- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലിൽ യുവതിക്ക് ടിപ് ലഭിച്ചത് മൂന്നരലക്ഷം രൂപ; അപ്രതീക്ഷിത സന്തോഷത്തിന് ആയുസ്സുണ്ടായത് നിമിഷങ്ങൾ മാത്രം; ടിപ്പ് സ്വീകരിച്ചതിന് പിന്നാലെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു; വൈറലായി വിഡിയോ
വാഷിങ്ങ്ടൺ: ചില സന്തോഷങ്ങൾ അങ്ങിനെയാണ്.. കുറച്ച് നിമിഷത്തേക്ക് മാത്രമെ അതിന് ആയുസ്സുണ്ടാവുകയുള്ളു. അമേരിക്കയിലെ അർക്കൻസാസിൽ ഹോട്ടലിൽ വെയ്ട്രസ് ആയി ജോലി ചെയ്യുന്ന യുവതിക്ക് സംഭവിച്ചതും സമാന അനുഭവമാണ്. യാദൃച്ഛികമായാണ് വെയ്റ്ററായ യുവതിക്ക് മൂന്നു ലക്ഷത്തിലധികം രൂപ ടിപ് ലഭിച്ചത്. അർക്കൻസാസിലെ ഒരു റസ്റ്റോറന്റിൽ 40 പേർ ഭക്ഷണം കഴിക്കാൻ എത്തിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. റ്യാൻ ബൻഡിറ്റ് എന്നായിരുന്നു യുവതിയായ വെയ്റ്ററുടെ പേര്. ഭക്ഷണം കഴിച്ച് പോകുന്നതിനു മുൻപ് 40 പേരും കൂടി തങ്ങളാൽ കഴിയുന്ന തുക സ്വരൂപിച്ചു. ഓരോരുത്തരും ഏഴായിരത്തിൽ അധികം രൂപ വച്ചു പങ്കിട്ടതോടെ മൂന്നര ലക്ഷത്തോളം രൂപയായി.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതിഥിയായി എത്തിയ ഗ്രാൻഡ് വൈസ് എന്ന വ്യക്തി തങ്ങൾ സമാഹരിച്ച ടിപ് റ്യാനിനു നൽകുന്നതും സന്തോഷത്താൽ കരഞ്ഞുപോയ അവരെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. 'ലോകത്തെ സഹായിക്കണമെങ്കിൽ മടി കാണിക്കേണ്ട കാര്യമില്ല. അതിന് എന്തെല്ലാം മാർഗങ്ങളുണ്ട്. ഞങ്ങൾ ഇതാ ഇതുവരെ അറിയാത്ത ഒരു വെയ്ട്രസിനെ സഹായിച്ചിരിക്കുന്നു. നിങ്ങൾക്കും ഇതുപോലെയുള്ള പ്രവർത്തികളിലൂടെ മനുഷ്യരെ സഹായിക്കാം. സ്നേഹിക്കാം. ഇത്തരം പ്രവർത്തികളാണല്ലോ നമ്മളെ മനുഷ്യരാക്കുന്നത്'- എന്ന കുറിപ്പോടെയാണ് ഗ്രാൻഡ് വൈസ് വിഡിയോ പങ്കുവച്ചത്.
എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. റ്യാനിനെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു. വലിയ തുകയുടെ ടിപ് സ്വീകരിച്ചു എന്നതായിരുന്നില്ല അവരുടെ പേരിലുള്ള കുറ്റം. തുക മറ്റു വെയ്റ്റർമാരുമായി പങ്കുവയ്ക്കണം എന്ന ആവശ്യം നിരസിച്ചതാണ് പ്രശ്നമായത്. ഇതിനു മുമ്പ് ഒരിക്കലും ഇങ്ങനെയൊരു വ്യവസ്ഥ ഉണ്ടായിരുന്നില്ലെന്ന് റ്യാൻ പറയുന്നു. ഓരോരുത്തർക്കും ലഭിക്കുന്ന ടിപ് അവരവർക്കുള്ളതാണ്. അതൊരിക്കലും പങ്കുവയ്ക്കാറില്ല. പിന്നെ, എന്തിന് ഇപ്പോൾ പുതിയ വ്യവസ്ഥ കൊണ്ടുവരുന്നു എന്നാണവരുടെ ചോദ്യം. എന്തായാലും, ഉത്തരവ് അനുസരിക്കാത്തിതിന്റെ പേരിൽ റ്യാനിന് ജോലി നഷ്ടപ്പെട്ടു. അതോടെ അവർ കടക്കെണിയിലുമായി.
പഠിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി വലിയൊരു തുക റ്യാൻ ലോൺ എടുത്തിരുന്നു. ഹോട്ടലിലെ ജോലി കൊണ്ടാണ് ആ തുക തിരിച്ചടച്ചുകൊണ്ടിരുന്നത്. ജോലി പോയതോടെ ജീവിതം തകർന്നെന്നാണ് അവർ പറയുന്നത്. എന്നാൽ ഇക്കാര്യം അറിഞ്ഞതോടെ ഗ്രാൻഡ് വൈസിന്റെ നേതൃത്വത്തിൽ നിധി സമാഹരണം തുടങ്ങിക്കഴിഞ്ഞു. എങ്ങനെയും റ്യാനിനെ സഹായിക്കുക എന്നതാണ് അവരുടെ ദൗത്യം. വലിയൊരു തുക സമാഹരിച്ചു വെയ്ട്രസിനു കൊടുത്ത് അവരെ കടക്കെണിയിൽ നിന്നും രക്ഷപ്പെടുത്താനാണ് ഗ്രാൻഡ് വെയ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ