വിയന്ന: ചെലവു കുറഞ്ഞ രീതിയിൽ നിർമ്മിച്ചെടുത്ത പോർട്ടബിൾ വാട്ടർ ഫിൽട്ടർ ഉപകരണത്തിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. മലിനമായ വെള്ളത്തെ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കുന്ന ഈ കുഞ്ഞൻ വാട്ടർ ഫിൽട്ടർ പ്രവർത്തിക്കുന്ന സോളാർ പവർ ഉപയോഗിച്ചാണ്.

വാഡി എന്നു പേരിട്ടിരിക്കുന്ന ഈ ഫിൽട്ടർ വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെലിയോസ് സ്റ്റാർട്ടപ്പ് ആണ് നിർമ്മിച്ചിരിക്കുന്നത്. സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ച് വെള്ളം എത്രത്തോളം മലിനപ്പെട്ടിരിക്കുന്നു എന്നു കണ്ടെത്തുന്നതിനും സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ തന്നെ വെള്ളം ശുദ്ധീകരിക്കാനും സഹായിക്കുന്നു. വെള്ളം കുടിക്കാൻ യോഗ്യമായിക്കഴിഞ്ഞാലുടൻ തന്നെ ഫിൽട്ടറിലെ സ്‌മൈലിയുടെ സഹായത്തോടെ മനസിലാക്കി തരും. ലോകാരോഗ്യ സംഘടനയുടെ മൈക്രോ ബയോളജിക്കൽ മാനദണ്ഡം കൃത്യമായി പാലിച്ചാണ് ഈ ഫിൽട്ടർ നിർമ്മിച്ചിരിക്കുന്നത്.

ഒരു ഉപകരണം ഒരോ സമയത്ത് പല ബോട്ടിലുകളിലെ വെള്ളം ശുചീകരിക്കുമെന്നും പലർക്കും ഒരേ സമയം ഉപയോഗപ്പെടുത്താമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്. വെനിസ്വേലയിൽ യാത്ര ചെയ്യവേ മലിന ജലം കുടിച്ച് കോളറ പിടിപെട്ട  മാർട്ടിൻ വെസ്‌നിയൻ എന്ന വ്യക്തിയാണ് ഈ കുഞ്ഞൻ ഫിൽട്ടറിന്റെ ഉപജ്ഞാതാവ്. തിരിച്ച് നാട്ടിലെത്തിയ വെസ്‌നിയൻ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. വെള്ളവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ഒരു പരിഹാരമെന്ന നിലയിലാണ് വാഡി കണ്ടുപിടിച്ചിരിക്കുന്നത്.

അപ്പർ ഓസ്ട്രിയയിൽ നിർമ്മിക്കുന്ന വാഡി ഉപകരണം യൂറോപ്പിൽ 30 യൂറോയ്ക്കാണ് വിൽക്കുന്നത്. എന്നാൽ സന്നദ്ധ സംഘടനകൾക്ക് 10 യൂറോ അല്ലെങ്കിൽ 15 യൂറോയ്ക്ക് ഉപകരണം ലഭ്യമാണ്. ഇന്ത്യ, ഫിലിപ്പീൻസ്, കെനിയ, ഉഗാണ്ട, എത്യോപ്യ, ഘാന, മാലി എന്നിവിടങ്ങളിൽ പതിനായിരത്തിലധികം വാഡി ഉപകരണം ഉപയോഗത്തിലുണ്ടെന്നും റിപ്പോർട്ടുണ്ട്.