കാറിൽ നിന്നും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും ബിച്ചുകളിൽ മാലിന്യം ഇടുന്നവർക്കെതിരെയും യുഎഇയിൽ കർശന നടപടി വരുന്നു.രാജ്യത്തിന്റെ പൊതു ഇടങ്ങളുടെ സൗന്ദര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരെയാണ് രാജ്യം കർശന നടപടി സ്വീകരിക്കുക. പൊതു നിരത്തുകളിലും പാർക്കുകളിലും കടൽ തീരങ്ങളിലും അടക്കം മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴ ചുമത്തൽ അടക്കം നടപടിയുണ്ടാകും.

ഏഴ് എമിറേറ്റുകളിലും പരിശോധന നടത്തുകയും നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. ഏഴ് എമിറേറ്റുകളിലെയും മുനിസിപ്പൽ ഇൻസ്‌പെക്ടർമാർ മാലിന്യം വലിച്ചെറിയുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽതീരങ്ങളുടെയും പാർക്കു കളുടെയും സൗന്ദര്യം ഇല്ലാതാക്കുന്നതിനൊപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മാലിന്യം വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ചപ്പുചവറുകൾ വലിച്ചെറിയുന്നതും ശരിയായ രീതിയിൽ അല്ലാതെ ഉപേക്ഷിക്കുകയും ചെയ്യുന്നതിന് 200 ദിർഹം മുതൽ 5000 ദിർഹം വരെ പിഴ ശിക്ഷ ലഭിക്കും.

അബൂദബിയിലും പാർക്കുകളുടെയും തീരങ്ങളുടെയും സൗന്ദര്യവത്കരണം ഉറപ്പു വരുത്തുന്നതിനും ചപ്പുചവറുകൾ വലിച്ചെറിയുന്നതിനും എതിരെ ശക്തമായ നടപടികളുണ്ടായിട്ടുണ്ട്. സാമൂഹിക ഉത്തരവാദിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 'മൈ പാർക്ക്' എന്ന പേരിൽ മുനിസിപ്പാലിറ്റി ബോധവത്കരണ പരിപാടി നടത്തിയിരുന്നു. വടക്കൻ എമിറേറ്റുകളിലും സമാന രീതിയിൽ ബോധവത്കരണ പരിപാടികൾ നടക്കുന്നുണ്ട്.

റാസൽഖൈമയിൽ ചപ്പുചവറുകൾ വലിച്ചെറിയുന്നവർക്ക് വൻ തുക പിഴയും തടവും അടക്കം ശിക്ഷയാണ് ലഭിക്കുക. ഷാർജയിൽ റോഡിൽ തുപ്പുന്നവർക്കും മാലിന്യം വലിച്ചെറിയുന്ന വർക്കുമെതിരെ കർശന നടപടിയാണ് കൈക്കൊള്ളുന്നത്. വാഹനങ്ങളിൽ നിന്ന് റോഡിലേക്ക് ചപ്പുചവറുകൾ ഇടുന്നവർക്കും തുപ്പുന്നവർക്കും 500 ദിർഹം പിഴ ലഭിക്കും. അജ്മാനിൽ ബീച്ചുകളിലും കോർണിഷിലും മാലിന്യം ഇട്ടാൽ 10000 ദിർഹം വരെയാണ് പിഴ ലഭിക്കുക.