സ്ലാമിക ഖിലാഫത്തിനെതിരെ കലാപം നടത്തി വഹാബികൾ ഹിജാസ് കീഴടക്കിയ കാലം. രക്തദാഹിയായ ഇബ്‌നു സഊദ് ആണ് ഭരണാധികാരി. അക്കാലത്ത് ലോകത്തെ ശ്രദ്ധേയമായ മുന്നേറ്റങ്ങളായിരുന്നു, ഗതാഗതത്തിനു മോട്ടോർ വാഹനങ്ങളും കമ്യൂണിക്കേഷനു കമ്പിയില്ലാ കമ്പിയും. എല്ലാ രാജ്യങ്ങളിലും അവ വ്യാപകമായപ്പോൾ സുഊദിയും ശ്രമിച്ചു. പക്ഷേ, ഭരണത്തിന്റെ താങ്ങായിരുന്ന വഹാബി പുരോഹിതന്മാർ കടുത്ത എതിർപ്പുമായി രംഗത്തെത്തി.

മോട്ടോർ വാഹനങ്ങളും കമ്പിയില്ലാ കമ്പിയും നബിയുടെയും സ്വഹാബത്തിന്റെയും കാലത്തില്ലാത്ത ബിദ്അത്താണെന്നും ബിദ്അത്തുകളെല്ലാം നരകത്തിലേക്കു നയിക്കുമെന്നും അവർ വീറോടെ വാദിച്ചു. വഹാബിസത്തിന്റെ ഈ വാദമുഖങ്ങൾക്കു മുന്നിൽ ഭരണ രഥമുരുട്ടാൻ വല്ലാതെ പ്രയാസപ്പെട്ട ഇബ്‌നു സുഊദിന്റെ ദയനീയത കേരളത്തിന്റെ മുജാഹിദ് ചരിത്രകാരൻ കുട്ടശ്ശേരി മൗലവി 'ഇസ്ലാം ചരിത്രപാത'യിൽ പറയുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ മദീനയിലും മറ്റുമുണ്ടായിരുന്ന റെയിൽവെ, ബിദ്അത്താണെന്നു പറത്തു, അതു തകർത്തു അതു കൊണ്ടു വാളുകളുണ്ടാക്കി മുസ്ലിം ലോകത്തിനെതിരെ യുദ്ധം ചെയ്തവരാണ് വഹാബികൾ എന്നത് മറ്റൊരു ചരിത്രം. ഒരു നൂറ്റാണ്ടോളം അടുത്തിട്ടും ഇപ്പോഴും ആ റെയിൽവേ പുനർനിർമ്മിക്കാൻ സഊദിക്കായിട്ടില്ലെന്നത് അതിന്റെ ബാക്കി.

ഏതായാലും മോട്ടാർ വാഹനങ്ങളും കമ്പിയില്ലാകമ്പിയും റെയിൽവെയും നബി ചെയ്യാത്തതു കൊണ്ട് ബിദ്അത്തും നരകവഴിയും ആണെന്നു പറഞ്ഞ വഹാബിസം ഉണ്ടല്ലോ, അവർ തന്നെയാണ് ഇപ്പോൾ (കേരളത്തിലടക്കം) പ്രവാചകൻ ചെയ്ത ആടുമെയ്‌ക്കൽ മാത്രമാണ് സുന്നത്തെന്നും ബാക്കി തൊഴിലുകളെല്ലാം ബിദ്അത്താണെന്നും വാദിക്കുന്നത്. നബിയുടെ കാലത്ത് സംഘടനയില്ലാത്തതു കൊണ്ട് പ്രസിഡണ്ടും സെക്രട്ടറിയുമുള്ള സംഘടനകൾ അനിസ്ലാമികമാണെന്നു പറയുന്നത്. നബിയുടെ കാലത്ത് ഇല്ലാത്തതുകൊണ്ട് വാക്‌സിനേഷൻ ശിർക്കാണെന്നു പച്ച മലയാളത്തിൽ പ്രസംഗിക്കുന്നത്. അവർ തന്നെയാണ് ഇന്നു കാണുന്ന വിധം നബിദിനാഘോഷം നബിയുടെ കാലത്ത് ഇല്ലാത്തതു കൊണ്ട് അത് ബിദ്അത്തും അനിസ്ലാമികരമാണെന്നു വാദിക്കുന്നതും.