- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വാഷിങ്ടൻ സുന്ദറും ഋഷഭ് പന്തും ബാറ്റു ചെയ്യുമ്പോൾ ഞാൻ സമ്മർദത്തിലായിരുന്നു';'ബിസ്ബെയ്ൻ ടെസ്റ്റിൽ ഇന്ത്യയുടെ വിജയം കണ്ട് കരഞ്ഞുപോയി'; യുവ ഇന്ത്യൻ താരങ്ങളുടെ നേട്ടത്തെ വാക്കുകൾകൊണ്ടു വിവരിക്കാനാവില്ല; ഓസ്ട്രേലിയക്കെതിരായ പരമ്പര നേട്ടം അഭിമാനകരമെന്നും വി വി എസ് ലക്ഷ്മൺ
ന്യൂഡൽഹി: ഓസ്‌ട്രേലയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2 -1 ന് സ്വന്തമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യൻ യുവനിരയെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവി എസ് ലക്ഷ്മൺ. ബ്രിസ്‌ബെയ്‌നിൽ തുടർച്ചയായി 32 വർഷം വിജയം മാത്രം രുചിച്ച ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച ഇന്ത്യൻ യുവനിരയുടെ പ്രകടനം ഏറെ വൈകാരികമായാണ് കണ്ടതെന്നും ഇന്ത്യയുടെ വിജയം കണ്ട് കരഞ്ഞുപോയെന്നുമാണ് വി.വി എസ്. ലക്ഷ്മൺ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചത്.
അഡ്‌ലെയ്ഡിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ ശേഷം മെൽബണിൽ തകർപ്പൻ ജയത്തോടെ ഒപ്പമെത്തിയ ടീം ഇന്ത്യ സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ സമനില പൊരുതി നേടിയിരുന്നു. ബ്രിസ്‌ബെയ്ൻ നടന്ന നിർണായകമായ നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ കീഴടക്കിയാണ് ഇന്ത്യൻ നിര പരമ്പര നേട്ടം ആഘോഷിച്ചത്.
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായി 2021 ജനുവരി 19 മാറി. ബാറ്റിങ്ങിൽ വിരാട് കോലി, രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി തുടങ്ങിയവർ ഇല്ലാതെയാണ് ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ ഇന്ത്യ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചത്.
ഓപ്പണർ ശുഭ്മാൻ ഗിൽ (91), ചേതേശ്വർ പൂജാര (56), വാഷിങ്ടൻ സുന്ദർ (22), ഋഷഭ് പന്ത് (89) എന്നിവർ അവസരം മുതലെടുത്ത് ഇന്ത്യയുടെ വിജയത്തിനു വഴിയൊരുക്കി. മൂന്ന് വിക്കറ്റ് വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തി. ഇന്ത്യൻ ആരാധകർക്കൊപ്പം മുൻ ക്രിക്കറ്റ് താരങ്ങളും ആഘോഷമാക്കിയ മത്സരമായിരുന്നു ഇത്. 'ഞാൻ വളരെ വൈകാരികമായാണ് ഈ മത്സരത്തെ കണ്ടത്. അതിൽ സംശയമൊന്നുമില്ല'- ലക്ഷ്മൺ പ്രതികരിച്ചു.
'കുടുംബത്തോടൊപ്പമിരുന്നാണ് അവസാന ദിവസത്തെ ഇന്ത്യയുടെ പ്രകടനം കണ്ടത്. വാഷിങ്ടൻ സുന്ദറും ഋഷഭ് പന്തും ബാറ്റു ചെയ്യുമ്പോൾ ഞാൻ സമ്മർദത്തിലായിരുന്നു. കാരണം, അവർ നന്നായി കളിച്ചില്ലെങ്കിൽ പിന്നീട് നിയന്ത്രണം ലഭിക്കില്ല. ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപിച്ചു പരമ്പര സ്വന്തമാക്കണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു. ഏറെക്കാലമായി ഓസീസ് തോൽവി അറിഞ്ഞിട്ടില്ലാത്ത ബ്രിസ്‌ബെയ്‌നിൽ കളിക്കാൻ ഇന്ത്യയ്ക്കു ഭയമാണെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്' ലക്ഷ്മൺ പറയുന്നു.
ഒരു ക്രിക്കറ്റ് മത്സരം കണ്ടിട്ട് ഇതു രണ്ടാം തവണയാണു താൻ കരയുന്നതെന്നും ലക്ഷ്മൺ വെളിപ്പെടുത്തി. 2011 ൽ ഇന്ത്യ ഏകദിന ലോകകപ്പ് വിജയിച്ചപ്പോഴാണ് ആദ്യം കരഞ്ഞത്. കാരണം ലോകകപ്പ് ജയിക്കുന്ന ടീമിന്റെ ഭാഗമാകുകയെന്നത് എന്റെ ആഗ്രഹമായിരുന്നു. ലോകകപ്പ് നേടിയ ടീമിലെ താരങ്ങളുമായി എനിക്കു വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ എനിക്ക് ഓസ്‌ട്രേലിയയിൽ ഓസീസ് ടീമിനെ തോൽപിക്കാൻ സാധിച്ചിട്ടില്ല.
യുവ ഇന്ത്യൻ താരങ്ങൾ അതു ചെയ്തതിൽ എനിക്ക് അഭിമാനമുണ്ട്. ഈ നേട്ടത്തെ വാക്കുകൾകൊണ്ടു വിവരിക്കാനാകില്ല. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. രാജ്യത്തിനാകെയുള്ള നേട്ടമായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയമെന്നും ലക്ഷ്മൺ പറഞ്ഞു. ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.
സ്പോർട്സ് ഡെസ്ക്