ദോഹ: ഏഴു മാസം മുമ്പ് നടപ്പാക്കിയ വേതന സംരക്ഷ സംവിധാനം വിജയകരമായി മുന്നോട്ടു പോകുന്നുണ്ടെന്നും രാജ്യത്ത് പതിനഞ്ചു ലക്ഷം മുതൽ 17 ലക്ഷം വരെ തൊഴിലാളികൾ ഇതിനു കീഴിലുണ്ടെന്നും തൊഴിൽ മന്ത്രി ഡോ.ഇസ സാദ് അൾ ജുഫാലി അൽ നുയാമി പറഞ്ഞു. പുതിയ സംവിധാനപ്രകാരം കമ്പനികൾ തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ നിക്ഷേപിക്കണം. ഈ സംവിധാനം നിലവിൽ വളരെ വിജയകരമായ നടക്കുന്നുണ്ടെന്നും മന്ത്രി ഉറപ്പുവരുത്തി. ഖത്തർ ചേംബറിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം നവംബർ രണ്ടിനാണ് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം രാജ്യത്ത് നടപ്പാക്കാൻ തുടങ്ങിയത്. പദ്ധതി ഏഴു മാസം പിന്നിടുമ്പോഴും കമ്പനികളിൽ നിന്ന് മെച്ചപ്പെട്ട സഹകരണം ലഭിക്കുന്നുണ്ടെന്നും പദ്ധതി വിജയകരമാകാൻ കമ്പനികളുടെ ഭാഗത്തുനിന്നുള്ള സഹകരണമാണ് പ്രധാന കാരണമെന്നും മന്ത്രി വിലയിരുത്തി.

തൊഴിൽ കരാറുകളിലെ ചില പ്രശ്നങ്ങളും ഭവന, സ്പോൺസർഷിപ്പ് മാറ്റം, തൊഴിലാളികളുടെ ഒളിച്ചോട്ടം തുടങ്ങിയവയെക്കുറിച്ചും കമ്പനികൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഒരു തൊഴിൽ കോടതി സ്ഥാപിക്കണമെന്ന ആവശ്യവും കമ്പനികൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. ഇവിടെ വിവിധ തൊഴിലാളി- തൊഴിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാമെന്നും ഇവർ ചൂണ്ടിക്കാട്ടി. ഇക്കൊല്ലം തന്നെ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിലാകുമെന്ന് അൽ നുയാമി ഉറപ്പ് നൽകി. പുതിയ നിയമം തൊഴിലാളികളും കമ്പനിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ നിയമം നിലവിൽ വരുന്നതോടെ സ്പോൺസർഷിപ്പ് ഇല്ലാതാകും.