- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളയാർ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം; നിശാന്തിനി ഐ പി എസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും; തുടരന്വേഷണത്തിന് അനുമതി തേടി നാളെ പോക്സോ കോടതിയിൽ അപേക്ഷ നൽകും; കേസ് ഡയറി ഉൾപ്പടെ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ് പി
കൊച്ചി: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണങ്ങളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. നിശാന്തിനി ഐ പി എസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. ക്രൈംബ്രാഞ്ച് എസ് പി എ എസ് രാജു, ഡി സി പി ഹേമലത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം പോക്സോ കോടതിയിൽ അപേക്ഷ നൽകും.നാളെയാണ് സംഘം പാലക്കാട് പോക്സോ കോടതിയെ സമീപിക്കുക.
കേസ് ഡയറി ഉൾപ്പടെ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ് പി വ്യക്തമാക്കി. 2017 ജനുവരി 13നാണ് 13 വയസുകാരിയായ മൂത്ത പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 52 ദിവസത്തിന് ശേഷം മാർച്ച് നാലിന് നാലാംക്ലാസുകാരിയായ അനിയത്തിയും ഇതേരീതിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
ആദ്യ മരണത്തിന്റെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഈ പെൺകുട്ടി. രണ്ടിലും ദുരൂഹത നിറഞ്ഞുനിന്നെങ്കിലും കുട്ടികൾ ആത്മഹത്യ ചെയതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.മരിച്ച സഹോദരിമാർ രണ്ടുപേരും ലൈംഗികപീഡനത്തിന് ഇരായയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പിന്നീട് കണ്ടെത്തി. മരിച്ച മൂത്ത കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി സൂചനയുണ്ടായിട്ടും അന്വേഷണത്തിൽ വീഴ്ച വരുത്തിയ വാളയാർ എസ് ഐ പി സി ചാക്കോയെ ചുമതലയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പിന്നീടാണ് കേസ് ചുമതല നാർകോട്ടിക് സെൽ ഡി വൈ എസ് പിയായിരുന്ന എം ജെ സോജന് കൈമാറിയത്. കേസിൽ ആദ്യം നാല് പ്രതികളാണുണ്ടായിരുന്നത്. പാമ്പാംപള്ളം കല്ലങ്കാട് വി മധു, ഇടുക്കി രാജാക്കാട് നാലുതൈക്കൽ വീട്ടിൽ ഷിബു, പാമ്പാംപള്ളം കല്ലങ്കാട് എം മധു, ആലപ്പുഴ ചേർത്തല സ്വദേശി പ്രദീപ്കുമാർ എന്നിവരായിരുന്നു പ്രതികൾ. പിന്നീട് കേസിൽ ഒരു 16കാരനെ കൂടി അറസ്റ്റ് ചെയ്തു.
അതേസമയം കേസിലെ സിബിഐ അന്വേഷണം വൈകുന്ന നിലയാണ് ഉള്ളത്. സിബിഐ അന്വേഷണ വിജ്ഞാപനമിറക്കാൻ വൈകുന്ന പശ്ചാത്തലത്തിലാണ് പോക്സോ കോടതിയുടെ അനുമതി തേടുന്നത്. വാളയാർ കേസിൽ വിചാരണ കോടതിയായ പാലക്കാട് പോക്സോ കോടതിയുടെ വിധി മുൻപ് ഹൈക്കോടതി റദ്ദാക്കി. കേസിൽ പ്രാധമികാന്വേഷണം നടത്തിയ പൊലീസിനെയും പ്രോസിക്യൂട്ടർമാരെയും മുതൽ കേസ് വിധി പറഞ്ഞ പോക്സോ കോടതി ജഡ്ജിമാർക്ക് പരിശീലനം നൽകണമെന്നുവരെ ഹൈക്കോടതി വിമർശിച്ചിരുന്നു.
കേസ് തുടർവിചാരണ നടത്താനും ഉത്തരവായിരുന്നു. കേസിൽ പൊലീസിന്റെ അന്വേഷണം വിശ്വാസമില്ലാത്തതിനാൽ സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്ന് പെൺകുട്ടികളുടെ രക്ഷകർത്താക്കളും വാളയാർ സമരസമിതിയും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് സമ്മതമേകി.ഇന്ന് വാളയാറിലെ മൂത്ത പെൺകുട്ടിയുടെ നാപെൺകുട്ടിയുടെ അച്ഛനമ്മമാർ ഇന്ന് സത്യാഗ്രഹം നടത്തുകയുമാണ്. കുടുംബത്തിനൊപ്പമുണ്ടെന്ന് പറയുന്ന സർക്കാർ പക്ഷെ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സഹായിക്കുന്നെന്ന് ഇവർ അഭിപ്രായപ്പെടുന്നു. കേസ് അട്ടിമറിച്ചവർക്കെതിരെയും നടപടി വേണമെന്നാണ് പെൺകുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം. ഈ ആവശ്യവുമായി ജനുവരി 26 മുതൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും.
മറുനാടന് മലയാളി ബ്യൂറോ