ഇടുക്കി: വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ഡി ജെ പാർട്ടിക്കായി ലഹരിവസ്തുക്കൾ എത്തിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാളെ മുതലുള്ള അന്വേഷണം നിർണ്ണായകം. അറസ്റ്റിലായതിനെ തുടർന്ന് റിമാന്റ് ചെയ്യപ്പെട്ടിരുന്ന ബ്രിസ്റ്റി ഒഴികെയുള്ള 8 യുവാക്കളെയും പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. 9 ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത

ലഹരിവസ്തുക്കൾ എവിടെ നിന്നും സംഘടിപ്പിച്ചു, ആരെല്ലാം ചേർന്നാണ് റിസോർട്ടിൽ ഇവ എത്തിച്ചത്, പ്രാദേശികമായി ആരുടെയെങ്കിലും സഹായം ഇവർക്ക് ലഭിച്ചിരുന്നോ,സമാനമായി എവിടെയെങ്കിലും ഇവർ ലഹരിപാർട്ടി നടത്തിയോ തുടങ്ങി സംഭവവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും വ്യക്തത വരുത്തുന്നതിനാണ്് അന്വേഷണ സംഘം ലക്ഷ്യമിട്ടിട്ടുള്ളത്.

ഇടുക്കി എസ് പി കറുപ്പുസ്വാമിയാണ് കേസന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്. വിവിധ ഇനത്തിൽ പെട്ടതും കോടിക്കുമുകളിൽ വിലവരുന്നതുമായ ലഹരിവസ്തുക്കളാണ് റിസോർട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. ഇവ ഗൾഫിൽ നിന്നും കൊണ്ടുവന്നതാണെന്ന് അറസ്റ്റിലായവരിൽ ചിലർ പൊലീസിനെ അറിയിച്ചതായിട്ടാണ് സൂചന. ഇക്കാര്യം സ്ഥിരീകരിച്ചാൽ സംഭവത്തിന് രാജ്യാന്തരബന്ധവുമാവും. ഇതോടെ അന്വേഷണത്തിന് മറ്റ് ഏജൻസികൾ കൂടി എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

റിസോർട്ട് ഉടമ ഷാജി കുറ്റിക്കാടന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ലന്നാണ് അറിയുന്നത്. റിസോർട്ടിൽ മുറി ബുക്കുചെയ്തിരുന്നെന്നും ലഹരിവസ്തുക്കൾ എത്തിച്ചിരുന്ന കാര്യം താൻ അറിഞ്ഞില്ലെന്നുമാണ് ഷാജി പൊലീസിൽ നൽകിയിട്ടുള്ള മൊഴി. ഇലക്ട്രോണഇക്- ഡിജിറ്റർ തെളിവുകൾ കൂടി വിലയിരുത്തിയ ശേഷംമാത്രമാവും പൊലീസ് ഇക്കാര്യത്തിൽ ഒരു നിഗമനത്തിലെത്തുക എന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 60-ളം പേർ റിസോർട്ടിൽ ഒത്തുകൂടിയെന്നാണ് പൊലീസ് കണ്ടെത്തൽ.മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന ബ്രിസ്റ്റി വിശ്വാസ് അടക്കം 9 പേരിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം റിസോർട്ടിൽ റെയ്ഡിനെത്തിയത്.

തൊടുപുഴ മങ്ങാട്ട്കവല മുണ്ടയ്ക്കൽ വീട്ടിൽ അജ്മൽ സക്കീർ(30)മലപ്പുറം തിരൂരങ്ങാടി പള്ളിക്കൽ കോരംവിളാക്കൽ വീട്ടിൽ മെഹർ ഷെറീം കെ(26), മലപ്പുറം പൊന്നാനി എടപ്പാൾ അംശകച്ചേരിഭാഗം കല്ലുങ്കൽ വീട്ടിൽ നബീൽ(36),കോഴിക്കോട് കൊമ്മേരി മുക്കണ്ണിത്താഴം ഭാഗത്ത് പോലയക്കോട് വീട്ടിൽ അജയൻ(41),കോഴിക്കോട് ഫറോക്ക് പെരുമുഖം ഭാഗത്ത് മിഹ്റാജ് മൻസിലിൽ സൽമാൻ (38),കോഴിക്കോട് രാമനാട്ടുകര ഫറൂക്ക് കോളേജ് കോടംമ്പുഴ കെ എൻ എച്ച്് വീട്ടിൽ ഷൗക്കത്ത്(36), തൃശൂർ പൂവത്തൂർ പാംപൂവത്തൂർ ഭാഗത്ത് അമ്പലത്ത് വീട്ടിൽ നിഷാദ് (36),കാസർഗോഡ് ഹോസ്ദൂർഗ് പടുതക്കാട് ഭാഗത്ത് ഫാത്തിമ മൻസിലിൽ മുഹമ്മദ് റഷീദ്(31 ),എറണാകുളം തൃപ്പൂണിത്തുറ തെക്കുംഭാഗം ആകാശ്നിവാസിൽ ബ്രിസ്റ്റി (23) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

ബ്രിസ്റ്റിക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടോ,ഇവർ മയക്കുമരുന്നുകൾ ആർക്കെങ്കിലും വിതരണം ചെയ്തോതുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും സ്ഥിരീകരണമായിട്ടില്ല.വാഹനങ്ങളിൽ നിന്നും കൈവശത്തുനിന്നും ലഹരിവസ്തുക്കൾ കണ്ടെടുത്തതിന്റെ പേരിലാണ് 9 പേരെ അറസ്റ്റുചെയ്തിട്ടുള്ളതെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.

.വാഗമണ്ണിലെ റിസോർട്ടിൽ മയക്കുമരുന്നെത്തിച്ച സംഭവത്തിൽ അറസ്റ്റിലായ സംഘം മുമ്പ് പാലക്കാടും ഇത്തരത്തിൽ ഡി ജെ പാർട്ടി നടത്തിയതായി പൊലീസിൽ വെളിപ്പെടുത്തിയതായുള്ള സൂചനകളും പൂറത്തുവന്നിരുന്നു.