച്ചത് ?

അഡ്വ.ജയശങ്കറും, കെ.എം ഷാജഹാനും ജോസഫ് സി മാത്യുവുടമക്കം നിങ്ങൾക്ക് അപ്രിയ നിലപാടുകൾ എടുക്കുന്ന വ്യക്തികളെ സിപിഎമ്മുകാർ ചാനൽ ചർച്ചകളിൽ ബഹിഷ്‌ക്കരിക്കുന്നില്ലേ ?
അധികാരമദം പൊട്ടിയിട്ടാണോ അഡ്വ.ജയശങ്കർ പങ്കെടുത്ത ചർച്ചയിൽ നിന്ന് എ.എൻ ഷംസീർ എംഎൽഎ ഇറങ്ങിപ്പോയത് ?

വനിതാമാധ്യമപ്രവർത്തകരടക്കം സർക്കാരിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയടക്കം സമൂഹമാധ്യമങ്ങളിലൂട അധിഷേപിച്ചത് ശരിയായില്ല എന്ന് ബ്രിട്ടാസ് ഉപദേശിച്ചിരുന്നോ ?

എന്തിനേറെ, മാധ്യമസ്വാതന്ത്ര്യത്തെയാകെ അടിച്ചമർത്തുന്ന 118 എ എന്ന കരിനിയമം നടപ്പാക്കാനിറങ്ങിയ സർക്കാരിന്റെ ഉപദേശകനായിരുന്ന മാധ്യമപ്രവർത്തകനല്ലേ താങ്കൾ?

മുരളീധരനെ ജനാധിപത്യം പഠിപ്പിക്കാനിറങ്ങുന്ന താങ്കളോട് ചോദിക്കാനുള്ളത് ശങ്കരാടിയുടെ ഡയലോഗാണ്,....ലേശം ഉളുപ്പ്....?

ഏതായാലും മാധ്യമപ്രവർത്തകൻ മാത്രമായിരുന്ന ( ശമ്പളം പറ്റാത്ത ഉപദേശകനും) ജോൺ ബ്രിട്ടാസിന് എങ്ങനെയാണ് മരടിലും മയൂർവിഹാറിലും ( ഡൽഹി)കണ്ണൂരിലും കവടിയാറിലും പേരൂർക്കടയിലുമെല്ലാം സ്വന്തമായി വസ്തുവകകളും ലക്ഷങ്ങളുടെ ബാങ്ക് ബാലൻസും ഉണ്ടായതെന്നും ( നാമനിർദ്ദേശപത്രികയിൽ കണ്ടത്) ഞങ്ങൾ ചോദിക്കുന്നില്ല. അതെല്ലാം ജനാധിപത്യത്തിൽ ഊന്നിയുള്ള മാധ്യമപ്രവർത്തനത്തിലൂടെ സമ്പാദിച്ചതാണോ 'പച്ചക്കറി മൽസ്യ മൊത്ത വ്യാപാരത്തിലൂടെ ' ഉണ്ടാക്കിയതാണോ എന്നതൊന്നും തൽക്കാലം ഞങ്ങൾക്ക് വിഷയമല്ല.